കൊച്ചി: നടിയെ ആക്രമിച്ച (Actress Attack case) സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്ന് (Dileep) സർക്കാർ. കേസ് അട്ടിമറിക്കാൻ ഓരോ ഘട്ടത്തിലും ദിലീപ് ശ്രമിച്ചുവെന്നും നടിയെ ആക്രമിച്ച സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാരിന്റെ വിശദീകരണം.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നാൾ മുതൽ കേസിൽ ദിലീപ് നടത്തിയ ഇടപെടലുകൾ അക്കമിട്ട് വിവരിക്കുന്നതാണ് അന്വേഷണ സംഘം സമർപ്പിച്ച സത്യവാങ്മൂലം. ക്രിമിനൽ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമാണ്. കേസ് അട്ടിമറിക്കാൻ ഓരോ ഘട്ടത്തിലും ദിലീപ് ശ്രമിച്ചട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിൻറെ മുഖ്യ സൂത്രധാരൻ ദിലീപാണെന്നും പ്രോസിക്യൂഷൻ പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ പങ്കാളിത്തം കൂടുതൽ തെളിയിക്കുന്നതാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ. ദിലീപിനെ സഹായിക്കാൻ ഇരുപതോളം സാക്ഷികൾ കൂറുമാറിയട്ടുണ്ട്. ഈ കൂട്ട കൂറുമാറ്റത്തിനു പിന്നിലും ദിലീപാണെന്ന് സത്യവാങ്മൂലം പറയുന്നു. ഗൂഢാലോചനാ കേസിൽ ദിലീപിനെതിരായ ആരോപണങ്ങൾ ഏറെ ഗൗരവമുള്ളതാണ്. അതീവ രഹസ്യ ഗൂഢാലോചനയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടന്നത്.
Also Read-
Actor assault case | നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് ഇന്ന്; അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടുംഗൂഢാലോചനയ്ക്ക് സാക്ഷിയായ ആൾ നേരിട്ടെത്തിയാണ് പൊലീസിന് മൊഴി നൽകിയത്. ഇത് തെളിയിക്കുന്ന ശബ്ദരേഖ അടക്കമുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖ, ശബ്ദപരിശോധനക്ക് അയക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഗൂഢാലോചനക്കേസിൽ വെള്ളിയാഴ്ചയാണ് ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷയും പ്രോസിക്യൂഷൻ എതിർത്തിട്ടുണ്ട്.
കേസ് കെട്ടിച്ചമച്ചതാണെന്നും 4 വർഷത്തിനിപ്പുറമുണ്ടായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തതിൽ ദുരുദ്ദേശമുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതിയെ അറിയിച്ചിട്ടുള്ളത്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസെന്നും വാദമുണ്ട്.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണെന്നും ചൊവ്വാഴ്ച്ച ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. കേസിൽ വെള്ളിയാഴ്ച വരെ ദിലീപിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, ദിലിപിന്റെ സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും കേസിൽ അറസ്റ്റ് ചെയ്യുമെന്ന സാഹചര്യം ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപകടപ്പെടുത്താനായി ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്ര കുമാറിന്റ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. സംവിധായകൻ ബാലചന്ദ്രകമാറിന്റെ ആറു മണിക്കൂർ നീണ്ട രഹസ്യമൊഴിയുടെ മുഴുവൻ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചപ്പോൾ അത് പരിശോധിക്കണമെന്ന് കോടതി പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.