നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പണിമുടക്ക്: വ്യാപാരസ്ഥാപനങ്ങൾ നിർബന്ധിച്ച് അടപ്പിക്കരുതെന്ന് DGP

    പണിമുടക്ക്: വ്യാപാരസ്ഥാപനങ്ങൾ നിർബന്ധിച്ച് അടപ്പിക്കരുതെന്ന് DGP

    ലോക് നാഥ് ബെഹ്റ

    ലോക് നാഥ് ബെഹ്റ

    • Share this:
      തിരുവനന്തപുരം: പണിമുടക്കിൽ വ്യാപാരസ്ഥാപനങ്ങൾ നിർബന്ധിച്ച് അടപ്പിക്കരുതെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. അക്രമത്തിന് മുതിരുന്നവരെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അവശ്യസർവീസുകൾ സുഗമമായി നടപ്പാക്കാൻ നടപടിയുണ്ടാകണം.

      എഡിജിപിമാർക്കും ഐജിമാർക്കുമാണ് ഡിജിപി നിർദേശം നൽകിയത്. സമാധാനം ഉറപ്പാക്കുമെന്നും ഡിജിപിയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു. അഖിലേന്ത്യാസമരങ്ങൾ നിർബന്ധിത ഹർത്താലായി മാറാതിരിക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനും പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന് പലപ്പോഴായി ഹൈക്കോടതി പുറപ്പെടുവിച്ച വിധികളുടെ അടിസ്ഥാനത്തിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

      വ്യക്തികൾക്ക് എതിരെയുളള ആക്രമണങ്ങളും വസ്തുവകകൾക്ക് നാശനഷ്ടം വരുത്തുന്നതും ഫലപ്രദമായി തടയുന്നതിന് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും കുറ്റവാളികളെ ഉടനടി അറസ്റ്റ് ചെയ്യുന്നതിനും എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പണിമുടക്ക് ദിവസങ്ങളിൽ അനിഷ്ടസംഭവങ്ങൾ തടയുന്നതിന് ഫലപ്രദമായ മുൻകരുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്.



      അക്രമങ്ങളിലേർപ്പെടുകയും നിയമലംഘനം നടത്തുകയും ചെയ്യുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. ഇത്തരം ശ്രമങ്ങൾ തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കും. കടകളും സ്ഥാപനങ്ങളും ബലമായി അടപ്പിക്കാനും സ്വകാര്യ, പൊതുഗതാഗത വാഹനങ്ങൾക്കു നേരെ കല്ലെറിയാനും ശ്രമിക്കുന്ന സമരാനുകൂലികളെ അപ്പോൾതന്നെ അറസ്റ്റ് ചെയ്യും.

      ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സഹായം പൊലീസ് ലഭ്യമാക്കും. ക്രമസമാധാനം നിലനിർത്തുന്നതിന് കൈക്കൊള്ളുന്ന നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ എല്ലാ റെയ്ഞ്ച് ഐ.ജി മാർക്കും സോണൽ എ.ഡി.ജി.പിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതികൾ, കെ.എസ്.ഇ.ബി, മറ്റ് ബോർഡ് ഓഫീസുകൾ, രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ എന്നിവയ്ക്ക് മതിയായ സുരക്ഷ നൽകും. അവശ്യസർവ്വീസുകൾ തടസ്സം കൂടാതെ നടത്തുന്നതിന് പൊലീസ് നടപടി സ്വീകരിക്കും. കെ.എസ്.ആർ.ടി.സി, മറ്റ് പൊതുഗതാഗതവാഹനങ്ങൾ എന്നിവയ്ക്ക് സുരക്ഷ നൽകും. ആവശ്യമായ സ്ഥലങ്ങളിൽ ഇന്ന് രാത്രി മുതൽ തന്നെ പൊലീസ് പിക്കറ്റും പട്രോളിംഗും ആരംഭിക്കാനും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി.

      First published:
      )}