• HOME
 • »
 • NEWS
 • »
 • kerala
 • »
 • ശബരിമലയിൽ 'സി.പി.എം സ്ക്വാഡ്': വാർത്ത നിഷേധിച്ച് ദേവസ്വം ബോർഡ് 

ശബരിമലയിൽ 'സി.പി.എം സ്ക്വാഡ്': വാർത്ത നിഷേധിച്ച് ദേവസ്വം ബോർഡ് 

news18

news18

 • Last Updated :
 • Share this:
  തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകരെ സന്നിധാനത്ത്  ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത നിഷേധിച്ച് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. മണ്ഡല-മകരവിളക്ക് കാലത്ത് ദിവസ വേതനക്കാരെ നിയമിക്കുന്നത് സാധാരണമാണ്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനം നടത്തുന്നത്. ഇതിനായുള്ള ഇന്റര്‍വ്യൂ ഇപ്പോഴും നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

  ശബരിമലയിൽ നൈഷ്ഠികബ്രഹ്മചാരി അല്ല പ്രതിഷ്ഠ; വൈറലായി ഒരു ഫേസ്ബുക്ക് പോസ്റ്റ്

  സുപ്രീംകോടതി വിധിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ദേവസ്വം ബോര്‍ഡ് നിയമവിധേയമായും ഭരണഘടനാനുസൃതമായും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കി, ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അവാസ്തവവും തെറ്റിദ്ധാരണാജനകവുമെന്നും പത്മകുമാർ പ്രസ്താവനയിൽ പറയുന്നു.

  ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിന്റെ പൂര്‍ണരൂപം 

  ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ  വിധി വന്നശേഷം,  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കി കൊണ്ട് നിരവധിയായിട്ടുള്ള വാര്‍ത്തകളാണ് മലയാളത്തിലെ മുഖ്യധാരാ പത്രമാധ്യമം അടക്കം നിരവധി പത്രങ്ങളും ചില ഓണ്‍ലൈന്‍, വൈബ് മാധ്യമങ്ങളും  നല്‍കിവരുന്നത്. ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കി, ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്ക് തന്നെ, അതിന്‍റെ നിജസ്ഥിതി ബോധ്യമുണ്ടെങ്കിലും, അവര്‍ അതൊക്കെ മൂടിവച്ച് തെറ്റായ പ്രചരണങ്ങളാണ് തങ്ങളുടെ മാധ്യമങ്ങളിലൂടെ നടത്തുന്നത്. ഇത്തരം വാര്‍ത്തകള്‍ അവാസ്തവും തെറ്റിദ്ധാരണാജനകവുമാണ്.

  യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത ഇത്തരം ‌വാര്‍ത്തകള്‍ ചില പ്രമുഖ പത്രങ്ങള്‍ പോലും വലിയ തലക്കെട്ട് നല്‍കി പ്രസിദ്ധീകരിക്കുന്നതിന് പിന്നില്‍ ബോര്‍ഡിനെ തകര്‍ക്കുക എന്ന, അത്തരക്കാരുടെ വ്യക്തമായ അജണ്ടയും ഗൂഢാലോചനയും ആണ് ദൃശ്യമാകുന്നത്. ശബരിമലയെ തകര്‍ക്കുകയെന്ന ചിലരുടെ ഗൂഢോദ്ദേശം നടപ്പിലാക്കാന്‍ ചില മാധ്യമങ്ങള്‍ വ‍ഴിയൊരുക്കുകയാണ്. ദേവസ്വം ബോര്‍ഡിനെ കരിവാരി തേയ്ക്കുക, ഇല്ലാത്ത വാര്‍ത്തകള്‍ നല്‍കി ശബരിമലയിലെ മണ്ഡല -മകരവിളക്ക് ഉത്സവം അട്ടിമറിക്കുക എന്ന ലക്ഷ്യവും ഇത്തരം ശക്തികള്‍ക്ക് പിന്നിലുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് വ്യക്തമാക്കി.

  "സന്നിധാനത്തേക്ക് സിപിഎം സ്ക്വാഡ്","പാര്‍ട്ടിക്കാരെ ദിവസ വേതനത്തിന് വച്ച് സന്നിധാനം നിയന്ത്രിക്കാന്‍ സിപിഎം","അരവണ തയ്യാറാക്കുന്നതിനും അന്നദാനത്തിനും ചുക്കുവെള്ള വിതരണത്തിനും ഇക്കുറി ഡിവൈഎഫ്ഐക്കാര്‍" ,"1680 പേരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ ശബരിമലയിലും നിലയ്ക്കലിലുമായി നിയമിച്ചു." എന്നിങ്ങനെ തലക്കെട്ട് നല്‍കികൊണ്ടുള്ള വാര്‍ത്തകളാണ് പ്രമുഖ പത്രവും ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രചരിപ്പിച്ചിരിക്കുന്നത്. താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചു എന്ന് ഒരു സ്ഥലത്ത് പറയുകയും എന്നാല്‍ നിയമിക്കുമെന്ന് മറ്റൊരു സ്ഥലത്ത് പരാമര്‍ശിക്കുകയും ചെയ്യുന്ന ഇത്തരം മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളെ അപ്രസക്തമാക്കുകയാണെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു.

  ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദിവസവേതനാടിസ്ഥാനത്തില്‍  താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് പതിവാണ്. അരവണ തയാറാക്കല്‍,ഓഫീസ് ജോലി,കുടിവെള്ള വിതരണം,നാളികേരം നീക്കം ചെയ്യല്‍,പൂജാസാധനങ്ങള്‍ ശേഖരിക്കുക,അന്നദാനമണ്ഡപത്തില്‍ സഹായം,വി‍വിധ ഗസ്റ്റ് ഹൗസുകളിലും മെസ്സിലുമുള്ള സേവനം  എന്നിങ്ങനെയുള്ള ജോലിയ്ക്കാണ് സാധാരണ ഡെയ്ലി വേജസുകാരെ നിയമിക്കുക.ഇത്തരം നിയമനങ്ങള്‍ക്ക് കാലാകാലങ്ങളില്‍ ചെയ്യുന്നതുപൊലെ തന്നെ കൃത്യമായ  മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ് ഇത്തവണയും അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

  താല്‍ക്കാലിക ജോലിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 8 ആയിരുന്നു. പിന്നീട് അത് ഒക്ടോബര്‍ 12 ആയി നീട്ടി നല്‍കി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് , പ്രായം തെളിയിക്കുന്ന രേഖ ,പൊലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെയുള്ള  രേഖകള്‍ അപേക്ഷയോടൊപ്പം നല്‍കാത്ത അപേക്ഷകരെ ഒ‍ഴിവാക്കിയിട്ടുണ്ട്.അപേക്ഷകരുടെ സെലക്ഷന്‍ ഇന്‍റര്‍വ്യൂ തിരുവനന്തപുരം നന്ദന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പുരോഗമിക്കുന്നു. ഒക്ടോബര്‍ 23 ന് ആരംഭിച്ച ഇന്‍റര്‍വ്യൂ നവംബര്‍ 2 ന് മാത്രമേ അവസാനിക്കുകയുള്ളൂ. അതിനുശേഷമായിരിക്കും യോഗ്യരായവര്‍ക്കുള്ള നിയമന ഉത്തരവ് നല്‍കുന്നത്.ഇത്തരത്തില്‍ നിയമന പ്രക്രിയ ഒന്നുമാകാത്ത സാഹചര്യത്തിലാണ് 1680 പേരെ നിയമിച്ചുവെന്ന്  വാര്‍ത്ത നല്‍കിയിരിക്കുന്നത്.ഇത് തെറ്റായ പ്രചരണമാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.

  ശബരിമലയില്‍ മണ്ഡല-മകരവിളക്ക് ഉല്‍സവകാലത്ത് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ എല്ലാക്കാലവും നിയമിക്കുന്നുണ്ട്.നിയമന കാര്യത്തില്‍ നാളിതുവരെ ഏതെങ്കിലും രാഷ്ട്രീയപരമോ പക്ഷപാതപരമോ ആയ നിലപാട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൈക്കൊണ്ടിട്ടില്ലെന്നും ഇന്നും നാളെയും അത്തരം നിലപാട് തന്നെയായിരിക്കും ബോര്‍ഡ് സ്വീകരിക്കുകയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍ വ്യക്തമാക്കി. സാധാരണഗതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും താല്‍ക്കാലിക ജോലി ലഭിക്കാറുണ്ട്.ആരോഗ്യപ്രശ്നങ്ങള്‍,പൊലീസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ എന്നിങ്ങനെയുള്ളവരാണ് യോഗ്യത നേടാതെ പുറത്ത് പോകുന്നവരെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.മണ്ഡല-മകരവിളക്ക് ഉല്‍സവകാലം ഭംഗിയായി നടത്തികൊണ്ടുപോകാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ദേവസ്വം ബോര്‍ഡ്.

  ബോര്‍ഡിന്‍റെ ഇത്തരം നടപടികളെ തകര്‍ക്കുന്നവരുടെ ഗൂഢാലോചന പ്രമുഖ മാധ്യമത്തിലെ  വാര്‍ത്തകള്‍ക്ക് പിന്നിലുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു.മാത്രമല്ല പമ്പയില്‍ സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി, സ്ത്രീകളെയും സ്ത്രീഭക്തരെയും തടയുന്നതിന് വനിതാ ജീവനക്കാരെ ദേവസ്വം ബോര്‍ഡ് ഡ്യൂട്ടിക്ക് നിയമിച്ചുവെന്ന വാര്‍ത്തയും വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമവിധേയമായും ഭരണഘടനാനുസൃതമായും പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്.അത് കൊണ്ട് തന്നെ കോടതി വിധിക്കെതിരെയുള്ള ഒരു പ്രവര്‍ത്തനവും ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

  പമ്പയില്‍ എല്ലാമാസവും ദേവസ്വം ബോര്‍ഡിലെ സ്ത്രീ  ജീവനക്കാരെ ഉള്‍പ്പെടെ ഡ്യൂട്ടിക്ക് നിയോഗിക്കാറുണ്ട്.അത് വനിതകളെ തടയാനായിരുന്നുവെന്നാണ്  പ്രമുഖ മാധ്യമം വാര്‍ത്തനല്‍കിയത്.ഇത് അവാസ്തവമാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി.സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നും ,കോടതി വിധിക്കെതിരെയോ അത് നടപ്പാക്കുന്നതിനെതിരെയോ യാതൊരു തരത്തിലുമുള്ള നടപടികളും പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ലെന്ന വസ്തുത പത്ര-ദൃശ്യ മാധ്യമങ്ങള്‍ തിരിച്ചറിയണം.
  First published: