തിരുവനന്തപുരം: പാലക്കാട്ടെ കൊലപാതകങ്ങള്‍ പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത് അറിയിച്ചു. അക്രമ സംഭവങ്ങള്‍ തുടരാതിരിക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്നും കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുണ്ടാകുമെന്നും ഡിജിപി പ്രസ്താവനയിൽ അറിയിച്ചു. ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേയ്ക്ക് തിരിച്ചിട്ടുണ്ട്. അവിടെ ക്യാംപ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേല്‍നോട്ടം വഹിക്കാനാണ് നിര്‍ദ്ദേശം. ഉത്തര മേഖല ഐജി ക്യാംപ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നല്‍കും.
കൂടുതല്‍ പോലീസുകാരെ പാലക്കാട് ജില്ലയില്‍ വിന്യസിക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. എറണാകുളം റൂറലില്‍ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അനില്‍കാന്ത് അറിയിച്ചു.
പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി; ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍; മുന്നറിയിപ്പുമായി പൊലീസ്
സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് പൊലീസ്(Police) മുന്നറിയിപ്പ്. പാലക്കാട്ടെ രണ്ടു കൊലപാതകങ്ങളെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ അറിയിപ്പ്. പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരും ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിന്മാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പാലക്കാട് ജില്ലയില്‍ 24 മണിക്കൂറിനിടെ രണ്ടു കൊലപാതകങ്ങളാണ് നടന്നത്. ക്രമസമാധാനം ഉറപ്പാക്കാന്‍, സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാടെത്തും. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേല്‍നോട്ടം വഹിക്കാനാണ് നിര്‍ദ്ദേശം.
Also Read-Murders in Kerala | മൂന്നുവർഷത്തിനിടെ സംസ്ഥാനത്ത് 1065 കൊലപാതകങ്ങൾ; ഏറ്റവും കൂടുതൽ തിരുവനന്തപുരത്തും പാലക്കാട്ടും
എലപ്പുള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നിസ്കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടുകയായിരുന്നു. കൈകളിലും കാലിലും തലയിലുമാണ് വെട്ടേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Also Read-നാലു മാസത്തിനിടെ രണ്ടാംതവണ; 24 മണിക്കൂറിനിടെ 2 കൊലപാതകം ആവർത്തിച്ച് ആലപ്പുഴയ്ക്ക് ശേഷം പാലക്കാട്
ഇതിന് പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
മൂന്ന് സ്കൂട്ടറുകളിലായി എത്തിയ സംഘമാണ് ശ്രീനിവാസനെ അതിക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ പാലക്കാട് സ്വകാര്യ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.