• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒറ്റപ്പാലത്തെ മെട്രോ ട്രയിൻ

news18
Updated: May 16, 2018, 10:43 AM IST
ഒറ്റപ്പാലത്തെ മെട്രോ ട്രയിൻ
news18
Updated: May 16, 2018, 10:43 AM IST
കഴിഞ്ഞദിവസം അന്തരിച്ച നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് തന്നിലുണ്ടാക്കിയ കഥാപ്രപഞ്ചത്തെക്കുറിച്ച് അനുസ്മരിക്കുന്ന സംവിധായകൻ ലാൽജോസ് എന്തുകൊണ്ടാണ് ആ എഴുത്തുകാരൻ മലയാളിയുടെ പൊതുവേദികളിൽ ചർച്ചയാകാതെ പോയതെന്ന് ചോദിക്കുന്നു.

നാടിനെ പ്രകമ്പനം കൊളളിച്ച കൊലപാതകം. നാട്ടുപ്രമാണിയായ സമ്പന്നൻ സംശയത്തിന്‍റെ നിഴലിൽ.

അന്വേഷണം ഏറ്റെടുത്തിരിക്കുന്ന ഡിറ്റക്ടീവ് തന്നെ തേടിയെത്തുമോയെന്ന ഉൾഭയത്തോടെ അയാൾ മാളികയിലിരിക്കുന്നു. അപ്പോഴാണ് കാവൽക്കാരൻ വരുന്നത്. അയാളുടെ കയ്യിൽ ഒരു തുണ്ട് കടലാസ്. മുതലാളിക്ക് തരാനായി ഒരു അപരിചതൻ ഏൽപ്പിച്ചതാണ്.

നിവരുന്ന തുണ്ടു കടലാസ്. അതിൽ ഒരു സൂര്യകാന്തിപൂവിന്റെയും കിരീടത്തിന്റേയും ചിത്രം. ഡിറ്റക്ടീവ് പുഷ്പരാജിന്‍റെ കൊലമാസ് എൻട്രി സീനാണത്. മനസ്സിന്റെ തീയേറ്ററിൽ എന്റെ കൗമാരം എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. പിന്നെ പുസ്തകത്തിന്റെ താളുകൾ മറിഞ്ഞത്, ഡിറ്റക്ടീവ് സാഹിത്യഭാഷയിൽ പറഞ്ഞാൽ, വെടിയുണ്ട വേഗത്തിലാണ്.

വായിച്ച് പുസ്തകം മടക്കുമ്പോൾ എഴുത്തുകാരൻ പുഷ്പനാഥ് ഒരു അയഥാർത്ഥ മനുഷ്യനാണെന്ന് ചിലപ്പോൾ തോന്നും. ഡിറ്റക്ടീവ് മാക്സിമും ഡിറ്റക്ടീവ് പുഷ്പരാജും യാഥാർത്ഥ്യമാണെന്നും അവരുടെ ജീവിതത്തെ പിന്തുടരുന്ന അദൃശ്യ മനുഷ്യനാണ് കോട്ടയം പുഷ്പനാഥെന്നും ഇടക്കാലത്ത് ഞാൻ ഭാവന ചെയ്തിരുന്നു. എഴുത്തുകാരനും വായനക്കാരനും ഇടയിലുണ്ടാകാനിടയുളള വൈകാരികമായ ഇഴയടുപ്പമല്ല കോട്ടയം പുഷ്പനാഥിനോടുളളത്.
ഒരു മായാജാലക്കാരനോട് തോന്നുന്ന ഭയത്തോടെയാകണം കോട്ടയം പുഷ്പനാഥ് എന്ന പേര് മനസ്സിൽ പതിഞ്ഞിട്ടുണ്ടാവുക. ഒരു വിദേശ നഗരവും കാണാതെയാണ് കോട്ടയം പുഷ്പനാഥ് അന്താരാഷ്ട്രാ പരിസരങ്ങളിൽ സംഭവിക്കുന്ന കഥകൾ സൃഷ്ടിച്ചത്.

അവിശ്വാസത്തിന്‍റെഒരു കണിക പോലും ഇല്ലാതെ ഞങ്ങളാ കഥാപാത്രങ്ങളെ സ്വീകരിച്ചു. ലോകത്തിലേക്കുള്ള ഒരു കവാടം അറിയാതെ നമുക്ക് മുന്നിൽ തുറന്നിടുകയായിരുന്നു ആ വായനകൾ എന്ന് ഇപ്പോൾ തോന്നുന്നു. ഒരു കാലത്ത് ഒരേ സമയം പതിനൊന്ന് കുറ്റാന്വേഷണ നോവലുകളാണ് അദ്ദേഹം എഴുതിയിരുന്നതത്രേ. ഓരോ വരിയിലും ഉദ്വേഗം. സംഭവങ്ങൾക്ക് നമ്മൾ ദൃക്സാക്ഷിയാവുകയാണെന്ന് തോന്നിപോകും.
Loading...വായിച്ച് വർഷങ്ങൾ കഴിഞ്ഞാലും ആ കഥാപരിസരങ്ങൾ വിട്ടുപോവുകയില്ല. അതു കൊണ്ടെന്താ, ഉച്ചമയങ്ങി കിടക്കുന്ന ഒറ്റപ്പാലത്തെ ചെറിയ ചെമ്മൺ ഇടവഴിയിലൂടെ സൈക്കിൾ ചവുട്ടി പോകുമ്പോൾ പെട്ടന്ന് അപ്പുറത്തെ തിരിവിനപ്പുറം ഭൂഗർഭലണ്ടൻ മെട്രോട്രെയിൻ കുതിച്ച് പോകുന്ന ഒച്ചകേട്ടുവോയെന്ന് സംശയം. ഉറങ്ങാൻ കിടക്കുമ്പോൾ മുറിക്ക് പുറത്ത് നിന്ന് ഡിറ്റക്ടീവ് മാക്സിം ഹാഫ് എ കൊറോണ ചുരുട്ട് വലിക്കുന്നതിന്‍റെ ഗന്ധം. സെക്കൻഡ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് വീട്ടിലേക്ക് നടക്കുമ്പോൾ എത്ര തടഞ്ഞു നിർത്താൻ ശ്രമിച്ചാലും അനുവാദം ചോദിക്കാതെ മനസ്സിലേക്ക് തളളിക്കേറി വരുന്ന ചുവന്ന മനുഷ്യനും രക്തരക്ഷസ്സുകളും.

ഇത്തരം ഭ്രമകല്പനകൾകൂടി കലർന്നതാണ് ഞങ്ങളുടെ തലമുറയുടെ കൗമാരം. വായന് എന്ന അനുഭവത്തിലേക്ക് ഒറ്റപ്പാലത്തെ ആ കൗമാരക്കാരൻ പിൽക്കാലത്ത് നിലതെറ്റി വീണത് ഡിറ്റക്ടീവ് നോവലുകളുടെ പിന്നാലെ പാഞ്ഞതിനാലാണെന്ന് തുറന്നു പറയാൻ എനിക്ക് മടിയില്ല. എന്നാൽ, വലിയ സാഹിത്യകുതുകികളിൽ പലരും പാപം ചെയ്യുന്നതു പോലെ രഹസ്യമായാണ് ഡിറ്റക്ടീവ് നോവലുകൾ വായിച്ചിരുന്നത്.

അതിനാൽ തന്നെ സൗഹൃദസദസ്സുകളുടെ കുമ്പസാരക്കൂട്ടിൽ മാത്രമേ ഈ വായനാരഹസ്യം അവർ ഏറ്റുപറയൂ. ഫലമോ കോട്ടയം പുഷ്പനാഥിനെ പോലുള്ള പ്രതിഭകൾക്ക് ഒരിക്കലും മുഖ്യധാരയുടെ പരസ്യ പ്രോത്സാഹനമില്ല. ഇംഗ്ലീഷിലൊക്കെ സ്ഥിതി എത്രയോ വ്യത്യസ്തമാണ്. പൾപ് ഫിക്ഷൻ എഴുത്തുകാർ അവിടെ സെലിബ്രിറ്റികളാണ്. അതും ഒരു സാഹിത്യശാഖ തന്നെയാണെന്ന പരിഗണന നൽകാൻ മലയാളി ഹിപ്പോക്രസി തയ്യാറല്ല. നല്ല ബെസ്റ്റ് സെല്ലർ സാഹിത്യം നമുക്കില്ലാതെ പോകുന്നതിനാൽ സാധാരണക്കാരന്‍റെ വായന ക്ഷീണിച്ചില്ലാതെയാവുകയാണെന്ന വസ്തുത കൂടി നാം ഓർക്കണം.
First published: May 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...