RTPCR| മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടത്തിയ കോവിഡ് പരിശോധനാഫലം വ്യത്യസ്തം; 55കാരന്റെ വിദേശ യാത്ര മുടങ്ങിയതായി പരാതി
RTPCR| മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടത്തിയ കോവിഡ് പരിശോധനാഫലം വ്യത്യസ്തം; 55കാരന്റെ വിദേശ യാത്ര മുടങ്ങിയതായി പരാതി
മുക്കത്തും കോഴിക്കോടും നടത്തിയ ആർ ടി പി സി ആർ പരിശോധന ഫലം നെഗറ്റീവായപ്പോൾ കരിപ്പൂർ എയർപോർട്ടിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് രേഖപ്പെടുത്തുകയായിരുന്നു
കോഴിക്കോട്: കോവിഡ് പരിശോധന ഫലങ്ങൾക്കെതിരെ (Covid Test Result) വ്യാപകമായി പരാതികൾ ഉയരുമ്പോൾ നിരവധി പേരാണ് തെറ്റായ പരിശോധന ഫലം മൂലം ദുരിതത്തിലാവുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കളൻതോട് തത്തമ്മയിൽ നരക്കുംപൊയിൽ സന്തോഷ് കുമാർ എന്ന 55 കാരൻ.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടത്തിയ കോവിഡ് പരിശോധന ഫലങ്ങൾ വ്യത്യസ്തമായതോടെ വിദേശയാത്ര മുടങ്ങിയതായാണ് പരാതി. മുക്കത്തും കോഴിക്കോടും നടത്തിയ ആർ ടി പി സി ആർ പരിശോധന ഫലം നെഗറ്റീവായപ്പോൾ കരിപ്പൂർ എയർപോർട്ടിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് രേഖപ്പെടുത്തുകയായിരുന്നു.
ഇക്കഴിഞ്ഞ 23ന് ദുബായിലേക്ക് പോവുന്നതിനായി സന്തോഷ് കുമാർ യാത്രയുടെ 5 മണിക്കൂർ മുൻപ് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നിന്ന് ആർ ടി പി സി ആർ പരിശോധന നടത്തിയിരുന്നു. ഈ പരിശോധന ഫലം നെഗറ്റീവായതോടെ വിദേശയാത്രക്കായി കരിപ്പൂർ വിമാനത്താവളത്തിലേക്ക് യാത്രയായി. എന്നാൽ വിമാന താവളത്തിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് എന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ യാത്രയും മുടങ്ങി.
ശേഷം ഇതേ ലാബുമായി ബന്ധമുള്ള കോഴിക്കോട്ടെ സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ്. ഒരേ ദിവസം ഒരു കമ്പനിയുടെ തന്നെ 2 ലാബുകൾ ഉൾപ്പെടെ 3 ലാബുകളിൽ നടത്തിയ പരിശോധനയിലാണ് വ്യത്യസ്ത ഫലങ്ങൾ വന്നത്. രണ്ടിടങ്ങളിൽ നെഗറ്റീവ് രേഖപ്പെടുത്തിയപ്പോൾ കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധന ഫലം പോസിറ്റീവ്.
കോഴിക്കോട്ടും മുക്കത്തും 500 രൂപ പരിശോധനക്ക് ഈടാക്കിയപ്പോൾ വിമാനത്താവളത്തിൽ 1500 രുപയും ഈടാക്കി. പരിശോധന ഫലങ്ങളിൽ കൃത്യതയില്ലാത്ത സംഭവങ്ങൾ വർധിച്ചു വരികയാണന്നും ഇതുമൂലം പലർക്കും വിദേശത്തെ ജോലി ഉൾപ്പെടെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ടന്നും സന്തോഷ് കുമാർ പറയുന്നു.
തനിക്ക് ദുബായിൽ ഹോട്ടൽ ബുക്ക് ചെയ്തതിന്റെ പണവും വിമാന ടിക്കറ്റിന്റെ പണവും നഷ്ടമായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ സർക്കാരും ആരോഗ്യവകാപ്പും അടിയന്തരമായി ഇടപെടണമെന്നും പ്രവാസികൾ ആവശ്യപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.