HOME » NEWS » Kerala » DIRECTOR DR BIJUS FACEBOOK POST ON MAOIST LEADERS

'ഇനി നമുക്ക് ഉത്തരേന്ത്യയിലെ വ്യാജ ഏറ്റുമുട്ടലിനെകുറിച്ച് സംസാരിക്കാം'; മാവോയിസ്റ്റ് കൊലയ്ക്കെതിരെ ഡോ. ബിജു

'കേരളത്തിൽ ഇത്ര കാലമായിട്ടും മാവോയിസ്റ്റുകൾ വെച്ച വെടി കൊണ്ട എത്ര പൊലീസുകാരുണ്ട് ?'

news18
Updated: March 9, 2019, 8:57 PM IST
'ഇനി നമുക്ക് ഉത്തരേന്ത്യയിലെ വ്യാജ ഏറ്റുമുട്ടലിനെകുറിച്ച് സംസാരിക്കാം'; മാവോയിസ്റ്റ് കൊലയ്ക്കെതിരെ ഡോ. ബിജു
Dr Biju
  • News18
  • Last Updated: March 9, 2019, 8:57 PM IST
  • Share this:
മാവോയിസ്റ്റ് നേതാവ് സി പി ജലീലിനെ പൊലീസ് വെടിവച്ചുകൊന്നതിനെതിരെ സംവിധായകൻ ഡോ. ബിജു രംഗത്ത്. ദാരുണമായ കൊലപാതകത്തെ ന്യായീകരിക്കാൻ അത്യുത്സാഹം ചെയ്യുന്ന പത്രങ്ങളെയും ന്യായീകരണ തൊഴിലാളരെയും കാണുമ്പോൾ സഹതാപം തോന്നുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർ‌ണരൂപം

ദാരുണമായ കൊലപാതകത്തെ ന്യായീകരിക്കാൻ അത്യുത്സാഹം ചെയ്യുന്ന പത്രങ്ങളും ന്യായീകരണ തൊഴിലാളരെയും കാണുമ്പോൾ സഹതാപം തോന്നുന്നു..ഇതൊക്കെ കാണുമ്പോൾ ഏതാനും സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം

1 . റിസോട്ടിലും / ആദിവാസി ഊരുകളിലും വന്നു ഭക്ഷണം ചോദിച്ചു എന്നതാണത്രേ ഒരു തെറ്റ് ...
ശരിയാണ് വിശപ്പടക്കാനായി അരി മോഷ്ടിച്ചു എന്നാരോപിച്ചു ആദിവാസികളെ തെരുവിൽ വളഞ്ഞിട്ടു കൈ കൂട്ടിക്കെട്ടി മർദ്ദിച്ചുകൊല്ലുന്ന "പരിഷ്‌കൃത ജനത " ഉള്ള നാടാണ് . ഇവിടെ ഭക്ഷണം ചോദിക്കുന്നത് ഒരു ക്രിമിനൽ കുറ്റം ആണ് . പൊലീസിന് വെടിവെക്കാൻ അതുകൊണ്ട് തടസ്സമില്ല ..പിന്നെ ഇവിടുത്തെ മുഖ്യ ധാരാ രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകർക്ക് വിശപ്പിന്റെ അസുഖം ഉള്ളത് കൊണ്ട് അവർ വിശന്നിരിക്കാറില്ല , അത് കൊണ്ട് തന്നെ ഒരു ഹോട്ടലിലും വീടുകളിലും കയറി ഭക്ഷണം ആവശ്യപ്പെടാറില്ല . അങ്ങനെ എന്തെങ്കിലും ആവശ്യം വന്നാൽ അവർക്ക് ഹോട്ടലുകളിൽ നിന്നോ വീടുകളിൽ നിന്നോ സൗജന്യമായി ഭക്ഷണം കഴിക്കാനുള്ള പ്രിവിലേജ് ഉള്ളവരാണ് . അതിന് ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല.

2. മാവോയിസ്റ്റുകൾ ആദിവാസി ഊരുകളിൽ പോസ്റ്റർ പതിക്കുന്നു, നോട്ടീസ് വിതരണം ചെയ്യുന്നു..
ഹോ എമ്മാതിരി കുറ്റകൃത്യമാണെന്നോ..
ഇവിടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ സർവമാന ചുമരുകളും എന്തിന് സർക്കാർ ഓഫീസുകളുടെ മതിലിൻമേൽ പോലും അനുമതിയില്ലാതെ പോസ്റ്ററും നോട്ടീസും ഒട്ടിക്കുന്നത് സ്ഥിരം കലാപരിപാടി ആക്കിയ ഒരു നാട്ടിൽ നിന്നാണ് മാവോയിസ്റ്റുകൾ പോസ്റ്റർ ഒട്ടിച്ചതിന് വെടി വെച്ചു കൊല്ലാൻ ആക്രോശിക്കുന്നത്...

3. മാവോയിസ്റ്റുകൾ റിസോട്ടിൽ വന്നു പണപ്പിരിവ് ആവശ്യപ്പെട്ടു..അതേ കൊല്ലാൻ മതിയായ കാരണം ആണ്..ഇവിടെ ഈ നാട്ടിൽ എല്ലാ ലോക്കൽ പാർട്ടികളും അവരുടെ ബ്രാഞ്ച് മുതൽ സംസ്ഥാനം വരെയുള്ള എല്ലാ സമ്മേളനങ്ങളും ജാഥകകളും പാർട്ടി മീറ്റിങ് വരെ നടത്തുന്നത് സ്ഥലത്തെ പ്രധാന കച്ചവടക്കാരേയും മുതലാളിമാരെയും, സമീപിച്ചു പണപിരിവ് നടത്തിയാണ്. ഭീഷണിപ്പെടുത്തി തന്നെയാണ് 90 ശതമാനം പിരിവുകളും രാഷ്ട്രീയ പാർട്ടികൾ നടത്തുന്നത് എന്നത് അത്ര രഹസ്യം ഒന്നുമല്ല. പിരിവ് കൊടുത്തില്ലെങ്കിൽ ദേഹോപദ്രവം, മര്യാദയ്ക്ക് സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കൽ , സമരം, തുടങ്ങിയ കലാപരിപാടികൾ ലോക്കൽ നേതാക്കൾ നടത്തും എന്നറിയാവുന്നത് കൊണ്ട് പേടിച്ചു സംഭാവന കൊടുക്കുകയാണ് പലരും. ഇങ്ങനെ നിർബന്ധിത പിരിവ് സംഭാവന സ്ഥിരം ഏർപ്പാടാക്കിയ രാഷ്ട്രീയ പാർട്ടികൾ ആണ് മാവോയിസ്റ്റുകൾ പണപ്പിരിവ് നടത്തിയാൽ വെടി വെച്ചു കൊല്ലാം എന്ന് ന്യായീകരിക്കുന്നത്.

4. മാവോയിസ്റ്റുകൾ തോക്ക് ഉപയോഗിക്കുന്നു. സായുധ കലാപം നടത്തുന്നു...
കേരളത്തിൽ ഇത്ര കാലമായിട്ടും മാവോയിസ്റ്റുകൾ വെച്ച വെടി കൊണ്ട എത്ര പൊലീസുകാരുണ്ട് . എത്ര പേരെ മാവോയിസ്റ്റുകൾ കേരളത്തിൽ വെടി വെച്ചു കൊന്നിട്ടുണ്ട്...വെറുതെ ഒരു കണക്ക് അറിയാൻ ചോദിച്ചതാ.....
ഇവിടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കൊന്നു തള്ളിയ ആളുകളുടെ കണക്ക് കൂടി ഒന്നോർക്കണ്ടേ. അത് നൂറു കണക്കിന് വരും .പരസ്യമായ എത്രയോ ക്രൂര കൊലപാതകങ്ങൾ നടത്താൻ ഒരു രാഷ്ട്രീയ പാർട്ടിയ്ക്കും ഇവിടെ യാതൊരു മടിയും ഇല്ല.. രാഷ്ട്രീയ കൊലപാതകം നടത്തി ജയിലിൽ പോയ ശേഷം ജാമ്യത്തിലിറങ്ങുന്നവർക്ക് സ്വാതന്ത്ര സമര സേനാനികൾക്ക് നൽകുന്ന മട്ടിലുള്ള ഉജ്ജ്വല സ്വീകരണം നടത്തുന്ന രാഷ്ട്രീയ പാർട്ടികളാണ് സായുധ കലാപത്തിന് പ്രേരിപ്പിച്ചു എന്ന് പറഞ്ഞു മാവോയിസ്റ്റുകളെ വെടി വെച്ചു കൊല്ലുന്നത് ആഘോഷിക്കുന്നത്..തോക്കും ബോംബും സ്വന്തമായി നിർമിക്കുകയും പ്രയോഗിക്കുകയും ചെയുന്ന അതേ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ തന്നെ..എമ്മാതിരി കപടത ആണ്..

5. ഈ മാവോയിസ്റ്റുകൾ എന്തിനാണ് ഈ പൊട്ടാസ് പൊട്ടിക്കുന്ന തോക്കുമായി ഇങ്ങനെ അട്ട കടിയും കൊണ്ട് കാട്ടിൽ അലഞ്ഞു തിരിയുന്നത്..ഇവിടെ നാട്ടിലേക്ക് നോക്കൂ ഇടത് വലത്, വ്യത്യാസം ഇല്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലോക്കൽ നേതാക്കൾ വരെ മുഴുവൻ സമയ പൊതു പ്രവർത്തകരാണ്. ഇവർക്കൊന്നും മറ്റെന്തെങ്കിലും ജോലിയോ വരുമാനമോ ഉള്ളതായി നമുക്ക് അറിയില്ല. ഇവർ എങ്ങനെയാണ് ജീവിക്കുന്നത്. എന്താണ് ഇവരുടെ വരുമാനം.ഇവർക്ക് അതാത് പാർട്ടികൾ മാസ ശമ്പളം കൊടുക്കാറുണ്ടോ ..ഉണ്ടെങ്കിൽ എത്ര..ഇല്ലെങ്കിൽ മുഴുവൻ സമയ പൊതു പ്രവർത്തനം നടത്തുന്ന ഇവർക്ക് എന്താണ് വരുമാന സ്രോതസ്സ്. ചില ജനപ്രതിനിധികളും , രാഷ്ട്രീയ നേതാക്കളും കുറച്ചുകാലത്തെ പൊതു പ്രവർത്തനം കൊണ്ട് എങ്ങനെയാണ് ഇത്രയധികം ധന സമ്പാദനം നടത്തുന്നത്..ഓ ചോദിക്കാൻ പാടില്ലല്ലോ അല്ലേ..ആകയാൽ നമുക്ക് അപകടകാരികളായ മാവോയിസ്റ്റുകളെ പറ്റി സംസാരിക്കാം...ആരൊക്കെ ഈ മാവോയിസ്റ്റുകളെ നേരിൽ കണ്ടിട്ടുണ്ട് എന്ന ചോദ്യങ്ങൾ ഒന്നും ചോദിക്കരുത്..തണ്ടർ ബോൾട്ട് പോലീസ് അവരെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്..അത് വിശ്വസിച്ചാൽ മതി...പോലീസ് തരുന്ന വാർത്ത വെള്ളം തൊടാതെ പ്രസിദ്ധീകരിക്കുക എന്ന മാധ്യമ ധർമവും ഇവിടെ അനുവർത്തിക്കാറുണ്ട്.

അപ്പോൾ ശരി ഇനി നമുക്ക് നോർത്തിൻഡ്യയിലെ ഫെയ്ക്ക് എൻകൗണ്ടർ കൊലപാതകങ്ങളെ പറ്റി സംസാരിക്കാം..അവിടുത്തെ മനുഷ്യാവകാശ / ജനാധിപത്യ വിരുദ്ധതയെ പറ്റിയും ഫാസിസത്തെ പറ്റിയും സെമിനാറുകൾ നടത്താം..അപ്പോൾ ശരി എല്ലാ സാംസ്കാരിക പ്രവർത്തകരും റെഡി അല്ലേ. ആ ഉത്തരേന്ത്യൻ കണ്ണട എടുത്തു വെക്കൂ..നമുക്ക് ഉത്തരേന്ത്യൻ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലെ മനുഷ്യാവകാശ / ജനാധിപത്യ വിരുദ്ധത , ഫാസിസം എന്നിവയെപ്പറ്റി പ്രതികരണ കുറിപ്പ് തയ്യാറാക്കാം...
First published: March 9, 2019, 8:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories