• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാർ തമ്മിലടി; ഏട്ടുമുട്ടിയ ദൃശ്യങ്ങൾ പുറത്ത്

കോട്ടയത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാർ തമ്മിലടി; ഏട്ടുമുട്ടിയ ദൃശ്യങ്ങൾ പുറത്ത്

ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് പങ്കെടുത്ത പരിപാടിക്ക് പിന്നാലെയാണ് ഇരുവരും ഏറ്റുമുട്ടിയത്

കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാർ തമ്മിലടി

കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാർ തമ്മിലടി

  • Share this:
കോട്ടയം (Kottayam) ജില്ലയിൽ കോൺഗ്രസിന് (Congress) നാണക്കേടായി ജില്ലാ നേതാക്കളുടെ തമ്മിലടി. കോട്ടയം കൊടുങ്ങൂരിൽ വെച്ചാണ് ജില്ലയിലെ രണ്ട് ഡിസിസി ജനറൽ സെക്രട്ടറിമാർ തമ്മിലടിച്ചത്. കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. സുരേഷ് കുമാറും മറ്റൊരു ജനറൽ സെക്രട്ടറിയായ ഷിൻസ് പീറ്ററും തമ്മിലാണ് ഏറ്റുമുട്ടിയത്. ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് പങ്കെടുത്ത പരിപാടിക്ക് പിന്നാലെയാണ് ഇരുവരും ഏറ്റുമുട്ടിയത്. സംഭവത്തെക്കുറിച്ച് പരിശോധിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ന്യൂസ് 18നോട് പറഞ്ഞു.

തമ്മിലടി ഉണ്ടായ സംഭവം ആണെങ്കിലും ഇരുവരും പൊലീസിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല. സംഭവത്തിന് ദൃക്സാക്ഷികളായ കോൺഗ്രസ് പ്രവർത്തകർ പറയുന്നത് ഇങ്ങനെ: പരിപാടി കഴിഞ്ഞ് നേതാക്കൾ ഓഡിറ്റോറിയത്തിന് പുറത്തേക്ക് വരുന്ന സമയത്താണ് സംഘർഷമുണ്ടായത്. ഡി.സി.സി. ജനറൽ സെക്രട്ടറി ഷിൻസ് പീറ്റർ ആദ്യം പുറത്തേക്ക് പോയി. തുടർന്ന് തിരികെയെത്തി ടി.കെ. സുരേഷ് കുമാറിനോട് എന്തോ ചോദിക്കുന്നത് കാണാം. ഈ സമയം ഷിൻസിനെ പിടിച്ചു തള്ളുന്ന കാഴ്ചയാണ് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഇതോടെ കാര്യങ്ങൾ സംഘർഷത്തിലേക്ക് വഴിമാറി. സ്ഥലത്തുണ്ടായിരുന്ന നേതാക്കളും രണ്ട് ചേരിയിലായി.

മുൻ മണ്ഡലം പ്രസിഡന്റും, വാഴൂർ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ജോസ് കെ. ചെറിയാനും കൂട്ടരും സുരേഷ് കുമാറിന്റെ പക്ഷത്താണ് നിന്നത്. നിലവിലെ മണ്ഡലം പ്രസിഡന്റ് എസ്.എം. സേതു രാജും, യൂത്ത് കോൺഗ്രസ് നേതാക്കളും ഷീൻസ് പീറ്ററിന്റെ പക്ഷം ചേർന്നു. മുൻ ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസിലെ പ്രമുഖ നേതാവുമാണ് സുരേഷ് കുമാർ. കഴിഞ്ഞ കുറേക്കാലമായി വാഴൂരിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് സജീവമാണ്. ഇരുവിഭാഗങ്ങളായി തിരിഞ്ഞ് മുമ്പ് പലതവണ കമ്മിറ്റികളിൽ പരസ്പരം പോരടിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ തന്നെ മറ്റൊരു സംഭവത്തിൽ  നെടുംകുന്നത്താണ് കോൺഗ്രസ് നേതാക്കൾ ഏറ്റുമുട്ടിയത്. നെടുംകുന്നം ടൗണിൽ ഓട്ടോറിക്ഷാ സ്റ്റാൻഡിനു സമീപമാണ് കോൺഗ്രസ് നേതാക്കൾ ഏറ്റുമുട്ടിയത്. കോൺഗ്രസ്  ബ്ലോക്ക് പ്രസിഡണ്ടും, INTUC ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തമ്മിലാണ് അടിയുണ്ടായത്.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോ പായിക്കാടനും, INTUC ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ ജിജി പോത്തനും തമ്മിലാണ് നടുറോഡിൽ ഏറ്റുമുട്ടിയത്. തിങ്കളാഴ്ച്ച വൈകിട്ട് നെടുംകുന്നം കോൺഗ്രസ് ഓഫീസിൽ യു.ഡി.എഫ്. യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് അടിപിടി. പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള വനിതാ ജനപ്രതിനിധികളും, മറ്റ് സ്ത്രീകളടക്കമുള്ള യു ഡി എഫ് നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. അടിപിടി രൂക്ഷമായതോടെ നാട്ടുകാർ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. നിലവിൽ പരാതി നൽകാൻ ആരും തയ്യാറായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്.

Summary: District office bearers of Congress engage in open fist fight in Kottayam
Published by:user_57
First published: