നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സർക്കാർ ഭൂമിയിൽ സ്വകാര്യ വ്യക്‌തിയുടെ ഉടമസ്ഥാവകാശം ജില്ലാ കോടതി റദ്ദാക്കി

  സർക്കാർ ഭൂമിയിൽ സ്വകാര്യ വ്യക്‌തിയുടെ ഉടമസ്ഥാവകാശം ജില്ലാ കോടതി റദ്ദാക്കി

  കോടികൾ വിലമതിക്കുന്ന 23 സെൻ്റ്  പുറമ്പോക്ക് വസ്‌തുവിൻ്റെ ഉടമസ്ഥാവകാശമാണ് കോടതി അസ്ഥിരപ്പെടുത്തിയത്.

  • Share this:
  തിരുവനന്തപുരം: കളക്ടറേറ്റ് സ്ഥിതി ചെയ്യുന്ന കുടപ്പനക്കുന്ന് വില്ലേജിലെ  കോടികൾ വിലവരുന്ന സർക്കാർ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്‌തിയുടെ പേരിൽ ഉടമസ്ഥാവകാശം നൽകിയ കീഴ്ക്കോടതി വിധി റദ്ദാക്കി. തിരുവനന്തപുരം മൂന്നാം അഡിഷണൽ മുൻസിഫ് കോടതിയുടെ ഉത്തരവ് തിരുവനന്തപുരം മൂന്നാം അഡിഷണൽ ജില്ലാ കോടതി ജഡ്‌ജി എസ്.സജികുമാറാണ് റദ്ദാക്കിയത്.  കേസ് പുനർവിചാരണ നടത്താനും കോടതി ഉത്തരവിട്ടു.

  സർക്കാരിനു വേണ്ടി റവന്യു അഡിഷണൽ സെക്രട്ടറി, സർവ്വേ ജോയിൻ്റ് ഡയറക്ടർ, കുടപ്പനക്കുന്ന് വില്ലേജ് ഓഫീസർ എന്നിവർ നൽകിയ അപ്പീൽ അനുവദിച്ചാണ് കോടതി ഉത്തരവ്. പാതിരപ്പള്ളി കണ്ണയങ്കരത്ത് ലാസർ ബംഗ്ലാവിൽ ഡാനിയൽ ലാസർ, ഭാര്യ ശോശാമ്മ ലാസർ എന്നിവരായിരുന്നു എതിർകക്ഷികൾ.

  കുടപ്പനക്കുന്ന് വില്ലേജിൽ സർവേ നമ്പർ 1829-ൽപ്പെട്ട ഒരേക്കർ 55 സെൻ്റ് വസ്‌തു ഡാനിയൽ ലാസറിൻ്റെയും ഭാര്യയുടെയും കൈവശമായിരുന്നു. റീ സർവേ പ്രകാരം 23 സെൻറ് വസ്‌തു സർക്കാർ പുറമ്പോക്കിൽ ഉൾപ്പെട്ടതായിരുന്നു. ഒരേക്കർ  55 സെൻ്റ് വസ്‌തുവിന് ഉടമസ്ഥവകാശം സ്ഥാപിച്ചു കിട്ടുന്നതിന് ഡാനിയൽ ലാസർ തിരുവനന്തപുരം സർവേ അതോറിറ്റിക്ക് സമർപ്പിച്ച അപേക്ഷ നിരസിച്ചു. 2008 മേയ് മാസത്തിൽ നിരസിച്ച അപേക്ഷ അതേ നമ്പറിൽ മറ്റൊരു ഫയലിൽ നിയമവിരുദ്ധമായി നടപടികൾ സ്വീകരിച്ച് ഡാനിയൽ ലാസറിൻ്റെ പേരിൽ റീസർവേ ഉദ്യോഗസ്ഥർ പട്ടയം നൽകുകയായിരുന്നു.

  2009 ൽ അന്നത്തെ സർവേ വിജിലൻസ് ഡയറക്ടറായിരുന്ന ബിജു പ്രഭാകർ തിരുവനന്തപുരം ജില്ലാ സർവേ ഓഫീസിൽ പരിശോധന നടത്തുമ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതേ തുടർന്ന് റീജിയണൽ ജോയിൻ്റ് സർവേ ഡയറക്ടർ തിരുവനന്തപുരം ജില്ലാ സർവേ സൂപ്രണ്ട്, ജില്ലാ ഹെഡ് സർവേയർ എന്നിവരെ സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്‌തിരുന്നു.

  ഡാനിയൽ ലാസറും സസ്‌പെൻഡ് ചെയ്യപ്പെട്ട സർക്കാർ ജീവനക്കാരും ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് തിരുവനന്തപുരം സിജെഎം കോടതിയിൽ തുടരുകയാണ്. സ്വകാര്യ വ്യക്‌തിയുടെ പേരിൽ അനധികൃതമായി നൽകിയ പട്ടയം ജില്ലാ കളക്ടർ 2011 ൽ റദ്ദ്ചെയ്‌തിരുന്നു. ഇതിനെതിരെയാണ് സർക്കാരിനെ എതിർ കക്ഷിയാക്കി ഡാനിയൽ മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്. 2015 ൽ ഇയാൾക്ക് അനുകൂലമായ വിധി കോടതിയിൽ നിന്നുണ്ടായി .ഇതിനെതിരെയാണ് സർക്കാർ അപ്പീൽ ഫയൽ ചെയ്‍തത്.

  സർക്കാർ ഭൂമി പൊതുജങ്ങളുടെ ഭൂമിയാണെന്നും അത് സംരക്ഷിക്കാൻ കോടതിയും ഉദ്യോഗസ്ഥരും അടങ്ങിയ എല്ലാ സംവിധാനങ്ങൾക്കും ബാധ്യതയുണ്ടെന്നുമുള്ള സുപ്രീം കോടതി വിധി സർക്കാർ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാരിനു വേണ്ടി അഡിഷണൽ ഗവൺമെൻറ് പ്ലീഡർ എം.സലാഹുദ്ധീൻ ഹാജരായി.
  Published by:Sarath Mohanan
  First published: