• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്റ്റേഷനിലെത്തുന്നവർക്ക് ചായകൊടുത്ത പൊലീസുകാരനും സസ്പെന്‍ഷൻ; ഡെപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോങ്റെ വീണ്ടും

സ്റ്റേഷനിലെത്തുന്നവർക്ക് ചായകൊടുത്ത പൊലീസുകാരനും സസ്പെന്‍ഷൻ; ഡെപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോങ്റെ വീണ്ടും

മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയെന്നുമൊക്കെയാണ് നടപടിക്ക് വിശദീകരണം പറയുന്നത്.

  • Share this:
കൊച്ചി: പൊലീസ് സ്റ്റേഷനിൽ കോഫി വെൻഡിംഗ് മെഷീൻ സ്ഥാപിക്കാൻ മുൻകയ്യെടുത്ത പൊലീസുകാരനെ സസ്പെൻഡ് ചെയ്ത് വീണ്ടും വിവാദത്തിലായിരിക്കുകയാണ് കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോങ്റെ. കളമശ്ശേരി പൊലീസ് സ്റ്റേഷൻ സിവിൽ പൊലീസ് ഓഫീസർ സി പി രഘുവിനെതിരെയാണ് നടപടി. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയെന്നുമൊക്കെയാണ് നടപടിക്ക് വിശദീകരണം പറയുന്നത്.

വിവാദ സംഭവം:

കോവിഡ് കാലത്ത് തെരുവിൽ അലയുന്നവർക്കും തെരുവ് നായകൾക്കും ഭക്ഷണം നൽകി മാതൃകയായ പൊലീസുകാരാണ് കളമശ്ശേരി സ്റ്റേഷനിലുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ പരാതി പറയാനെത്തുന്നവർക്ക് സ്റ്റേഷന് മുന്നിൽ തന്നെ ചായയും ബിസ്ക്കറ്റും അടക്കമുള്ള സംവിധാനം ഒരുക്കിയത്. സിവിൽ പൊലീസ് ഓഫീസർ സി.പി.രഘു മുൻകയ്യെടുത്ത് സ്വന്തം പോക്കറ്റിലെ പണവും സുഹൃത്തുക്കളുടെ സഹായവും ഉപയോഗിച്ചാണ് സ്റ്റേഷനിൽ എത്തുന്ന പരാതിക്കാർക്കും സന്ദർശകർക്കും നല്ല ചുടു ചായയും ബിസ്ക്കറ്റും നൽകാൻ സംവിധാനമൊരുക്കിയത്.

ഇനി ആർക്കെങ്കിലും തണുത്ത വെള്ളം വേണമെങ്കിൽ ഫ്രിഡ്ജും ഇവിടെയുണ്ട്. ശുദ്ധമായ വെള്ളം കിട്ടാൻ ആർ.ഒ. ട്രീറ്റ്മെൻറ് സംവിധാനവും സജ്ജം. പൊലീസ് ജനങ്ങളുടെ സുഹൃത്തായിമാറണമെന്ന ഡി.ജി.പി ലോക് നാഥ് ബഹ്റയുടെ നിർദ്ദേശം അതേപടി പാലിച്ചാണ് സ്റ്റേഷനിൽ ഈ സൗകര്യങ്ങൾ ഒരുക്കിയത്.

Also Read-പൂമുഖവാതിലിൽ 'ചായ'യുമായി പൊലീസ്; പൊലീസ് സ്റ്റേഷനിലെത്തുന്നവർക്ക് ഇനി മുതൽ 'ചൂട് ചായയും ബിസ്ക്കറ്റും'

നടപടി:

ഉത്തരവാദിത്വമുള്ള ചുമതല പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെയും മേലുദ്യോഗസ്ഥരെ അറിയിക്കാതെയും ആയിരുന്നു കോഫീ വെൻഡിംഗ് മെഷീന്റെ ഉദ്ഘാടനം നടത്തിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാധ്യമങ്ങളുമായി വിവരങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനൊന്നും അനുമതിയും വാങ്ങിയിരുന്നില്ലെന്നു ഉത്തരവിൽ പറയുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

പൊലീസുകാരുടെ പ്രതികരണം:

അതേ സമയം ഉദ്ഘടനത്തിനു ഡിസിപി യെ ക്ഷണിക്കാതിരുന്നതിനാലാണ് സസ്‌പെൻഷൻ എന്നാണ് പൊലീസുകാരുടെ സംസാരം. സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവർക്ക് വേണ്ടിയായിരുന്നു സൗകര്യങ്ങൾ സ്ഥാപിച്ചത് എന്നും ഇവർ പറയുന്നു.

ഐശ്വര്യ ഡോങ്റെ വിവാദത്തിലാകുന്നത് രണ്ടാം തവണ;

കൊച്ചിയിൽ ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് ഡിസിപി ഐശ്വര്യ ഡോങ്റെയ്ക്കെതിരെ വിവാദം ഉയരുന്നത്. നേരത്തെ മഫ്തി വേഷത്തിലെത്തിയപ്പോൾ പൊലീസ് സ്റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ പൊലീസുകാരിക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചത് സേനയിൽ ചർച്ചയായിരുന്നു. എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ കയറിപ്പോകാൻ ശ്രമിച്ചപ്പോഴായിരുന്നു പാറാവിലുണ്ടായിരുന്ന വനിതാ പൊലീസ് തടഞ്ഞത്. ഇവരെ ട്രാഫിക്കിലേക്ക് മാറ്റിക്കൊണ്ടായിരുന്നു ഐശ്വര്യയുടെ നടപടി.

വിശദീകരണം:

'ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ശ്രദ്ധാലുവായിരുന്നില്ല, മേലുദ്യോഗസ്ഥ ഔദ്യോഗിക വാഹനത്തിൽ വന്നിറങ്ങിയത് ശ്രദ്ധിക്കാതെ ജാഗ്രതക്കുറവ് കാട്ടി' - തുടങ്ങിയ കുറ്റങ്ങൾക്ക് വനിതാ പൊലീസുകാരിയെ ട്രാഫിക്കിലേക്ക് മാറ്റിയെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഡി സി പി വിശദീകരിച്ചത്.

ആഭ്യന്തര വകുപ്പിന്‍റെ താക്കീത്:

പൊലീസുകാരിക്കെതിരെ നടപടി സ്വീകരിച്ചത് പൊലീസ് സേനയില്‍ തന്നെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ പി എസ് ഓഫീസർ ആയ ഇവരുടെ പെരുമാറ്റം അതിരു കടന്നതായിപ്പോയി എന്നായിരുന്നു മേലുദ്യോഗസ്ഥരുടെ വിലയിരുത്തൽ. വിവാദം അതിരുകടന്നതോടെ ആഭ്യന്തരവകുപ്പ് ഇടപെട്ടു.കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ആവശ്യത്തിലേറെ ജോലിത്തിരക്കുണ്ട്. അവിടെ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നായിരുന്നു ആഭ്യന്തരവകുപ്പ് അന്ന് ഡി സി പിക്ക് മുന്നറിയിപ്പ് നൽകിയത്.
Published by:Asha Sulfiker
First published: