• HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid 19 | എറണാകുളം ജില്ലയിൽ സമൂഹ വ്യാപനമല്ലെന്ന് കളക്ടർ ജാഫർ മാലിക്ക്; കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവില്ല

Covid 19 | എറണാകുളം ജില്ലയിൽ സമൂഹ വ്യാപനമല്ലെന്ന് കളക്ടർ ജാഫർ മാലിക്ക്; കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവില്ല

നിലവിൽ ജില്ലയിൽ 71 ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് കൂടുതലും വാണിജ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെട്ടിട്ടുള്ളതാണ്.

  • Share this:
കൊച്ചി: എറണാകുളം (Ernakulam) ജില്ലയിൽ കോവിഡ് രോഗികളുടെ (covid patients) എണ്ണം വർദ്ധിക്കുന്നത് സമൂഹ വ്യാപനം മൂലമല്ലെന്ന് കളക്ടർ ജാഫർ മാലിക്ക്. അതുകൊണ്ട് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവില്ല. ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. രോഗികളുടെ എണ്ണം കൂടുന്നത് ടെസ്റ്റുകളുടെ എണ്ണം വർധിച്ചതു കൊണ്ടാണ്. എത്രയും പെട്ടന്നു പോസിറ്റീവ് കേസുകൾ കണ്ടെത്താനാണ് ശ്രമിക്കുന്നത്.

കൂടുതൽ രോഗികളെ  കുറഞ്ഞ സമയം കൊണ്ട് കണ്ടെത്തുന്നതിലൂടെ മറ്റുള്ളവരിലേക്ക് രോഗവ്യാപനം തടയാൻ കഴിയും. നിലവിൽ ജില്ലയിൽ 71 ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് കൂടുതലും വാണിജ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ആശുപത്രിയിൽ ചികിത്സ വേണ്ടവരുടെ എണ്ണം കുറവാണ്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളും ജില്ലാ ഭരണകൂടത്തോട് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും കളക്ടർ ജാഫർ മാലിക് വ്യക്തമാക്കി.

എറണാകുളം ജില്ലയില്‍ ജനസംഖ്യയുടെ 19.31% പേർക്ക് ഇതുവരെ കോവിഡ് (Covid 19) ബാധിച്ചതയാണ് കണക്ക്. അഞ്ചിലൊരാള്‍ക്ക് എന്ന കണക്കില്‍ രോഗ ബാധയുണ്ടാകുന്നുണ്ട്. രോഗബാധിതര്‍ കൂടുതലും 20നും 60നുമിടയില്‍ പ്രായമുള്ളവരാണ്.  സ്‌കൂളുകള്‍/ കോളേജുകള്‍, ഓഫീസ്/ബാങ്കുകള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവിലുള്ള ആക്ടീവ് കേസുകളില്‍ 96.54 % വീടുകളിലും 3.45% ആശുപത്രികളിലുമാണ്, വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഐ.സി.യു (0.31%) ആവശ്യമായി വന്നിട്ടുള്ളൂ.

പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ അനുബന്ധ രോഗങ്ങളിലുള്ളവരിലാണു കൂടുതല്‍ മരണങ്ങളും (68.6%) ഉണ്ടായിട്ടുള്ളത്. അതിനാല്‍ ഉയര്‍ന്ന പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗം പോലെയുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഗൃഹപരിചരണം സ്വീകരിക്കാന്‍ പാടുള്ളൂ.

അനുബന്ധ രോഗങ്ങളുള്ളവര്‍ രോഗം ബാധിച്ചാല്‍ ഡോക്ടറെ അറിയിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അനുബദ്ധ രോഗങ്ങള്‍ക്കു ചികിത്സയെടുക്കുന്നവര്‍ മരുന്നുകള്‍ മുടങ്ങാതെ കഴിക്കണം. അപായ സൂചനകള്‍ ദിവസവും നിരീക്ഷിക്കണം. ഗൃഹപരിചരണത്തിലുള്ളവര്‍ ഓക്സിജന്റെ അളവ് സ്വയം നിരീക്ഷിക്കണം. രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കിയാണ് എല്ലാ ചികിത്സാവിധികളും നിശ്ചയിക്കുന്നത്. സാധാരണ ഒരാളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് 95ന് മുകളിലായിരിക്കും. പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ചും ബ്രെത്ത് ഹോള്‍ഡിങ് ടെസ്റ്റ് മുഖേനയും ഇതറിയാം.

ഓക്സിജന്റെ അളവ് 94ല്‍ കുറവായാലും നാഡിമിടിപ്പ് 110 ന് മുകളിലായാലും ഉടന്‍തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. മുറിക്കുള്ളില്‍ 6 മിനിറ്റ് പതുക്കെ നടന്ന ശേഷം ഓക്സിജന്റെ അളവ് നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ 3 ശതമാനം കുറയുകയാണെങ്കില്‍ അത് ന്യൂമോണിയയുടെ ആരംഭമാണ്. ഉടന്‍ തന്നെ ഡോക്ടറെ വിവരം അറിയിക്കണം.
Published by:Sarath Mohanan
First published: