ശബരിമല (Sabarimala) അയ്യപ്പന് ഏറ്റവും വലിയ വഴിപാടു (offering) സമർപ്പണവുമായി ഭക്തൻ. ശബരിമല തീർത്ഥാടനത്തിൽ (Sabarimala pilgrimage) അപൂർവമായാണ് ഇത്രയും വലിയ ഒരു വഴിപാടു നടക്കുന്നത്. 18,001 നെയ്ത്തേങ്ങകളാണ് (ghee filled coconuts) ഭക്തൻ അയ്യപ്പന് വഴിപാടായി സമർപ്പിച്ചത്. ജനുവരി അഞ്ചാം തിയതി, ബുധനാഴ്ച പുലർച്ചെ 5 മണി മുതലാണ് ഭക്തന്റെ പേരിലുള്ള നെയ്യഭിഷേകം നടക്കുക.
ബെംഗളൂരു സ്വദേശിയായ അയ്യപ്പഭക്തൻ തന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കി. ഏറെക്കാലമായി ശബരിമല ദർശനം നടത്താനുള്ള മനസ്സിലെ ആഗ്രഹം അയ്യപ്പൻ നടത്തിക്കൊടുത്തതായി ഇദ്ദേഹം വിശ്വസിക്കുന്നു. അതിന്റെ പേരിലാണ് ശബരിമലയിൽ ഇത്രയും വലിയ വഴിപാട് കഴിക്കുന്നത് എന്നും ബെംഗളൂരു സ്വദേശി പറഞ്ഞു.
പതിനെട്ടു മലകളെ സങ്കൽപ്പിച്ചു കൊണ്ടാണ് 18,001 നെയ്ത്തേങ്ങകൾ നെയ്യഭിഷേകത്തിന് ശബരിമലയിൽ കൊണ്ടുവരുന്നത്. പമ്പയിലെത്തി നെയ് നിറച്ചശേഷമാണ് തേങ്ങകൾ ശബരിമല സന്നിധാനത്ത് എത്തിച്ചത്. ട്രാക്ടറിലാണ് ശബരിമലയിലേക്ക് നെയ് തേങ്ങകൾ കൊണ്ടുവന്നത്. പമ്പയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി പ്രസിഡന്റ് കെ. അനന്തഗോപൻ വഴിപാട് തുക സ്വീകരിച്ചു. 18 ലക്ഷം രൂപയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് ആയി ഭക്തൻ ഇതിനായി ദേവസ്വംബോർഡിന് കൈമാറിയത്.
ചരിത്രത്തിലെ ഏറ്റവും വലിയ വഴിപാട് തുക ഭക്തൻ തന്നതിൽ ദേവസ്വം ബോർഡും സന്തോഷത്തിലാണ്. അയ്യപ്പനോടുള്ള വിശ്വാസത്തിന്റെ ഭാഗമായി നടക്കുന്ന ഏറ്റവും വലിയ വഴിപാട് എന്നതാണ് ഇതിന്റെ പ്രത്യേകത എന്ന് ദേവസ്വം ബോർഡ് പറയുന്നു. അതേസമയം, ഇതിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ട് തന്നെ വഴിപാട് കഴിക്കുന്ന ദിവസം ഈ ഭക്തൻ സന്നിധാനത്തെത്തുമോ എന്നതും വ്യക്തമല്ല.
ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുകയാണ്. മകരവിളക്ക് ദർശനത്തിന് ഇത്തവണ ശബരിമലയിൽ കൂടുതൽ സൗകര്യം ഒരുക്കും. പ്രധാന കേന്ദ്രങ്ങളിൽ എല്ലാം ഭക്തരെ പ്രവേശിപ്പിക്കും. പകൽ വിരിവെക്കുന്നതിനുള്ള അനുവാദവും ഇനി ഭക്തർക്കു നൽകും.
കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു കഴിഞ്ഞതവണ മകരവിളക്ക് ദർശനം. ഇത്തവണ പരമാവധി ഭക്തരെ പങ്കെടുപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് തീരുമാനിച്ചത്. സന്നിധാനത്തെ കൂടാതെ മകരവിളക്കിന് ഭക്തർ തടിച്ചുകൂടുന്ന പമ്പാ ഹിൽടോപ്, പുല്ലുമേട്, പാഞ്ചാലിമേട് തുടങ്ങിയ മേഖലകളിലെല്ലാം സൗകര്യങ്ങൾ ഒരുക്കും. ഭക്തരെ കൂടുതൽ സമയം തങ്ങുന്നതിനും ഇത്തവണ സൗകര്യമുണ്ടാകുമെന്ന് ADM അർജ്ജുൻ പാണ്ഡ്യൻ പറഞ്ഞു.
മഹാ പ്രളയത്തിനുശേഷം ആദ്യമായാണ് പമ്പ ഹിൽട്ടോപ്പിൽ മകരവിളക്ക് ദർശനത്തിന് സൗകര്യം ഏർപ്പെടുത്തുന്നത്. പുല്ലുമേട് വഴിയുള്ള കാനനപാത വെട്ടി തെളിയിച്ചിട്ടുണ്ട്. ഇതുവഴി തീർത്ഥാടനം അനുവദിക്കുന്ന കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മകരവിളക്ക് ക്രമീകരണങ്ങൾ വിലയിരുത്താൻ സന്നിധാനത്ത് ഉദ്യോഗസ്ഥതല യോഗം ചേർന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഭക്തർ സന്നിധാനത്തെത്തും എന്ന പ്രതീക്ഷയിലാണ് ദേവസം ബോർഡ്. സന്നിധാനത്ത് നടവരവും കൂടി വരിയാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
Summary: A devotee offers 18,000 ghee filled coconuts at Sabarimala temple
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala, Sabarimala pilgrimage