നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ചോർന്നൊലിച്ചും തകർന്നും KSRTC ടെർമിനൽ; മദ്രാസ് ഐഐടിയുടെ റിപ്പോർട്ട് പൂഴ്ത്തിയത് ആർക്ക് വേണ്ടി?

    ചോർന്നൊലിച്ചും തകർന്നും KSRTC ടെർമിനൽ; മദ്രാസ് ഐഐടിയുടെ റിപ്പോർട്ട് പൂഴ്ത്തിയത് ആർക്ക് വേണ്ടി?

    വി.എസ്‌. സര്‍ക്കാരിന്റെ കാലത്താണു സമുച്ചയം നിര്‍മിച്ചത്‌. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം. ഇതു നേട്ടങ്ങളുടെ പട്ടികയില്‍പ്പെടുത്തി പ്രചാരണായുധമാക്കി.

    കെഎസ്ആർടിസി കോഴിക്കോട് ടെർമിനൽ

    കെഎസ്ആർടിസി കോഴിക്കോട് ടെർമിനൽ

    • Share this:
    കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് മദ്രാസ് ഐഐടി കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ ശരിവെയ്ക്കുന്നതാണ് കെട്ടിടത്തിലെ കേടുപാടുകള്‍. ടെര്‍മിനലിന്റെ അണ്ടര്‍ഗ്രൗണ്ടിലെ പാര്‍ക്കിംഗ് ഏരിയ ചോര്‍ന്നൊലിക്കുകയാണ്. പലഭാഗങ്ങളിലും ചോര്‍ച്ചയുണ്ട്.  മുകള്‍ നിലകളില്‍ നിന്നുള്ള മഴവെള്ളം ഒലിച്ചിറങ്ങി ചുമരുകള്‍ കേടായിക്കൊണ്ടിരിക്കുന്നു. പാര്‍ക്കിംഗ് ഏരിയയില്‍ ചെറിയ മഴപെയ്താല്‍പോലും വെള്ളം കെട്ടിനില്‍ക്കുന്നു. ചുമരിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം പുറത്തേക്ക് പോകാന്‍ സംവിധാനമില്ലാത്തതിനാല്‍ സിമന്റിട്ട നിലത്ത് ചാലുകീറിയ നിലയിലാണ്. ഇവിടെ കോണ്‍ഗ്രീറ്റ് കമ്പികള്‍ പുറത്തുകാണുന്നു.

    കാറ്റും വെളിച്ചവുമില്ലാത്ത ബസ് സ്റ്റാന്‍ഡിലെ അവസ്ഥയും അഴിമതിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ബസ് ബേ നിര്‍മ്മിച്ചിരിക്കുന്നത് അശാസ്ത്രീയമായതിനാല്‍ ബസ്സുകള്‍ തൂണിലിടിക്കുന്നത് പതിവ് സംഭവം. ബസ് തട്ടി പൊളിയാത്ത ഒരൊറ്റ തൂണുപോലും കാണില്ല. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകളിലെ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ പോലും 75 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ടെര്‍മിനലിനകത്ത് ഇടമില്ല. 13 നിലകളിലായി മൂന്നേകാല്‍  ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച കെട്ടിടം എന്തിന് വേണ്ടിയായിരുന്നെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.

    കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ അശാസ്ത്രീയമായാണ് നിര്‍മ്മിച്ചതെന്ന് മദ്രാസ് ഐഐടി കണ്ടെത്തിയെന്നാണ് സൂചന. എന്നാൽ പഠന റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഞെട്ടിക്കുന്ന വിവരങ്ങളാണ് പഠന റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം. ഐഐടി റിപ്പോര്‍ട്ട് ശരിയാണെന്ന് മേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നു. എന്നാല്‍ പഠന റിപ്പോര്‍ട്ട് ശരിയല്ലെന്നാണ് ടെര്‍മിനലിന്റെ ആര്‍ക്കിടെക്റ്റായിരുന്ന ആര്‍ കെ രമേഷ് പറയുന്നത്.

    കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ അപാകതയില്ലെന്ന അവകാശവാദവുമായി നിര്‍മാണ കമ്പനി. ഗുണനിലവാര പരിശോധന കൃത്യമായി പൂര്‍ത്തിയാക്കിയാണ് സര്‍ക്കാറിന് കൈമാറിയതെന്ന് കെട്ടിടം പണിത കെ വി ജോസഫ് ആന്‍ഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വ്യക്തമാക്കി. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. നിര്‍മാണത്തില്‍ സര്‍ക്കാര്‍ പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചിരുന്നതാണെന്നും കമ്പനി ഡയറക്ടര്‍ കെ ജെ പോള്‍ പറഞ്ഞു. അറ്റകുറ്റപ്പണിയിലെ വീഴ്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

    കോഴിക്കോട്‌ ബസ്‌ ടെര്‍മിനല്‍ നിര്‍മാണത്തില്‍ പാലാരിവട്ടം പാലം മോഡല്‍ അഴിമതി നടന്നെന്ന അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ കരാറുകാരിലേക്കും വിരല്‍ ചൂണ്ടുന്നു. 50 കോടി വകയിരുത്തിയ പദ്ധതി 2015-ല്‍ പൂര്‍ത്തിയായപ്പോള്‍ ചെലവായത്‌ 74.63 കോടിയായിരുന്നു.

    അങ്കമാലി ബസ്‌ ടെര്‍മിനല്‍ നിര്‍മിച്ച അതേ കരാറുകാരനാണ്‌ കോഴിക്കോട്‌ ബസ്‌ ടെര്‍മിനലും കരാറെടുത്തത്‌. കെടിഡിഎഫ്‌സി ഉദ്യോഗസ്‌ഥരുടെ ഇടപെടലിലൂടെയാണ്‌ ഇയാള്‍ക്കു തന്നെ കരാര്‍ കിട്ടിയതെന്ന ആക്ഷേപം അന്നുയര്‍ന്നിരുന്നു.

    വി.എസ്‌. സര്‍ക്കാരിന്റെ കാലത്താണു സമുച്ചയം നിര്‍മിച്ചത്‌. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം. ഇതു നേട്ടങ്ങളുടെ പട്ടികയില്‍പ്പെടുത്തി പ്രചാരണായുധമാക്കി. എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി കോഴിക്കോട്‌ മത്സരിച്ച്‌ ജയിച്ച എ. പ്രദീപ്‌ കുമാറിന്റെ പ്രധാന തെരഞ്ഞെടുപ്പ്‌ പ്രചാരണ വിഷയവും സമുച്ചയത്തിന്റെ നിര്‍മാണ വേഗതയും സ്വപ്‌നസാക്ഷാത്‌കാരവുമായിരുന്നു.

    നിര്‍മാണത്തില്‍ ക്രമക്കേട്‌ കണ്ടെത്തിയതോടെ സി.പി.എം. പ്രതിരോധത്തിലായി. ബലക്ഷയമുണ്ടെന്ന ഐ.ഐ.ടി. റിപ്പോര്‍ട്ട്‌ തങ്ങളെ കാണിച്ചിട്ടില്ലെന്നും അതേപ്പറ്റി അറിഞ്ഞിരുന്നില്ലെന്നും കെട്ടിടം നടത്തിപ്പിനു കരാര്‍ ഏറ്റെടുത്ത അലിഫ്‌ ബില്‍ഡേഴ്‌സ്‌ ആവര്‍ത്തിക്കുമ്പോഴും കരാര്‍ സംബന്ധിച്ച ദുരൂഹത വീണ്ടും ചര്‍ച്ചയാകുന്നതും സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നു. തകരാറിനെക്കുറിച്ചോ പഠനത്തെക്കുറിച്ചോ കെട്ടിടം ഏറ്റെടുക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല.

    30 വര്‍ഷത്തെ നടത്തിപ്പിനായി 26 കോടിയോളം രൂപ കെടിഡിഎഫ്‌സിയിലേക്ക്‌ അടച്ചിട്ടുണ്ടെന്നും അലിഫ്‌ ബില്‍ഡേഴ്‌സ്‌ മാനേജിങ്‌ ഡയറക്‌ടര്‍ മൊയ്‌തീന്‍ കോയ മാധ്യമങ്ങളോടു പറഞ്ഞു. ചോര്‍ച്ചയടക്കമുള്ള ചില പ്രശ്‌നങ്ങളെക്കുറിച്ച്‌ അറിയിച്ചിരുന്നു. കെടിഡിഎഫ്‌സി മാനേജിങ്‌ ഡയറക്‌ടര്‍ സ്‌ഥലം സന്ദര്‍ശിച്ച്‌, ഇത്‌ പരിഹരിക്കാമെന്നു പറഞ്ഞു. പിന്നീട്‌ കരാര്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞ ശേഷമാണ്‌ ഐഐടിയുടെ പരിശോധനയില്‍ ചില തകരാറുകള്‍ കണ്ടെത്തിയെന്ന്‌ അറിയിച്ചത്‌.

    ആറുമാസത്തിനകം കെട്ടിടം ബലപ്പെടുത്തി പ്രശ്‌നം പരിഹരിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഈ കാലയളവ്‌ കരാറില്‍ നീട്ടി നല്‍കാമെന്നും അറിയിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹത്തിന്റെ വിശദീകരണം.
    Published by:Rajesh V
    First published:
    )}