കൊച്ചി: വധഗൂഢാലോചനകേസില് എഫ്ഐആര്‍(FIR) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ്(Dileep) ഹൈക്കോടതിയില്‍(High Court) ഹര്‍ജി ഫയല്‍ ചെയ്തു. എഫ്ഐആര്‍ കെട്ടിച്ചമച്ചതാണെന്നും തെളിവുകള്‍ വിശ്വാസയോഗ്യമല്ലെന്നുമാണ് ദീലീപിന്റെ വാദം. വിശദമായ വാദം കേള്‍ക്കുന്നതിനായി ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
അഭിഭാഷകന് ബി രാമന്‍പിള്ള മുഖേനെയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഡിജിപി ബി.സന്ധ്യ, എഡിജിപി എസ്.ശ്രീജിത്ത് എന്നിവരുടെ അറിവോടെയാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയിരിക്കുന്നതെന്ന് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞു. കേസ് ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മന:പൂര്‍വം തന്നെ വേട്ടയാടുകയാണെന്നും ഇതേകേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ വാദിച്ചിരുന്നു.
നടിയെ ആക്രമിച്ചക്കേസിന്റെ വിചാരണ അട്ടിമറിക്കാനാണ് പുതിയ കേസുമായി മുന്നോട്ട് പോകുന്നത്. ഗൂഢലക്ഷ്യത്തോടെ തയ്യാറാക്കിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് ആവശ്യം. കേസ് റദ്ദാക്കാത്ത സാഹചര്യത്തില്‍ ഗൂഢാലോചന കേസ് സിബിഐയ്ക്ക് കൈമാറമെന്നും ദിലീപ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
വധഗൂഢാലോചക്കേസില് നേരത്തെ ദിലീപിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവ് ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
വധ ഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപടക്കം ആറ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്.
വാദിയുടേയും പ്രതിയുടേയും ഭാഗത്തുനിന്ന് ഹാജരാക്കപ്പെട്ട ശബ്ദരേഖയും അടക്കം പ്രോസിക്യൂഷനും പ്രതിഭാഗവും എല്ലാവാദമുഖങ്ങളും നിരത്തി മണിക്കൂറുകള്‍ വാദിച്ചു. രണ്ടാഴ്ചത്തെ വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് ജസ്റ്റിസ് ഗോപിനാഥ് പി. പ്രസ്താവിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.