HOME » NEWS » Kerala » DIRECTOR VIDHU VINCENT CONGRATS NFI AWARD WINNER SUNDAR RAJ

'നമ്മുടെ സിനിമക്ക് കൂടി കിട്ടിയ അംഗീകാരം'; എൻഎഫ്ഐ അവാർഡ് നേടിയ സുന്ദറിനെ അഭിനന്ദിച്ച് സംവിധായിക വിധു വിൻസന്റ്

പരിചയപ്പെടുന്ന സമയത്ത് സ്കാവഞ്ചിംഗ് പണി ചെയ്യുന്ന പ്രത്യേക വിഭാഗക്കാരായ തൊഴിലാളികളെ ''സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു സുന്ദർ രാജ്. തന്റെ അപ്പൂപ്പനും അപ്പനും അമ്മയും ഒക്കെ എടുത്തിരുന്ന പണി താനായിട്ട് തുടരേണ്ടതില്ലായെന്ന തീരുമാനത്തെ കുറിച്ച് ചോദിച്ചപ്പോൾ സുന്ദർ അന്ന് പറഞ്ഞ മറുപടി ഞാനിപ്പോഴും ഓർക്കുന്നു.''

News18 Malayalam | news18-malayalam
Updated: April 22, 2021, 1:10 PM IST
'നമ്മുടെ സിനിമക്ക് കൂടി കിട്ടിയ അംഗീകാരം'; എൻഎഫ്ഐ അവാർഡ് നേടിയ സുന്ദറിനെ അഭിനന്ദിച്ച് സംവിധായിക വിധു വിൻസന്റ്
സുന്ദർ രാജ്, വിധു വിൻസന്റ്
  • Share this:
തിരുവനന്തപുരം: സ്കാവഞ്ചിംഗ് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്കിടയിൽ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള ഈ വർഷത്തെ നാഷണൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സി സുബ്രഹ്മണ്യം അവാർഡിന് അർഹനായത് കൊല്ലം സ്വദേശിയായ എം സുന്ദർ രാജിനാണ്. ഈ രംഗത്ത് പ്രവർത്തിക്കുന്ന 15 പേർക്കാണ് അവാർഡ് നൽകിയിരിക്കുന്നത്. ഇപ്പോൾ അവാർഡ് നേടിയ സുന്ദർരാജിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് 'മാൻഹോൾ' സംവിധായിക വിധു വിൻസന്റ്. സുന്ദർരാജിനെയും ഓട്ടോ ഡ്രൈവറായിരുന്ന രവിയെയും പരിചയപ്പെട്ടില്ലായിരുന്നുവെങ്കിൽ സത്യത്തിൽ മാൻഹോൾ എന്ന സിനിമ തന്നെ ഉണ്ടാകില്ലായിരുന്നുവെന്നും ഇവരിലൂടെയാണ് തോട്ടിപ്പണി ചെയ്യുന്ന മനുഷ്യരുടെ ജീവിതങ്ങളെ അടുത്ത് പരിചയപ്പെടുന്നതെന്നും വിധു വിൻസന്റ് കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

കോവിഡ് വാർത്തകളിൽ തലപെരുത്ത് ഇരിക്കുമ്പോഴാണ് സുന്ദർ രാജിന്റെ ഫോൺ വന്നത്. നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യയുടെ സി. സുബ്രഹ്മണ്യം അവാർഡിനായി ഈ വർഷം കേരളത്തിൽ നിന്ന് കൊല്ലം സ്വദേശിയായ എം. സുന്ദർ രാജിനെ തെരഞ്ഞെടുത്തിരിക്കുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സ്കാവഞ്ചിംഗ് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്കിടയിൽ നടത്തിയ പ്രവർത്തനങ്ങളെ മാനിച്ച് ഈ വർഷത്തെ NFI അവാർഡുകൾ ഈ രംഗത്ത് പ്രവർത്തിക്കുന്ന സുന്ദർ രാജ് അടക്കമുളള15 പേർക്കാണ് നല്കിയിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.. സുന്ദർരാജിനെ പരിചയപ്പെടുന്നത് 2014ലാണ്.

Also Read- തെരഞ്ഞെടുപ്പിനിടെ മാർഗനിർദേശം പാലിക്കാത്തത് കോവിഡ് വ്യാപനത്തിന് കാരണമായെന്ന് ഐഎംഎ

കൊല്ലം കോർപറേഷനിൽ സ്കാവഞ്ചിംഗ് തൊഴിലാളിയായിരുന്ന പാപ്പാത്തിയുടെ മകൻ സുന്ദർരാജിനെയും ഓട്ടോ ഡ്രൈവറായിരുന്ന രവിയെയും പരിചയപ്പെട്ടില്ലായിരുന്നുവെങ്കിൽ സത്യത്തിൽ മാൻഹോൾ എന്ന സിനിമ തന്നെ ഉണ്ടാകില്ലായിരുന്നു. ഇവരിലൂടെയാണ് തോട്ടിപ്പണി ചെയ്യുന്ന മനുഷ്യരുടെ ജീവിതങ്ങളെ ഞാനടുത്ത് പരിചയപ്പെടുന്നത്. പരിചയപ്പെടുന്ന സമയത്ത് സ്കാവഞ്ചിംഗ് പണി ചെയ്യുന്ന പ്രത്യേക വിഭാഗക്കാരായ തൊഴിലാളികളെ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു സുന്ദർ രാജ്. തന്റെ അപ്പൂപ്പനും അപ്പനും അമ്മയും ഒക്കെ എടുത്തിരുന്ന പണി താനായിട്ട് തുടരേണ്ടതില്ലായെന്ന തീരുമാനത്തെ കുറിച്ച് ചോദിച്ചപ്പോൾ സുന്ദർ അന്ന് പറഞ്ഞ മറുപടി ഞാനിപ്പോഴും ഓർക്കുന്നു.

"ഞങ്ങളുടെ ജീവിതങ്ങളിൽ നിന്ന് അന്തസ്സ് ചോർത്തി കളഞ്ഞ ഈ പണി എന്റെ തലമുറയോടെ അവസാനിക്കണമെന്നും ഈ രാജ്യത്തെ ഏതൊരാൾക്കും ആത്മാഭിമാനത്തോടെ ആ പണിയിൽ ഏർപ്പെടാൻ കഴിയുമ്പോ മാത്രമേ താൻ അതിലേർപ്പെടൂ " എന്നും പറഞ്ഞ ഒരു സായാഹ്നം മുതൽക്കാണ് ഞങ്ങൾക്കിടയിലെ സൗഹൃദം തുടങ്ങുന്നത്. അത് പിന്നീട് വൃത്തിയുടെ ജാതി എന്ന ഡോക്യുമെന്ററിയും മാൻഹോൾ എന്ന സിനിമയും ഒക്കെ ചെയ്യാൻ കാരണമായി. മാൻ ഹോളിൽ അഭിനേതാവായും സുന്ദർ രാജ് ഉണ്ടായിരുന്നു.

Also Read- 'എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന ആശിഷ് ഞങ്ങൾ സഹപാഠികൾക്ക് എന്നും ആത്മമിത്രമായിരുന്നു': ആശിഷ് യെച്ചൂരിയെ അനുസ്മരിച്ച് ചാണ്ടി ഉമ്മൻ

ദേശീയ തലത്തിൽ ബസ്വാദാ വിത്സൺ നേതൃത്വം നല്കുന്ന സഫായി കർമ്മ ചാരി സമിതിയുടെ സംസ്ഥാന തല കൺവീനർ കൂടിയാണ് സുന്ദർ. തോട്ടിപ്പണി ചെയ്യുന്ന തൊഴിലാളികളെ കണ്ടെത്തുന്നതിനും അവരെ സംഘടിപ്പിക്കുന്നതിനും NS KFDC (ദേശീയ സഫായി കർമ്മചാരി ഫിനാൻസ് ഡെവലപ്മെന്റ് കോർപറേഷൻ) നും സംസ്ഥാന ശുചിത്വ മിഷനും ചേർന്ന് സംസ്ഥാനത്ത് 4 ജില്ലകളിലായി സംഘടിപ്പിച്ച സർവ്വെയുടെ അമരക്കാരിലൊരാളായി സുന്ദറുമുണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായി ആയിരത്തോളം വരുന്ന തൊഴിലാളികളെ ഐഡന്റിഫൈ ചെയ്യുന്നതിനും അവർക്ക് സർക്കാരിൽ നിന്ന് ലഭിക്കേണ്ട ധനസഹായം എത്തിക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ വളരെ നിശ്ശബ്ദമായി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു ഇദ്ദേഹം. സുന്ദറിന് ലഭിച്ച ഈ അംഗീകാരത്തിൽ മാൻഹോൾ ടീമിനും ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. നമ്മുടെ സിനിമക്ക് കൂടി കിട്ടിയ അംഗീകാരമായി ഈ പുരസ്കാരത്തെ ഞങൾ കരുതുന്നു. ഒരിക്കൽ കൂടി സുന്ദറിന് എല്ലാ ഭാവുകങ്ങളും.
Published by: Rajesh V
First published: April 22, 2021, 1:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories