• HOME
 • »
 • NEWS
 • »
 • kerala
 • »
 • പി.വി അൻവർ എം.എൽ.എയുടെ റിസോര്‍ട്ടിലെ തടയണകളും അനധികൃത നിര്‍മ്മാണങ്ങളും പരിശോധിക്കാന്‍ വിദഗ്ദസമിതി; നടപടി ഹൈക്കോടതി വിധിയെത്തുടർന്ന്

പി.വി അൻവർ എം.എൽ.എയുടെ റിസോര്‍ട്ടിലെ തടയണകളും അനധികൃത നിര്‍മ്മാണങ്ങളും പരിശോധിക്കാന്‍ വിദഗ്ദസമിതി; നടപടി ഹൈക്കോടതി വിധിയെത്തുടർന്ന്

അനധികൃത തടയണകളും നിര്‍മ്മാണങ്ങളും പൊളിച്ചു നീക്കണമെന്ന പരാതിയില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കളക്ടറുടെ നടപടി.

പി.വി അൻവർ

പി.വി അൻവർ

 • Share this:
  കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച തടയണകളും അനധികൃത നിര്‍മ്മാണങ്ങളും പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ വി. സാംബശിവറാവു വിദഗ്ദസമിതിയെ നിയോഗിച്ചു. മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് കോഴിക്കോട് സെന്ററിലെ ശാസ്ത്രജ്ഞന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എന്നിവരടങ്ങുന്നതാണ് വിദഗ്ദസമിതി.  രണ്ടാഴ്ചക്കകം സ്ഥലപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

  അനധികൃത തടയണകളും നിര്‍മ്മാണങ്ങളും പൊളിച്ചു നീക്കണമെന്ന പരാതിയില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കളക്ടറുടെ നടപടി. നിയമവിരുദ്ധമായി നിര്‍മ്മിച്ച റിസോര്‍ട്ടിനും തടയണകള്‍ക്കുമെതിരെ വിവിധ വ്യക്തികള്‍ നല്‍കിയ പരാതിയില്‍ രണ്ടു വര്‍ഷമായിട്ടും കോഴിക്കോട് കളക്ടര്‍ നടപടിയെടുത്തിരുന്നില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതിയില്‍ രണ്ടു മാസത്തിനകം കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

  അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് തടയണകളും വില്ലകളും നിര്‍മ്മിച്ചതെന്നും അവ പൊളിച്ചുകളയണമെന്നും ടി.വി രാജന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച തെളിവുകളും രേഖകളും ഹാജരാക്കി. തടയണകെട്ടിയത് തങ്ങളല്ലെന്ന് പി.വി.ആര്‍ നാച്വറോ റിസോര്‍ട്ട് മാനേജര്‍ അറിയിച്ചു. അനുമതിയില്ലാതെയാണ് തടയണയും നിര്‍മ്മാണങ്ങളുമെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലപരിശോധന നടത്തി വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിച്ചത്.

  ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 2018-ല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ അടച്ചുപൂട്ടിയ കക്കാടംപൊയിലിലെ അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിയുടെ ഭാഗമാണ് പിവിആര്‍ നാച്വറോ റിസോര്‍ട്ട്. ഇരുവഴഞ്ഞി പുഴയിലേക്ക് വെള്ളമെത്തുന്ന സ്വാഭാവിക തോട് തടഞ്ഞ് ചെങ്കുത്തായ സ്ഥലത്താണ് യാതൊരു അനുമതിയില്ലാതെ നാല് തടയണകള്‍കെട്ടി വെള്ളം സംഭരിച്ചിട്ടുള്ളതെന്നാണ് കൂടരഞ്ഞി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നീരുറവക്ക് കുറുകെ റോഡ് പണിതാണ് റിസോര്‍ട്ടിലേക്ക് വഴിയൊരുക്കിയിരിക്കുന്നത്.

  Also Read 'പി.വി. അൻവർ എംഎല്‍എയുടെ തടയണ പൊളിക്കാത്തതെന്ത്? സത്യവാങ്മൂലം രണ്ടാഴ്ച്ചക്കകം' മലപ്പുറം ജില്ലാ കളക്ടറോട് ഹൈക്കോടതി

  ഇരുവഴഞ്ഞിപുഴയിലക്കുള്ള സ്വാഭാവിക നീരഴുക്കിന്റെ ഉല്‍ഭവ സ്ഥാനത്ത് 50 മീറ്റര്‍ നീളത്തിലും 12മീറ്റര്‍ വീതിയിലും ഒന്നര മീറ്റര്‍ താഴ്ചയിലുമായും വെള്ളം തടയണകെട്ടി തടഞ്ഞിരിക്കുന്നു. റിസോര്‍ട്ടിലേക്കുള്ള റോഡ് ഈ നീരൊഴുക്ക് തടഞ്ഞാണ് നിര്‍മ്മിച്ചിട്ടുള്ളത്. റോഡിനടിയിലൂടെ പൈപ്പുവഴിയാണ് 40 മീറ്റര്‍ നീളവും 17 മീറ്റര്‍വീതിയും രണ്ടര മീറ്റര്‍ ആഴവുമുള്ള രണ്ടാമത്തെ തടയണയിലേക്ക് ഒഴുക്കിവിടുന്നത്. ഇതിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് 22 മീറ്റര്‍ നീളത്തിലും രണ്ട് മീറ്റര്‍ വീതിയിലും കോണ്‍ക്രീറ്റ് തടയണയും ഈ തടയണയുടെ തെക്കുഭാഗത്തായി 15 മീറ്റര്‍ നീളത്തിലും വീതിയിലുമായി മറ്റൊരു തടയണയും നിര്‍മ്മിച്ചിട്ടുണ്ടെന്നും വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തിയാണ് തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

  ഈ തടയണകള്‍ക്കുതാഴെയാണ് നൂറോളം വീടുകളും ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സെന്റ് മേരീസ് ഹൈസ്‌ക്കൂളും ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ്മീഡിയം സ്‌കൂളുമുള്ളത്.
  ഇവിടെ നിന്നും ഒന്നര കിലോ മീറ്റര്‍ അകലെ മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ നിര്‍മ്മിച്ച തടയണപൊളിച്ചു മാറ്റി വെള്ളം തുറന്നുവിടാന്‍ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു.

  തന്റെ ഭാഗംകേള്‍ക്കാതെയാണ് മലപ്പുറം കളക്ടറുടെ ഉത്തരവെന്നു ചൂണ്ടികാട്ടി പി.വി അന്‍വറിന്റെ ഭാര്യാപിതാവ് നേടിയ സ്റ്റേ ഉത്തരവ് റദ്ദാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടയണപൊളിക്കാനുള്ള മലപ്പുറം കളക്ടറുടെ ഉത്തരവ് ശരിവെക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണഭാഗികമായി പൊളിച്ച് വെള്ളം ഒഴുക്കിവിട്ടിരുന്നു.
  Published by:Aneesh Anirudhan
  First published: