വർഗീയ പ്രചരണത്തിന്റെ പേരിൽ അയോഗ്യത: കെ.എം ഷാജിക്ക് രണ്ട് മുൻഗാമികൾ

News18 Malayalam
Updated: November 9, 2018, 4:21 PM IST
വർഗീയ പ്രചരണത്തിന്റെ പേരിൽ അയോഗ്യത: കെ.എം ഷാജിക്ക് രണ്ട് മുൻഗാമികൾ
നിയമസഭ
  • Share this:
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ വർഗീയത പ്രചരിപ്പിച്ചുവെന്ന പേരില്‍ അയോഗ്യനാക്കപ്പെടുന്ന കേരളത്തിലെ മൂന്നാമത്തെ ജനപ്രതിനിധിയാണ് കെ.എം ഷാജി. എം.ജെ ജേക്കബ്, പി.സി തോമസ് എന്നിവരെയാണ് മുൻപ് ഹൈക്കോടതി അയോഗ്യരാക്കിയത്. ഇതിൽ ഒരുകേസിൽ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയെങ്കിൽ രണ്ടാമത്തേതിൽ‌ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു.

കെ.എം ഷാജിക്കെതിരായ വിധിക്ക് രണ്ടാഴ്ച സ്റ്റേ

പിറവത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം.ജെ ജേക്കബിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദ് ചെയ്തത്. മൂവാറ്റുപുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി തോമസിനെതിരായ വിധി സുപ്രീംകോടതി ശരിവക്കുകയും ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി വ്യക്തമാക്കിയതോടെ സമാനമായ വിധിയിൽ പുതിയൊരു നിയമപോരാട്ടത്തിനാണ് വഴിതെളിയുന്നത്.

'കിണറ്റില്‍' നിന്ന് ഉയര്‍ന്ന് നികേഷ് കുമാര്‍; അനുകൂല വിധി എംവിആറിന്റെ ചരമദിനത്തില്‍

2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍നിന്നും വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി തോമസിനെ ഹൈക്കോടതി അയോഗ്യനാക്കി. മണ്ഡലത്തിലെ കത്തോലിക്കാ വോട്ടര്‍മാരുടെ മതവികാരം ചൂഷണം ചെയ്യുന്നവിധം നോട്ടീസും കലണ്ടറും അച്ചടിച്ചു വിതരണം ചെയ്തുവെന്നും വോട്ടിങ് ദിനത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തിയെന്നുമുള്ള എതിര്‍ സ്ഥാനാർത്ഥിയുടെ ആരോപണം ശരിവച്ചാണ് ഹൈക്കോടതി തോമസിനെ അയോഗ്യനാക്കിയത്. അപ്പീൽ പോയെങ്കിലും ഹൈക്കോടതിവിധി ശരിവക്കുകയാണ് സുപ്രീംകോടതി ചെയ്തത്.

2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പിറവത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം ജെ ജേക്കബ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എം ജേക്കബിനെ 5150 വോട്ടിന് പരാജയപ്പെടുത്തി. എന്നാല്‍ എം.ജെ ജേക്കബ് വർഗീയാടിസ്ഥാനത്തില്‍ വോട്ട് തേടിയെന്നാരോപിച്ച് പിറവത്തെ ഒരു വോട്ടര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് ഹൈക്കോടതി എം.ജെ ജേക്കബിനെ അയോഗ്യനാക്കി. വിധിക്കെതിരെ എം.ജെ ജേക്കബ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. 2008ല്‍ സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദ് ചെയ്തു.

മറ്റു കാരണങ്ങളാല്‍ അയോഗ്യത നേരിട്ട ജനപ്രതിനിധികളിൽ പിസി ജോര്‍ജും ബാലകൃഷ്ണപിള്ളയും ഉൾപ്പെടുന്നു. 2016ല്‍ കെ.എം മാണിയുടെ പരാതിയെത്തുടര്‍ന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ പി.സി ജോർജിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി. ജോർജിന്റെ രാജിക്കത്ത് സ്വീകരിക്കാതെയാണ് സ്പീക്കര്‍ ജോർജിനെ അയോഗ്യനാക്കിയത്. പക്ഷേ ഈ തീരുമാനം ഹൈക്കോടതി റദ്ദു ചെയ്തു. 1990 ജനുവരി 18ന് സ്പീക്കര്‍ വര്‍ക്കല രാധാകൃഷ്ണന്‍ ബാലകൃഷ്ണപിള്ളയെ അയോഗ്യനാക്കി. 1989ല്‍ ജോസഫ് ഗ്രൂപ്പില്‍നിന്ന് പുറത്തുവന്ന് പാര്‍ട്ടി രൂപീകരിച്ചതിനെത്തുടര്‍ന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരമായിരുന്നു അയോഗ്യത. ഈ കേസിൽ ബാലകൃഷ്ണപിള്ള അപ്പീലുമായി കോടതിയെ സമീപിച്ചില്ല.

First published: November 9, 2018, 4:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading