• HOME
 • »
 • NEWS
 • »
 • kerala
 • »
 • ശ്രീദേവിയെന്ന ഫേസ്ബുക്ക് ആരാധിക; ഷാഫിഎന്ന ഏജന്റ്; മുഹമ്മദ് റഷീദെന്ന സിദ്ധൻ; പുരോഗമനവാദിയായ കവി നരബലിയിലേക്ക്

ശ്രീദേവിയെന്ന ഫേസ്ബുക്ക് ആരാധിക; ഷാഫിഎന്ന ഏജന്റ്; മുഹമ്മദ് റഷീദെന്ന സിദ്ധൻ; പുരോഗമനവാദിയായ കവി നരബലിയിലേക്ക്

ഐശ്യര്യം ലഭിക്കാൻ ബന്ധപ്പെടണം എന്ന ഒരു ഫേസ്ബുക് പോസ്റ്റിലേക്ക് ലൈല മുമ്പ് ബന്ധപെട്ടിരുന്നതായി സൂചനയുണ്ട്.

 • Share this:
  പത്തനംതിട്ട ഇലന്തൂരിലെ പരമ്പരാഗത വൈദ്യ കുടുംബത്തിലെ അംഗവും തിരുമ്മു ചികിത്സകനും കവിയുമാണ് നരബലിക്കേസില്‍ അറസ്റ്റിലായ ഭഗവല്‍ സിംഗ് (68) എന്ന വൈദ്യൻ. കവിയും പുരോഗമന പ്രസ്ഥാനങ്ങളോട് ഒപ്പം നിൽക്കുന്ന സജീവ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു ഈ ബിരുദധാരി. ആദ്യ ഭാര്യ വേര്‍പിരിഞ്ഞ ശേഷം രണ്ടാം ഭാര്യ ഇടപരിയാരം സ്വദേശി ലൈല (54|)യുമൊത്ത് ജീവിതം. ആദ്യ ഭാര്യയിലെ മക്കള്‍ വിദേശത്ത് ജോലി ചെയ്ത് ജീവിതം നയിക്കുന്നു.

  ഇലന്തൂർ ചന്തയിൽ നിന്നും എത്തുന്ന തര്യൻ നഗർ എന്ന സ്ഥലത്താണ് ഇയാളുടെ വീട്. നാട്ടിലെ നല്ല കുടുംബ പശ്ചാത്തലം. ഏറെപ്പേർ വിദേശത്ത് ഉള്ള ഈ പ്രദേശത്ത് ഇപ്പോഴും ജനവാസം കുറവാണ്. ജനകീയാസൂത്രണത്തിലും പദ്ധതി നടത്തിപ്പിലും എല്ലാം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തിൽ സജീവമായിരുന്ന ഭഗവൽ സിങ് ആയുർവേദ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകാറുമുണ്ട്. ഇതിനായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഗ്രാമസഭകളിലും അയൽക്കൂട്ടങ്ങളിലും ഒക്കെ ഭഗവല്‍ സിംഗ് എത്താറുണ്ട്. പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടത്തിലായിരുന്നു ഇയാൾ തിരുമ്മും വൈദ്യചികിത്സയും നടത്തിയത്. ആരോടും കണക്കു പറഞ്ഞ് കാശ് വാങ്ങുന്ന സ്വഭാവമില്ലാത്തതിനാല്‍ ധാരാളം പേരെ ചികിത്സയ്ക്ക് കിട്ടിയിരുന്നു.

  Also Read- നരബലിയുടെ മാസ്റ്റർ ബ്രെയിൻ മുഹമ്മദ് ഷാഫി; കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളയാളെന്ന് സുഹൃത്ത്

  മൂന്ന് വരികളിലെ മൂന്ന് ജീവിതങ്ങൾ

  ഒരു ജാപ്പനീസ് കാവ്യരൂപമാണ് ഹൈക്കു. 17 മാത്രകൾ ഉള്ളതും 5,7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന 3 പദസമുച്ചയങ്ങൾ (വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ. ബ്ലോഗിലും ഫേസ്ബുക്കിലും മലയാളത്തിലുള്ള ഹൈക്കു കവിതകൾ പ്രചാരത്തിലുണ്ട്. നിരവധി ഹൈക്കു ഗ്രൂപ്പുകൾ ഫേസ്ബുക്കിലൂടെ മലയാളത്തിൽ ഹൈക്കു രചന നടത്താൻ പ്രോത്സാഹനം നൽകുന്നുണ്ട്. ഫെയ്‌സ്ബുക്കില്‍ ഹൈക്കു കവിതകളിലൂടെ സജീവമായിരുന്നു ഭഗവൽസിംഗ്. അതിലൊന്നിലൂടെ വൈദ്യന് ശ്രീദേവിയെന്ന അക്കൗണ്ടില്‍ നിന്ന് വന്ന സൗഹൃദാഭ്യര്‍ത്ഥനയാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.

  കണ്ണില്ലാത്ത സൗഹൃദം അന്ധമായ ബന്ധം

  ഐശ്യര്യം ലഭിക്കാൻ ബന്ധപ്പെടണം എന്ന ഒരു ഫേസ്ബുക് പോസ്റ്റിലേക്ക് ലൈല മുമ്പ് ബന്ധപെട്ടിരുന്നതായി സൂചനയുണ്ട്. അതിന് ശേഷമാണ് ഭഗവൽസിംഗിന് ശ്രീദേവിയുടെ സൗഹൃദാഭ്യര്‍ത്ഥന വന്നത്. ചാറ്റിലൂടെ സൗഹൃദം വളർന്നു. അങ്ങനെ ഉറ്റ സുഹൃത്തായ ശ്രീദേവിയാണ് പെരുമ്പാവൂര്‍ സ്വദേശിയായ സിദ്ധനെ പ്രീതിപ്പെടുത്തിയാല്‍ സമ്പത്തും ഐശ്വര്യവും നേടാമെന്ന് വൈദ്യനോട് പറഞ്ഞ് വിശ്വസിപ്പിച്ചത്. പെരുമ്പാവൂരിൽ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാൽ സമ്പത്ത് വരുമെന്നും വിശ്വസിപ്പിച്ചു. അവർ നല്‍കിയ മൊബൈല്‍ നമ്പര്‍ വഴി വൈദ്യനും ഭാര്യയും സിദ്ധന്‍ റഷീദുമായി ബന്ധപ്പെട്ടു. സിദ്ധൻ ഭഗവൽ സിംഗിന്റെ വീട്ടിലെത്തി. ആഭിചാരക്രിയയുടെ ഭാഗമെന്ന് ധരിപ്പിച്ച് റഷീദ് വൈദ്യന്റെ ഭാര്യയുമായി അയാളുടെ മുന്നിൽവച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇങ്ങനെ ചെയ്താൽ സിദ്ധി വർധിക്കും എന്നായിരുന്നു റഷീദ് വൈദ്യനോട് പറഞ്ഞിരുന്നത്. നരബലി നൽകിയാൽ കൂടുതൽ ഐശ്വര്യം വരുമെന്നും റഷീദ് പറഞ്ഞു.

  Also Read- ഭഗവൽ സിങ് പാർട്ടി അംഗമല്ല; പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടാകാം: എം എ ബേബി

  ഭാഗ്യം വിൽക്കുന്ന ഭാഗ്യഹീനർ

  റോസ്ലിയെയും പത്മയെയും പരിചയമുള്ള മുഹമ്മദ് ഷാഫി സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാട് ചൂഷണം ചെയ്താണ് അവരുമായി അടുപ്പം സ്ഥാപിച്ചത്. രണ്ട് സ്ത്രീകളും ലോട്ടറി വില്പ്പനക്കാരും കുടുംബത്തില്‍ നിന്നും അകന്ന് കഴിയുന്നവരുമായിരുന്നു. ബ്ലൂഫിലിമില്‍ അഭിനയിപ്പിച്ച് വന്‍ പ്രതിഫലം വാങ്ങി നല്‍കാം എന്നാണ് വിശ്വസിപ്പിച്ചാണ് ഇവരെ ഇരയാക്കിയത്. പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് റോസ്ലിനെ കൊണ്ടുപോയത്. റോസ്ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് കൊണ്ടുപോയത്.

  ആദ്യ ഇര റോസ്ലിൻ

  തൃശ്ശൂര്‍ വടക്കഞ്ചേരി സ്വദേശിയായ റോസ്ലിൻ (50) വീട്ടുകാരുമായി പിണങ്ങിയ ശേഷം ലോട്ടറി വില്‍പ്പനയ്ക്കായാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാലടിയിലെത്തുന്നത്. അവിടെ ഒരു പങ്കാളിക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ കാണാനില്ലെന്ന് കാണിച്ച് മകള്‍ ഓഗസ്റ്റില്‍ കാലടി പൊലീസില്‍ പരാതി നല്‍കി. ഈ കേസ് പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.
  Also Read- ഇലന്തൂരിലെ നരബലി ; പ്രതി ഭഗവല്‍ സിങ് സജീവ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകന്‍

  രണ്ടാം ഇര പത്മ

  കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിൽ താമസിക്കുന്ന തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി പത്മ( 52)യെ കാണാതാകുന്നത് സെപ്റ്റംബര്‍ 26നാണ്. ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവരെ കാണാതായ കേസില്‍ കടവന്ത്ര പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയായിരുന്നു.

  തിരുവല്ലയിലെ അവസാന ലൊക്കേഷൻ ‌‌

  ഇരുവരുടെയും മിസ്സിംഗ് കേസ് അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തിരുവല്ലയിലെത്തിയതും തുടർന്ന് ഇലന്തൂരിലെ നരബലിയുടെ ചുരുളഴിച്ചതും. പത്മത്തിന്‍റെ അവസാന ഫോൺ ലൊക്കേഷൻ തിരുവല്ലയിലാണെന്ന് പോലീസുകാർ പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. തിരുവല്ലയിലേക്ക് പോകാം എന്ന് പറഞ്ഞ് ഷാഫി കുറച്ച് ലോട്ടറി തൊഴിലാളികളോട് സമീപിച്ചിരുന്നു. പത്മത്തിന്റെ പരിചയക്കാരായ അവർ ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തി. നേരത്തെ കടവന്ത്രയിൽ കട നടത്തിയ ഷാഫിയെ ഇവർക്ക് അറിയാമായിരുന്നു. ഷാഫിയാണ് ഇതിന് പിന്നിലെന്ന് അവർ സംശയം പ്രകടിപ്പിച്ചു. ജൂണിലും സെപ്തംബറിലുമായിട്ടാണ് കൊലപാതകം നടന്നത്. ഇലന്തൂരിലെ വീട്ടിൽ ബ്ലൂ ഫിലിം ഷൂട്ടിംഗിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇരകളെ കട്ടിലില്‍ കെട്ടിയിട്ടതെന്ന് പോലീസ് പറഞ്ഞു. കെട്ടിയിട്ട് ചുറ്റികയ്ക്ക് തലയ്ക്കടിച്ച ശേഷം കഴുത്തറുക്കുകയായിരുന്നു. ഇരുവരുടെയും ശരീരത്തില്‍ സ്വകാര്യ ഭാഗത്തടക്കം ധാരാളം മുറിവുകളും ഏല്‍പ്പിച്ചു. വാർന്നൊഴുകിയ രക്തം വീടിനു ചുറ്റും തളിച്ചു. ആദ്യബലി കുടുംബ പാപത്താൽ ഫലിച്ചില്ലെന്ന പേരില്‍ രണ്ടാമത് പത്മയെയും ബലി നൽകി. മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി മരങ്ങൾക്കിടയിൽ കുഴിച്ചിട്ടു. മുകളിൽ മഞ്ഞളും കൃഷി ചെയ്തു.

  ഹൈക്കു ആയി വന്ന സൈക്കോ

  ഭഗവല്‍സിംഗും ലൈലയും സിദ്ധനും കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായിരുന്നു. ലൈലയാണ് കഴുത്തറുത്തതെന്നാണ് വിവരം. മൂന്ന് പേർക്കും കൊലപാതകത്തിൽ ഒരുപോലെ പങ്കുണ്ട്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് കമ്മീഷണർ എസ് എച്ച് നാഗരാജു പറഞ്ഞു. നരബലിയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റേഞ്ച് ഐ ജി പി പ്രകാശ് പ്രതികരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൊലപാതകം എങ്ങനെയാണ് നടന്നതെന്ന് വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നരബലിക്ക് കൂടുതൽ പേർ ഇരയായിട്ടുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അന്വേഷണ സംഘം പരിശോധിക്കും. ഷാഫിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇയാൾക്ക് ഭാര്യയും ഉമ്മയും രണ്ടു പെൺമക്കളും ഉണ്ട്. മൂത്ത മകൾക്ക് മൂന്ന് വയസുള്ള മകളുണ്ട്. നല്ല മദ്യപാനിയാണ്. ഇയാൾ കൊച്ചിയിൽ ചെറുകിട ഹോട്ടൽ നടത്തുന്നു. അതിന്റെ മറവിൽ ഒരു ലോഡ്‌ജിനോട് ചേർന്ന് ലൈംഗിക തൊഴിലാളികളുടെ ഇടപാടുമുണ്ടായിരുന്നു.

  ഐശ്വര്യത്തിലേക്കുള്ള ഫേസ്ബുക് പോസ്റ്റ്

  യഥാര്‍ത്ഥത്തില്‍ പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫി തന്നെ ആയിരുന്നു സിദ്ധനും ഭഗവൽസിംഗിന്റെ കവിതയുടെ ആരാധികയായി വന്ന ശ്രീദേവിയും. ഭഗവല്‍സിംഗിന്റെയും ഭാര്യ ലൈലയുടെയും അന്ധവിശ്വാസവും കൊല്ലപ്പെട്ട സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളുമാണ് ഇയാൾ മുതലാക്കിയത്.
  Published by:Naseeba TC
  First published: