കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻസി പി എം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് സർക്കാർ തന്നെ താൽക്കാലികമായി പിൻവലിച്ച സംഭവത്തിൽ ആയിരുന്നു സനൽ കുമാർ ശശിധരന്റെ പ്രതികരണം. പിണറായി വിജയൻ സി പി എം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് പിണറായി സർക്കാർ കൊണ്ടുവന്ന ഒരു ഓർഡിനൻസ് പാർട്ടിക്ക് അഹിതമായി മാറിയതെന്നും അദ്ദേഹം ചോദിച്ചു.
'പിണറായി സിപിഎം ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ പിന്നെ എങ്ങനെയാണ് പിണറായി സർക്കാർ കൊണ്ടുവന്ന ഒരു ഓർഡിനൻസ് പാർട്ടിക്ക് അഹിതമായി മാറി?' - ഇങ്ങനെയാണ് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് നിയമഭേദഗതി പരിശോധിക്കും എന്ന് സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്.
കഴിഞ്ഞദിവസം പൊലീസ് നിയമ ഭേദഗതിയിലെ 118 എയ്ക്ക് എതിരെയും സനൽകുമാർ ശശിധരൻ രംഗത്ത് എത്തിയിരുന്നു. 118A കരി നിയമമൊന്നുമല്ലെന്നും നഗ്നനായ രാജാവിന് ശിഷ്ടകാലം കഞ്ഞികുടിച്ചുപോകാനുള്ള അരി നിയമമാണെന്നും ആയിരുന്നു കുറിച്ചത്.
ആ കുറിപ്പ് ഇങ്ങനെ,
'രാജാവ് നഗ്നനാണ്. പരിവാരങ്ങളും ജനതയും പണ്ടേ നഗ്നരാണ്. പക്ഷേ രാജാവ് എഴുന്നള്ളുമ്പോൾ സത്യം വിളിച്ചുപറഞ്ഞാൽ അത് അപകീർത്തികരമാകുമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്! #118A കരി നിയമമൊന്നുമല്ല. നഗ്നനായ രാജാവിന് ശിഷ്ടകാലം കഞ്ഞികുടിച്ചുപോകാനുള്ള അരി നിയമമാണ്. #%€ സിന്ദാബാദ്!'
കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനം സർക്കാർ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അറിയിച്ചിരുന്നു. വാർത്താകുറിപ്പിലൂടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നു വന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നില കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും' എന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. പാർട്ടിയിൽ നിന്ന് ഉൾപ്പെടെ എതിരഭിപ്രായം ഉയർന്നതിനെ തുടർന്ന് ആയിരുന്നു പൊലീസ് നിയമഭേദഗതി നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.