തിരുവനന്തപുരം: മലയാള മാസം ഒന്നുമുതൽ ശബരിമല ഒഴികെയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങളോടെ ഭക്തർക്ക് ദർശനം അനുവദിക്കാൻ തീരുമാനം. ഒരുസമയം 5 പേർക്ക് ദർശനം നടത്താം. 10 വയസിന് താഴെയുള്ള കുട്ടികൾക്കും 65 വയസിന് മുകളിൽ ഉള്ളവർക്കും ദർശനം അനുവദിക്കില്ല.
ദർശന സമയത്തിലും ക്രമീകരണങ്ങളുണ്ട്. നിർമ്മാല്യ സമയത്തും ദീപാരാധന സമയത്ത് ദർശനം അനുവദിക്കില്ല. തിരക്ക് ഒഴിവാക്കാനാണിത്. രാവിലെ 6 മുൻപ് ദർശനം അനുവദിക്കില്ല. വൈകിട്ട് 6:30 മുതൽ 7 വരെയും ഭക്തർക്ക് പ്രവേശനമില്ല. വഴിപാടുകൾ നടത്താമെങ്കിലും ശ്രീകോവിലിനുള്ളിൽ നിന്ന് പ്രസാദം ലഭിക്കയില്ല. ക്ഷേത്രത്തിന് പുറത്ത് പ്രസാദ കൗണ്ടർ ക്രമീകരിക്കും.
വരുമാനം മാത്രം കണക്കിലെടുത്തല്ല തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ വാസു പറഞ്ഞു. ക്ഷേത്രങ്ങളുടെ ആധ്യാത്മിക അന്തരീക്ഷത്തിൽ വ്യതിയാനം വന്നിരിക്കുന്നു എന്ന തോന്നൽ ഭക്തർക്കിടയിലും ജീവനക്കാർക്കും ഉണ്ടായി തുടങ്ങിയെന്നും ബോർഡ് വിലയിരുത്തി. ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ വർധിക്കും. വഴിപാട് നിരക്കുകൾ സംബന്ധിച്ച് ശുപാർശ നൽകാൻ ഒരു സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനും അനുമതിയില്ല.
മണ്ഡല മകരവിളക്ക് കാലത്ത് എല്ലാവർക്കും പ്രവേശനം അനുവദിക്കാനാവില്ല.പരിമിതികൾക്കുള്ളിൽ നിന്ന് ശബരിമല ദർശനം അനുവദിക്കും. പമ്പയിൽ കുളി അനുവദിക്കാൻ കഴിയില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് അറിയിച്ചു. നവംബറിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനമെടുക്കും.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.