മള്ളിയൂർ: സുരക്ഷാ ക്രമീകരണങ്ങളോടെ ക്ഷേത്രങ്ങൾ തുറക്കാമെന്ന് സർക്കാർ അനുവാദം നൽകിയെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ കുറച്ചു കൂടി വൈകുന്നതാണ് നന്നെന്ന് മള്ളിയൂർ മഹാഗണപതി ക്ഷേത്രം ട്രസ്റ്റി. രോഗബാധിതർ കൂടുന്ന സാഹചര്യത്തിൽ ഭക്തജനങ്ങൾക്ക് തൽക്കാലം പ്രവേശനമില്ലെന്നും ഭക്തജനങ്ങൾ സഹകരിക്കണമെന്നും ക്ഷേത്രം ട്രസ്റ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
രോഗബാധിതർ കൂടുന്നു. അതുകൊണ്ട് ക്ഷേത്രം പഴയതുപോലെ തുറന്നു പ്രവർത്തിക്കുന്നത് സുരക്ഷിതമല്ല. ക്ഷേത്രചൈതന്യത്തിന്റെ രഹസ്യം ചിട്ടയോടു കൂടിയ മുടങ്ങാത്ത പൂജാദികൾ ആണ്. ക്ഷേത്രം ആരാധന കേന്ദ്രം മാത്രമല്ല, ദേവന്റെ ആലയം കൂടിയാണ്.
ശക്തികേന്ദ്രമാണ് ക്ഷേത്രങ്ങൾ. അതുകൊണ്ട് നിത്യപൂജകൾ ഒരു കാരണവശാലും മുടങ്ങരുത്. നിർഭാഗ്യവശാൽ ക്ഷേത്രം വഴി രോഗം ഉണ്ടായാൽ ക്ഷേത്രം അടച്ചിടാൻ നാം നിർബന്ധിതമാകും. അപ്പോൾ പൂജകൾ മുടങ്ങും. ഇത് ശുഭകരമല്ലെന്നും നമ്മുടെ തിടുക്കം മൂലം ഇതിന് ഇട ഉണ്ടാകരുതെന്നും ക്ഷേത്രം ട്രസ്റ്റി അഭ്യർത്ഥിച്ചു.
പൂജാദികൾ മുടക്കാതിരിക്കുന്നത് നമ്മുടെ ഉത്തരവാദിത്തം കൂടിയാണല്ലോ. ഭക്തന്മാരുടെ സഹകരണത്തോടെയാണ് എല്ലാ ക്ഷേത്രങ്ങളും അവിടെയുള്ള ദേവന്റെ പരിചാരകരും പ്രവർത്തിക്കുന്നത്. അതുകൊണ്ട്, ഭക്തജനങ്ങൾ എല്ലാവരും സഹകരിക്കണമെന്നും വഴിപാടുകൾ ഫോൺ വഴിയോ ഓൺലൈൻ വഴിയോ നടത്താമെന്നും ട്രസ്റ്റി അറിയിച്ചു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.