• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡല്‍ഹിയില്‍ സമ്പത്തിനു പകരം വേണു രാജാമണി; ചീഫ് സെക്രട്ടറി റാങ്കില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി

ഡല്‍ഹിയില്‍ സമ്പത്തിനു പകരം വേണു രാജാമണി; ചീഫ് സെക്രട്ടറി റാങ്കില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി

ഒരു വര്‍ഷകാലയളവിലേക്കാണ് 1986 ബാച്ച് റിട്ടയേര്‍ഡ് ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസ് ഉദ്യോഗസ്ഥനായ വേണു രാജാമണിയുടെ നിയമനം.

Credit: Wikipedia

Credit: Wikipedia

  • Last Updated :
  • Share this:
    നെതര്‍ലന്‍ഡ്‌സ് മുന്‍ അംബാസഡറും മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന വേണു രാജാമണിയെ ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ചീഫ് സെക്രട്ടറി റാങ്കില്‍ പാര്‍ട്ട്‌ടൈമായി ഒരു വര്‍ഷത്തേക്കാണ് കരാറടിസ്ഥാനത്തില്‍ നിയമനം. ഒരു ലക്ഷം രൂപയാണ് പ്രതിമാസ ഓണറേറിയം.

    നേരത്തെ മുന്‍ എം.പി എ സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്. നിയമനം മന്ത്രിസഭാ യോഗം അംഗീകരിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചുവെന്നും കേരളത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടുന്നതില്‍ സന്തോഷമുണ്ടെന്നും വേണു രാജാമണി പറഞ്ഞു.

    ലോകമെമ്പാടുമുള്ള വിദേശ മലയാളികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെയും വിവിധ നയതന്ത്ര മിഷനുകളുടെയും ശ്രദ്ധയില്‍പ്പെടുത്തി സമയബന്ധിതമായി പരിഹാരം കാണുകയാണ് ചുമതല. വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനസര്‍ക്കാരിനുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കല്‍, കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായുള്ള ബന്ധം ഏകോപിപ്പിക്കല്‍ തുടങ്ങിയ ചുമതലയുമുണ്ട്. 1986 ബാച്ച് ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്ന വേണു രാജാമണി തിരുവനന്തപുരം സ്വദേശിയാണ്.

    അന്താരാഷ്ട്ര ബന്ധങ്ങളിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യവും ധാരണയും ശ്രദ്ധേയമാണ്. ഹോങ്കോങ്, ബീജിംഗ്, ജനീവ, ദുബായ്, വാഷിംഗ്ടണ്‍ ഡി.സി എന്നിവടങ്ങളിലെല്ലാമായി നയതന്ത്രരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹേഗിലെ രാസായുധ നിരോധന സംഘടന(ഒപിസിഡബ്ല്യു) യില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്ന കാലത്തെ അദേഹത്തിന്റെ ഇടപെടല്‍ ശ്രദ്ധേയമാണ്. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരിക്കെ 2012 മുതല്‍ 2017 വരെ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്നു. യശ്വന്ത് സിന്‍ഹ വിദേശകാര്യ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    വേണു രാജാമണിയുടെ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. പല രാജ്യങ്ങളുമായും ബന്ധപ്പെട്ട് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. അതിന്റെ ഭാഗമായി പല രാഷ്ട്രങ്ങളുമായും അവിടുത്തെ ഭരണാധികാരികളുമായും അവിടുത്തെ അംബാസഡര്‍മാരുമായും ബന്ധം പുലര്‍ത്തേണ്ടിവരും. വിദേശകാര്യ സര്‍വീസില്‍ ജോലി ചെയ്ത ഒരാളുടെ സേവനം കിട്ടുന്നത് സംസ്ഥാനത്തിന് ഗുണകരമായി വരും. അതിനാല്‍ വേണു രാജാമണിയെ അത്തരം കാര്യങ്ങള്‍ക്കു വേണ്ടി ഒരു വര്‍ഷ കാലയളവില്‍ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
    Published by:Sarath Mohanan
    First published: