ശബരിമല: പമ്പാസ്നാനം, നീലിമല പാത വഴിയുള്ള തീർത്ഥാടനം, ഭക്തർക്ക് സന്നിധാനത്ത് തങ്ങാനുള്ള സൗകര്യം എന്നിവയ്ക്കുള്ള നിയന്ത്രണം നീക്കിയെങ്കിലും നെയ്യഭിഷേകം, തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കുക, കാനന പാത തുറക്കുക എന്നീ ആവശ്യങ്ങൾ ഇപ്പോഴും സർക്കാറിന്റെ പരിഗണനയിലാണ്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ പ്രതിഷേധം ആരംഭിച്ചതോടെ ദേവസ്വം ബോർഡ് സമ്മർദ്ദത്തിലാണ്.
ഈ സാഹചര്യത്തിലാണ് കരിമല വഴിയുള്ള കാനന പാത തുറക്കണമെന്ന് ദേവസ്വം ബോർഡ് സർക്കാറിനോട് വീണ്ടും ആവശ്യപ്പെട്ടത്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി കാനനപാത വഴി തീർത്ഥാടനം അനുവദിക്കുന്നില്ല. കാനനപാത നിലവിൽ സഞ്ചാരയോഗ്യമല്ല. ഒപ്പം വന്യമൃഗങ്ങളുടെ ഭീഷണിയും നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ കാനനപാത തുറക്കുന്നതിന് വനംവകുപ്പിന്റെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
പ്രതിദിനം അനുവദിക്കുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്. വെർച്ചൽ ക്യൂ സംവിധാനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. നെയ്യഭിഷേകത്തിന് സർക്കാർ ഉടൻ അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.
Also Read-Tiger Attack| കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി; വ്യാപക തെരച്ചിൽ തുടരുന്നു
അതേസമയം പ്രതിദിനം എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം മുപ്പതിനായിരത്തിൽ താഴെയായിരുന്നു ഭക്തരുടെ എണ്ണം. എന്നാൽ ഈ മാസം ഒന്നുമുതൽ മുപ്പതിനായിരത്തിന് മുകളിൽ ഭക്തർ സന്നിധാനത്തേക്ക് എത്തി. വെള്ളിയാഴ്ച നാൽപതിനായിരത്തോളം ഭക്തരാണ് സന്നിധാനത്തേക്ക് ദർശനത്തിന് എത്തിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി 45000 പേരാണ് വെർച്ചൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്യുന്നത്. ഇതുകൂടാതെ സ്പോട്ട് ബുക്കിംഗും വിവിധ ഇടങ്ങളിലായി തുടരുന്നുണ്ട്. വരും ദിവസങ്ങളിലും ഭക്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. മണ്ഡലപൂജ ഈ മാസം 26നാണ് നടക്കുന്നത്.
മണ്ഡലപൂജയോട് അനുബന്ധിച്ചുള്ള ദിനങ്ങളിൽ ഭക്തരുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചേക്കാം. ഈ സാഹചര്യത്തിൽ പ്രതിദിനം 45000 പേർ എന്ന പരിധി ഒഴിവാക്കണമെന്ന് ആവശ്യമാണ് ദേവസ്വംബോർഡ് സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്.
നെയ്യഭിഷേകം അടക്കമുള്ള കാര്യങ്ങളിൽ ഇളവുകൾ ലഭിച്ചാൽ അത് വരുമാന കാര്യത്തിൽ വലിയ ഗുണകരമാകുമെന്നാണ് ദേവസ്വം ബോർഡ് സർക്കാരിനോട് വ്യക്തമാക്കിയിരിക്കുന്നത്. മണ്ഡലകാലം ആരംഭിച്ച 33 ദിവസങ്ങൾ പിന്നിട്ടപ്പോൾ വരുമാനം 52 കോടി കവിഞ്ഞു. കൂടുതൽ ഇളവുകൾ നിലവിൽ വന്നാൽ മണ്ഡലകാല വരുമാനം 100 കോടി കവിയുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala, Sabarimala devotees