കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിലെ (Actress attack case) അന്വേഷണ ഉദ്യോഗസ്ഥരെ വധിയ്ക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ക്രൈബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ തള്ളി നടന്‍ ദിലീപ് (Dileep). കേസിലെ തെളിവുകള്‍ ഫോണില്‍ നിന്നും നശിപ്പിച്ചുവെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. ഫോണില്‍ നിന്നും കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും മായ്ച്ചുകളഞ്ഞിട്ടിട്ടില്ല.
കേസുമായി ഒരു ബന്ധവുമില്ലാത്ത സ്വകാര്യ സംഭാഷണവും സന്ദേശവുമാണ് മായ്ച്ചത്. കേസുമായി ബന്ധമുള്ള എന്തെങ്കിലും വിവരങ്ങള്‍ ഫോണില്‍ ഉള്ളതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടും മിറര്‍ ഇമേജും തമ്മില്‍ വ്യത്യാസമില്ല. ഇതിന് വിരുദ്ധമായ വിശദീകരണമാണ് അന്വേഷണ സംഘം നല്‍കുന്നതെന്നും എതിര്‍ സത്യവാങ്മൂലത്തില്‍ ദിലീപ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് മുന്‍ വീട്ടുജോലിക്കാരന്‍ ദാസന്‍ നല്‍കിയ മൊഴിയും ദിലീപ് തള്ളി. ദാസന്റെ മൊഴി വസ്തുതാവിരുദ്ധമാണ്. മൊഴി മാറ്റുന്നതിനായുള്ള പരിശീലനത്തിനായി ദാസന്‍ അഭിഷാഷകന്റെ ഓഫീസിലെത്തിയതായി അവകാശപ്പെടുന്ന ദിവസം അഭിഭാഷകന്‍ കോവിഡ് മൂലം ഓഫീസില്‍ എത്തിയിരുന്നില്ല. ഇതു തെളിയിക്കുന്നതിനുള്ള കോവിഡ് സര്‍ട്ടിഫിക്കറ്റും അഡ്വ.ബി.രമാന്‍പിള്ള കോടതിയില്‍ ഹാജരാക്കി.
ദിലീപിന്റെ വീട്ടില്‍ ദാസന്‍ ജോലി ചെയ്ത കാലയളവിലും വ്യത്യാസമുണ്ട്. 2020 ഡിസംബര്‍ 26 ന് ദാസന്‍ ദിലീപിന്റെ വീട്ടിലെ ജോലി ഉപേക്ഷിച്ചു. എന്നാല്‍ 2021 ഒക്ടോബര്‍ 26 ദാസന്‍ വീട്ടിലെ സംസാരം കേട്ടുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ഇവ രണ്ടും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും ദിലീപ് വാദിച്ചു.
Also Read-അക്രമത്തിനിരയായ നടി അഡ്വ. രാമൻപിള്ളയ്ക്കെതിരെ ബാർ കൗൺസിലിൽ പരാതി നല്‍കി
അതിനിടെ ദിലീപിന്റെ അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു എന്ന് കാട്ടി അതീജിവിത ബാര്‍കൗണ്‍സിലില്‍ പരാതി നല്‍കിയിട്ടുണ്ട്. തെളിവു നശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിയ്ക്കല്‍ തുടങ്ങി അഭിഭാഷക വൃത്തിയ്ക്ക് ചേരാത്തവിധം കേസ് അട്ടിമറിയ്ക്കാനുള്ള നടപടികളാണ് അഭിഭാഷകരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
അഭിഭാഷകരായ ബി രാമന്‍പിള്ള, ടി ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് അതിജീവിത ബാര്‍കൗണ്‍സിലില്‍ പരാതി നല്‍കിയത്. സീനിയര്‍ അഭിഭാഷകനായ രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചു. രാമന്‍പിള്ളയുടെ ഓഫിസില്‍ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. കോടതി ഉത്തരവ് നിലനില്‍ക്കേ ആണ് ഈ നടപടി ഉണ്ടായത്.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. നിലവില്‍ 20 സാക്ഷികള്‍ കൂറ് മാറിയതിനു പിറകില്‍ അഭിഭാഷക സംഘം ഉണ്ട് എന്നും അതിജീവിത ബാര്‍ കൗണ്‍സിലില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ദിലീപിന്റെ ഫോണ്‍ രേഖകള്‍ മായ്ക്കാന്‍ കൊച്ചിയിലെ അഭിഭാഷകന്‍ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. സ്വകാര്യ ഫോറന്‍സിക് വിദഗ്ധന്‍ സായിശങ്കര്‍ ഈ ഓഫിസില്‍ വെച്ചാണ് രേഖകള്‍ മായ്ച്ചതെന്നാണ് കണ്ടെത്തല്‍.
ഇതോടെ സായിശങ്കര്‍ കേസില്‍ പ്രതിയാകും. സായിശങ്കറിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.ഫോണ്‍ രേഖകള്‍ മായ്ച്ചുകളായാന്‍ അഭിഭാഷകസംഘം മുംബൈയിലെ ലാബിലെത്തിയതായ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് ലാബുടമ മൊഴിയും നല്‍കിയിരുന്നു.
ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സൈബര്‍ വിദഗ്ധനായ സായിശങ്കര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
Also Read-സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ്; 'മറ്റ് മണ്ഡലങ്ങളിലുള്ളവരുടെ വോട്ട് ചേർക്കാൻ ശ്രമം'
അഭിഭാഷകന്റെ നിര്‍ദേശപ്രകാരം താനാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിക്കുന്നു. മുന്‍വൈരാഗ്യം വച്ച് ഡിവൈഎസ്പി ബൈജു പൗലോസ് തന്നെ ഈ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചു വരുത്തി തന്നെ പീഡിപ്പിക്കുകയാണ് തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നോട്ടീസ് നല്‍കാതെ സായിശങ്കറിനെ ചോദ്യം ചെയ്യരുതെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു.
നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിനെ അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചെന്നതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ദിലീപിന്റെ ഒരു ഫോണിലെ 12 ചാറ്റുകള്‍ പൂര്‍ണമായി നശിപ്പിച്ചതായി കണ്ടെത്തി. 12 വ്യത്യസ്ത നമ്പരിലേക്കുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചതെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളാണിവര്‍.
ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകള്‍ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുമ്പാണ് തെളിവായേക്കുമെന്ന് കരുതുന്ന സന്ദേശങ്ങള്‍ നശിപ്പിക്കപ്പെട്ടത്.
Also Read-ലോ കോളേജിൽ SFI നടത്തിയത് ക്രൂരത; സംഘടനയെ നിരോധിക്കണം; ഹൈബി ഈഡൻ
മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ മുംബൈയിലെ ലാബില്‍ വെച്ച് നശിപ്പിച്ചതിന്റെ മിറര്‍ കോപ്പി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു.ലാബില്‍ നടത്തിയ പരിശോധനയിലാണ് നിര്‍ണായക രേഖകള്‍ കണ്ടെടുത്തത്. മുംബൈയിലെ ലാബ് സിസ്റ്റം ഇന്ത്യാ ലിമിറ്റഡില്‍ നിന്നും ഫോണിലെ വിവരങ്ങള്‍ മറ്റൊരു ഹാര്‍ഡ് ഡിസ്‌കിലേക്ക് പകര്‍ത്തി. ഒരോ ഫയലും പരിശോധിച്ച് തെളിവുകള്‍ നശിപ്പിക്കുകയായിരുന്നു. ലാബ് സ്വന്തം നിലയില്‍ തയ്യാറാക്കിയ ഫോണുകളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടും പൊലീസ് സംഘം ശേഖരിച്ചിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് കൊറിയര്‍ വഴിയാണ് ലാബിലേക്ക് ഫോണുകള്‍ അയച്ചത്. ഇതിന്റെ രസീതും ലാബില്‍ നിന്ന് കിട്ടി.
ദിലീപിന്റെ അഭിഭാഷകര്‍ക്ക് മുംബെയിലെ ലാബുമായി പരിചയപ്പെടുത്തിയത് മുംബൈയില്‍ താമസിക്കുന്ന മലയാളി വിന്‍സെന്റ് ചൊവ്വല്ലുരാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു മുന്‍ ആദായ നികുതി അസിസ്റ്റന്റ് കമ്മീഷണറായ വിന്‍സെന്റ് സിബിഐ കുറ്റപത്രം നല്‍കിയ അഴിമതി കേസിലെ പ്രതിയാണ്.
തന്റെയും ദിലീപിന്റെയും അഭിഭാഷകന്‍ ഒരേ ആളാണെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ട പ്രകാരമാണ് സഹായം നല്‍കിയതെന്നും വിന്‍സെന്റ് വ്യക്തമാക്കിയിരുന്നു. നടി ആക്രമണത്തിനിരയാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന്റെ അഭിഭാഷകരെ കോടതി അനുവദിച്ചതിന് പിന്നാലെയാണ് ലാബ് അധികൃതരുടെ ഉപദേശം ആദ്യം തേടിയതെന്നും വിന്‍സെന്റ് പറഞ്ഞു. ദിലീപിന്റെ അഭിഭാഷകര്‍ക്കൊപ്പം ഫോണുകള്‍ വാങ്ങാന്‍ താനും മുംബെയിലെ ലാബില്‍ പോയിരുന്നുവെന്നും വിന്‍സെന്റ് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.