തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ ലഭ്യമായ വോട്ടര്പട്ടിക്ക ചോര്‍ത്തിയെന്ന പേരില്‍ താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് ഉണ്ടാ ക്രമക്കേടിന് പരിഹാരമല്ലെന്ന് രമേശ് ചെന്നിത്തല. വ്യാജ വോട്ടുകള്‍ ചേര്‍ത്തവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
നാലരലക്ഷം വ്യാജ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്‍പേ കമ്മീഷന് കൈമാറിയിട്ടും ഇരട്ട വോട്ട് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. പക്ഷേ ഈ അന്വേഷണം കൊണ്ട് എന്ത് പ്രയോജനം ആണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇനി തെരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തരമായി ചെയ്യേണ്ടത് വോട്ടര്‍പട്ടിക ശുദ്ധീകരിക്കുക എന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിലെ ലാപ്ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഐ ടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഢാലോചന, മോഷണ കുറ്റങ്ങളും ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി ഷാനവാസിനാണ് അന്വേഷണ ചുമതല.
Also Read-'ഓപ്പറേഷന് പ്രവാഹ്' ഒരുങ്ങുന്നു; കൊച്ചി വിമാനത്താവളം ഇനി വെള്ളപ്പൊക്കത്തില്‍ മുങ്ങില്ല
വോട്ടര്‍ പട്ടിക വിവരങ്ങള്‍ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. ജോയിന്റ് ചീഫ് ഇലക്ട്രല്‍ ഓഫീസറാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ആരാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് പറയുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഇരട്ട വോട്ട് വലിയ വിവാദമായിരുന്നു. ഇരട്ടവോട്ട് ആരോപണങ്ങള്‍ ഉന്നയിച്ചത് അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയായിരുന്നു. സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും വലിയ വീഴ്ച പറ്റിയ ഇരട്ട വോട്ട് വിവാദത്തില്‍ 38,000ത്തോളം വോട്ട് ഇരട്ടിപ്പ് നടന്നുവെന്ന് കമ്മീഷന് സമ്മതിക്കേണ്ടി വന്നിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം ഏത് രീതിയിലായിരിക്കും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സി-ഡാക്കും കെല്‍ട്രോണുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സാങ്കേതിക സഹായം നല്‍കിയിരുന്നത്. കെല്‍ട്രോണുമായുള്ള കരാര്‍ കമ്മിഷന് പൂര്‍ണമായും റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി പ്രവര്‍ത്തിച്ച കെല്‍ട്രോണ്‍ ജീവനക്കാരോട് തിരികെ പോകാനും നിര്‍ദേശിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.