• HOME
  • »
  • NEWS
  • »
  • kerala
  • »
  • എറണാകുളത്ത് ഇടത് മുന്നണിയിൽ കലാപക്കൊടി; എൽ ജെ ഡി ഒറ്റയ്ക്ക് മത്സരിക്കും

എറണാകുളത്ത് ഇടത് മുന്നണിയിൽ കലാപക്കൊടി; എൽ ജെ ഡി ഒറ്റയ്ക്ക് മത്സരിക്കും

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എത്തിയതോടെ തങ്ങളെ അവഗണിക്കുകയാണെന്നാണ് എല്‍ജെഡിയുടെ ആരോപണം.

ljd -ernakulam

ljd -ernakulam

  • Share this:
കൊച്ചി: എറണാകുളം ജില്ലയിൽ  എല്‍ഡിഎഫിലെ സീറ്റ് വിഭജനത്തിനെതിരെ ഘടകകക്ഷികളുടെ  പ്രതിഷേധം. എൽ  ഡി  എഫിലേക്ക് തിരിച്ചെത്തിയ എല്‍ജെഡിയാണ് പ്രതിഷേധത്തിൽ മുന്നിൽ. കൊച്ചി കോര്‍പ്പറേഷനിലെയും കളമശ്ശേരി നഗരസഭയിലെയും സീറ്റ് വിഭജനത്തില്‍ കലഹിച്ച് ഒറ്റക്ക് മത്സരിക്കാനാണ് എല്‍ജെഡിയുടെ തീരുമാനം. എൻസിപിയും ജനതാദൾ എസും കലാപക്കൊടി ഉയർത്തി കഴിഞ്ഞു.

എൽ ഡി എഫിലേക്ക് തിരിച്ചെത്തുമ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷകൾ എല്‍ജെഡിയുടെ കീഴ് ഘടകങ്ങൾക്ക് ഇപ്പോഴില്ല. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എത്തിയതോടെ തങ്ങളെ അവഗണിക്കുകയാണെന്നാണ് എല്‍ജെഡിയുടെ ആരോപണം. എറണാകുളം ജില്ലയിൽ എവിടെയും ഒരു സീറ്റു പോലും നൽകിയില്ലെന്നു മുതിർന്ന നേതാവായ കെ ജെ സോഹന്‍ പറയുന്നു. അർഹമായ പരിഗണന ലഭിക്കുമെന്നാണ്  എൽജെഡി കരുതിയിരുന്നത്.

കഴിഞ്ഞ  തവണ  യുഡിഎഫിന്റെ  ഭാഗമായി ഇരുന്നപ്പോൾ  മൂന്നു സീറ്റാണ് കൊച്ചി കോർപ്പറേഷനിൽ ലഭിച്ചത്. എൽഡിഎഫിലേക്ക് തിരിച്ചെത്തിയപ്പോൾ  രണ്ടു സീറ്റ് മാത്രമാണ്  കോർപ്പറേഷനിൽ ചോദിച്ചത്. എന്നാൽ  ഒന്നും നൽകിയില്ല. മുതിർന്ന നേതാക്കൾക്ക്  സംസ്ഥാനതലത്തിൽ അർഹമായ അംഗീകാരം മുന്നണി നൽകി . എന്നാൽ തദ്ദേശ   തെരഞ്ഞെടുപ്പിലേക്ക് വന്നപ്പോൾ  പാർട്ടിയെ അവഗണിച്ചു. മലബാറിൽ അല്പം പരിഗണന കിട്ടി. പക്ഷേ മധ്യ കേരളത്തിൽ ജോസ് കെ മാണിക്കായി  സിപിഎം തന്നെ തങ്ങളെ വെട്ടിനിരത്തുകയായിരുന്നുവെന്ന് നേതാക്കൾ പറയുന്നു.

അവഗണയിൽ  പ്രതിഷേധിച്ച് ഫോര്‍ട്ട് കൊച്ചി വെളി, തൃക്കണാര്‍വട്ടം, ഗാന്ധിനഗര്‍ ഡിവിഷണുകളില്‍ പാര്‍ട്ടി മത്സരിക്കും. മുന്‍ മേയര്‍ കെ ജെ സോഹനാണ് ഫോര്‍ട്ട് കൊച്ചി വെളിയില്‍ മത്സരിക്കുക. 1979 മുതല്‍ പാര്‍ട്ടി മത്സരിക്കുന്ന സീറ്റാണിതെന്ന് എല്‍ജെപി നേതാക്കള്‍ പറയുന്നു.

ജില്ലാ പഞ്ചായത്തില്‍ കടുങ്ങില്ലൂര്‍ ഡിവിഷനിലാണ് എല്‍ജെഡി മത്സരിക്കുക. അതേസമയം കളമശ്ശേരി നഗരസഭയില്‍ എല്‍‌ജെഡിക്ക് പുറമേ എന്‍സിപിയും  ജനതാദള്‍ എസും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരരംഗത്തുണ്ട്. കളമശേരിയില്‍ ജനറല്‍ വാര്‍ഡുകള്‍ ലഭിക്കാത്തതാണ് എന്‍സിപിയുടെ പിണക്കത്തിന് കാരണം.

നേരത്തേ മത്സരിച്ച വാര്‍ഡ് ലഭിക്കാത്തതും ലഭിച്ച വാര്‍ഡില്‍ മുന്നോട്ട് വെച്ച സ്ഥാനാര്‍ഥിയെ സിപിഎം അംഗീകരിക്കാത്തതുമാണ് കളമശ്ശേരി നഗരസഭയില്‍ ഒറ്റക്ക് മത്സരിക്കാനുള്ള ജനതാദള്‍ (എസ്) ന്റെ തീരുമാനത്തിന് പിന്നില്‍.
Published by:Anuraj GR
First published: