നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യാത്രികോം കൃപയാ ധ്യാൻ ദീജിയെ; ഈ ഗ്രൂപ്പുകൾ കൃത്യസമയം കാണിക്കുന്നതെങ്ങിനെ?

  യാത്രികോം കൃപയാ ധ്യാൻ ദീജിയെ; ഈ ഗ്രൂപ്പുകൾ കൃത്യസമയം കാണിക്കുന്നതെങ്ങിനെ?

  ട്രെയിൻ എത്തുന്നതും, നിർത്തിയിടുന്നത് സംബന്ധിച്ച് കൃത്യമായ അപ്ഡേഷൻ.ഗ്രൂപ്പ് നോക്കി വീട്ടിൽ നിന്നിറങ്ങിയാൽ മതി.അപ്ഡേഷനുകളുടെ പ്രളയമാണ്.കാസർഗോഡ് മുതലുളള ട്രെയിൻ സമയങ്ങൾ കിറുകൃത്യം.

  News18

  News18

  • Share this:
   #പാർവതി സത്യദേവൻ

   കുറച്ചു കാലം മുമ്പ് ട്രെയിനിൽ ലോട്ടറി വിൽപ്പനയ്ക്കെത്തുന്ന ത്തുന്ന വയോധികയുടെ വീടിന്റെ ജപ്തിയായി. എന്നാൽ അത് ഉടൻ തന്നെ ഒഴിവാക്കാനായി. ഇതിനു പിന്നിൽ പരിശ്രമിച്ചത് ഒരു ഗ്രൂപ്പിലെ അംഗങ്ങളാണ്. അവരുടെ പ്രശ്നം മനസിലാക്കിയ യാത്രക്കാരാണ് വിവരം ഗ്രൂപ്പിൽ അറിയിച്ചത്. തുടർന്നാണ് പല ദിക്കിൽ നിന്നും സഹായമെത്തിയത്.

   ആരാണിവർ ?
   വെറുതെ ഗുഡ് മോണിങ് ഗുഡ് നൈറ്റ് ഗ്രൂപ് അല്ല ഇവർ. ഇത് ട്രെയിൻ യാത്രക്കാരുടെ മഹാശ്രംഖല.'ഫ്രണ്ട്സ് ഓൺ റെയിൽ'. വൈകിയോടുന്ന ട്രെയിൻ കാത്ത് റെയിൽവേ സ്റ്റേഷനുകളിൽ സമയം കളഞ്ഞ കാലം കഴിഞ്ഞു.ഓരോ സെക്കന്റിലും വിവരം അറിയാം നാലു വർഷം മുൻപ് തുടങ്ങിയ ഈ വാട്സ്പ്പ് കൂട്ടായ്മയെ വ്യത്യസ്തമാക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്..അഞ്ച് പേർ ചേർന്ന് തുടങ്ങിയതാണ് ഗ്രൂപ്പ്. ഇപ്പോൾ മുപ്പത്തഞ്ചിലേറെ ഗ്രൂപ്പുകളിലായി അയ്യായിരത്തിലേറെ അംഗങ്ങൾ.

   എങ്ങനെ പ്രവർത്തിക്കുന്നു?
   ഓരോ ഗ്രൂപ്പും നിയന്ത്രിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക സംഘങ്ങൾ. ഇരുപത്തിയഞ്ച് അഡ്മിൻമാരാണുള്ളത്. ഇവർ സമയക്രമം വച്ച് 24 മണിക്കൂറും FOR നെ സജീവമാക്കി നിർത്തും. യാത്രാ വിവരം മാത്രം നൽകുന്നത് 15 ഗ്രൂപ്പുകളുണ്ട്. ഇത്ര കൃത്യമായി ട്രെയിൻ സമയം അറിയിക്കാൻ റെയിൽവേയുടെ ആപ്പുകൾക്ക് പോലും ആകില്ല.

   അപ്ഡേറ്റ് ഇല്ലെങ്കിൽ ഔട്ട് ആകും
   ട്രെയിൻ എത്തുന്നതും നിർത്തിയിടുന്നത് സംബന്ധിച്ച് കൃത്യമായ അപ്ഡേഷൻ. ഗ്രൂപ്പ് നോക്കി വീട്ടിൽ നിന്നിറങ്ങിയാൽ മതി. അപ്ഡേഷനുകളുടെ പ്രളയമാണ്. കാസർഗോഡ് മുതലുളള ട്രെയിൻ സമയങ്ങൾ കിറുകൃത്യം. സമൂഹത്തിന്റ എല്ലാ മേഖലകളിൽ നിന്നുളളവരും ഗ്രൂപ്പിലുണ്ട്. തിരുവനനന്തപുരത്തേക്കുള്ള യാത്രക്കാരായിരുന്നു ആദ്യ അംഗങ്ങൾ. ട്രെയിൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാകുന്ന ആർക്കും അംഗമാകാം എന്നതാണ് പ്രത്യേകത. അപ്ഡേഷൻ ഇല്ലെങ്കിൽ ഗ്രൂപ്പിൽ നിന്ന്
   ഔട്ടാകും. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ് ഈ നടപടി. റെയിൽവെ ഉദ്യോഗസ്ഥരും ട്രെയിൻ വിവരങ്ങൾക്കായി FOR നെ ആശ്രയിക്കാറുണ്ട്. വാട്സാപ്പ് കൂട്ടായ്മയിൽ തുടങ്ങിയ എഫ്.ഒ.ആർ ഇപ്പോൾ ഔദ്യോഗിക സംഘടനയായി മാറി. യാത്രക്കാർക്കിടയിൽ അഭിപ്രായ സർവെ നടത്തി അവരുടെ പ്രശനങ്ങൾ റെയിൽവെ അധികൃത‌ക്ക് മുന്നിലെത്തിക്കുന്നുമുണ്ട്.

   കുന്തം പോയാലും ഗ്രൂപ്പിൽ തപ്പിയാൽ മതി
   ട്രെയിനിൽ നഷ്ടമായ വസ്തുക്കൾ ഒരിക്കലും കണ്ടെത്താനാകില്ലെന്ന കാലവും മാറി. മറന്നാൽ ഗ്രൂപ്പ് അംഗങ്ങൾ തന്നെ കണ്ടത്തി നൽകാറുണ്ട്. ഗ്രൂപ്പിൽ വിവരമറിയിച്ചാൽ ആ ട്രെയിനിൽ യാത്ര ചെയ്യുന്നവർ തന്നെ മുന്നിട്ടിറങ്ങും. അഭിമുഖങ്ങൾക്കായെത്തി സർട്ടിഫിക്കറ്റുകൾ നഷ്ട്പെടുന്നവർ ചില്ലറയല്ല. ആഭരണങ്ങൾ നഷ്ടമായവർക്ക് പോലും അവ കണ്ടെത്തി നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ വിലപിടിപ്പുള്ളതുൾപ്പെടെയുള്ള അഞ്ഞൂറോളം വസ്തുക്കൾ FOR അംഗങ്ങൾ കണ്ടെത്തി നൽകിയിട്ടുണ്ട്, FOR സെക്രട്ടറി ലിയോൺസ് പറയുന്നു.

   ഒരു ഗ്രൂപ്പല്ല, ബോഗി പോലെ
   ട്രെയിൻ യാത്രക്കാർ നേരിടുന്ന ഭിക്ഷാടനസംഘങ്ങളുടെ ഭീഷണി ചെറുക്കാൻ 'ആന്റി ബെഗ്ഗേഴ്സ്'ഗ്രൂപ്പും ഉണ്ട്. എഫ് ഒ ആർ മ്യൂസിക് ഗ്രൂപ്പ്, ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ്, അംഗങ്ങളുടെ നേതൃത്വത്തിൽ കൃഷി, സർക്കാർ ഉത്തരവുകൾ സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന ഗ്രൂപ്പ്, സ്ത്രീകൾക്കായി മാത്രമുള്ള ഗ്രൂപ്പ്, യാത്രക്കാരുടെ രചനകൾ ഉൾപ്പെടുത്തി മാഗസിൻ പൊതുവിഷയങ്ങളിൽ ചർച്ച നടത്താനുള്ള വേദി എന്നിവ പ്രവർത്തിക്കുന്നുണ്ട്.

   സമാന്തര രേഖകൾ പരസ്പര പൂരകങ്ങൾ
   എല്ലാ മാസവും കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന അഗതി മന്ദിരത്തിൽ സഹായമെത്തിക്കും. ഒരു വർഷം മുൻപ് മാനസിക വിഭ്രാന്തിയുള്ള യുവാവ് രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ചു ട്രെയിനിൽ നിന്നും ഇറങ്ങിപ്പോയി. യാത്രക്കാരിലാരോ FOR അഡ്മിനെ വിവരമറിയിച്ചു. പൊലീസുമായി ബന്ധപ്പെട്ട് ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ യുവാവിനെ വീട്ടുകാർക്ക് കൈമാറാനായി. സഹായത്തിനും വിനോദത്തിനും സാമൂഹ്യപ്രവർത്തനത്തിനും ഇവർ കൈകോർക്കുന്നു. ആർക്കും നേട്ടത്തിനല്ല. പക്ഷെ സേവനം എന്ന ലക്ഷ്യം മാത്രമായി കുതിക്കുകയാണ് സമാന്തരമായി പോകുന്ന പാളങ്ങൾക്കിടയിൽ പരസ്പര പൂരകമായി പോകുന്ന ഈ സംഘടന, ഒരു സ്റ്റേഷനിലും പിടിച്ചിടാതെ.

   Also Read കോപ്പിയടി തടയാൻ തലയിൽ കാർഡ് ബോർഡ് പെട്ടി; ഒരു കോളജിലെ പരിഷ്ക്കാരം ഇങ്ങനെ

   First published:
   )}