'DNA'പരാമർശം തിരിഞ്ഞുകൊത്തുന്നു; മുൻ AGയുടെ പരാതിയിൽ കണ്ണന്താനത്തിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള ജെയിംസ് ജോസഫിന്റെ നിയമനം അൽഫോൺസ് കണ്ണന്താനം തെറ്റായ വിവരങ്ങൾ ഹാജരാക്കി തടഞ്ഞുവെന്നാണ് പരാതി

news18
Updated: January 28, 2019, 4:23 PM IST
'DNA'പരാമർശം തിരിഞ്ഞുകൊത്തുന്നു; മുൻ AGയുടെ പരാതിയിൽ കണ്ണന്താനത്തിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള ജെയിംസ് ജോസഫിന്റെ നിയമനം അൽഫോൺസ് കണ്ണന്താനം തെറ്റായ വിവരങ്ങൾ ഹാജരാക്കി തടഞ്ഞുവെന്നാണ് പരാതി
  • News18
  • Last Updated: January 28, 2019, 4:23 PM IST
  • Share this:
തിരുവനന്തപുരം: മുൻ ഡിജിപി ടി പി സെൻകുമാറിനെ വിമർശിക്കാൻ കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോണ്‍സ് കണ്ണന്താനം ഉപയോഗിച്ച 'ഡിഎൻഎ' പരാമർശം അദ്ദേഹത്തെ തന്നെ തിരിഞ്ഞുകൊത്തുന്നു. ഒരു മലയാളിക്ക് അംഗീകാരം ലഭിക്കുമ്പോൾ സന്തോഷിക്കുകയാണ് വേണ്ടതെന്നും പാരവയ്ക്കുന്നത് ശരിയല്ലെന്നും പറഞ്ഞ കണ്ണന്താനം അത് മലയാളിയുടെ ഡിഎൻഎ പ്രശ്നമാണെന്നും പറഞ്ഞിരുന്നു. സമാനമായ വിഷയത്തിൽ ആരോപണവിധേയനാണ് കണ്ണന്താനം. എന്നാൽ ഒരു മലയാളി ഉദ്യോഗസ്ഥന് ഉന്നതസ്ഥാനം ലഭിക്കുന്നത് തടയാൻ വ്യാജരേഖ ചമച്ചുവെന്നതടക്കമുള്ള ഗുരുതരമായ ആരോപണമാണ് കേന്ദ്രമന്ത്രി കണ്ണന്താനം നേരിടുന്നത്. മുൻ കേരള അക്കൗണ്ടന്റ് ജനറലായിരുന്ന ജെയിംസ് കെ. ജോസഫിന്റെ പരാതി അന്വേഷിക്കാൻ ഹൈക്കോടതി ക്രൈംബ്രാഞ്ച് എഡിജിപിയോട് നിർദേശിച്ചിരിക്കുകയാണ്.

2004ലാണ് സംഭവം. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലേക്കുള്ള ജെയിംസ് ജോസഫിന്റെ നിയമനം അന്ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തലുണ്ടായിരുന്ന കണ്ണന്താനവും സഹപ്രവർത്തകരും ചേർന്ന് തെറ്റായ വിവരങ്ങൾ ഹാജരാക്കി തടഞ്ഞുവെന്നാണ് പരാതി. 2014ലാണ് ജെയിംസ് കെ ജോസഫ് പൊലീസിൽ അൽഫോൺസ് കണ്ണന്താനത്തിനെതിരെ ക്രിമിനൽ കേസ് ഫയൽ‌ ചെയ്തത്. കണ്ണന്താനത്തെ കൂടാതെ പേഴ്സണൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായിരുന്ന ബുദ്ധ് പ്രകാശ്, കേശബ്ദേശി രാജു, എ എൻ തിവാരി എന്നിവരെയും പ്രതിയാക്കി വട്ടിയൂർക്കാവ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ പിന്നീട് പൊലീസ് മെല്ലെപ്പോക്ക് തുടർന്നു. നാലുവർഷം കാത്തിരുന്നശേഷം ജെയിംസ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അന്വേഷണത്തിന് നിർദേശിച്ചത്.

എജിയായിരിക്കെ ജെയിംസ് ജോസഫ് അനധികൃത നിയമനങ്ങൾ നടത്തി എന്നായിരുന്നു ആരോപിക്കപ്പെട്ടത്. എന്നാൽ ഈ ആരോപണങ്ങൾ വിവരാവകാശ രേഖകൾ ഹാജരാക്കി ജയിംസ് കോടതിയിൽ ഖണ്ഡിച്ചു. ഇതോടെയാണ് ഈ കേസ് ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാജ ആരോപണങ്ങളെയും രേഖകളെയും കൂട്ടുപിടിക്കുകയായിരുന്നുവെന്ന് ജെയിംസ് ജോസഫ് പറയുന്നു. ഐബി റിപ്പോർട്ട് പോലും തിരുത്തിയെന്ന ഗുരുതരമായ ആരോപണത്തിന്മേലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വഴിതുറന്നിരിക്കുന്നത്. രണ്ടു കാര്യങ്ങൾ ആണ് അന്ന് കണ്ണന്താനത്തിന്റെ സ്വാധീനത്തിന്റെ പേരിൽ നടന്നതെന്ന് ജെയിംസ് ജോസഫ് പറയുന്നു. തനിക്കെതിരെ വ്യാജ ഐബി റിപ്പോർട്ട് ഉണ്ടാക്കിയതാണ് ഒന്നാമത്തേത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു അയക്കേണ്ട ഫയൽ നേരെ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗിന് വിട്ടതാണ് രണ്ടാമത്തേത്. അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ വരെ വഞ്ചിക്കുകയാണ് കണ്ണന്താനം ചെയ്തതെന്നും ജെയിംസ് ജോസഫ് ആരോപിക്കുന്നു.

ജെയിംസ് ജോസഫ് പറയുന്നത് ഇങ്ങനെ-

അൽഫോൺ കണ്ണന്താനവും ഞാനും അടുത്തടുത്ത വീടുകളിലായിരുന്നു താമസം. നല്ല സൗഹൃദവും ഉണ്ടായിരുന്നു. ഞാൻ എജി പദവിയിൽ നിന്ന് റിട്ടയർമെന്റ് എടുത്തിരുന്നു. ഫ്രീ ആയി ഇരിക്കുന്ന സമയമാണ്. അപ്പോൾ കണ്ണന്താനം ഐഎഎസിൽ തന്നെയാണ്. എന്നെ വിളിച്ച് പറഞ്ഞു നമുക്ക് ഒരു സ്‌കൂൾ പ്രോജക്റ്റ് ചെയ്താലോ എന്ന്. അന്നെനിക്ക് കണ്ണന്താനത്തിനെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. അങ്ങനെ ഒരു ട്രസ്റ്റ് രൂപീകരിച്ചു. റിസർജൻസ് കേരള എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്. അറിയുന്ന കുറച്ചു പേർ ഡയറക്ടർമാരായി. വിദേശത്തു നിന്നും ഒക്കെയായി ഒന്നേകാൽ കോടി രൂപയോളം ശേഖരിച്ചു. കരകുളത്ത് സ്ഥലം എടുത്തു. കെട്ടിടം പണിയും തുടങ്ങി. ഞാനന്ന് മാനേജിങ് ട്രസ്റ്റിയാണ്.

കണ്ണന്താനത്തിന്റെ അനിയൻ കെ.ജെ.റോയി ട്രസ്റ്റിയാണ്. റോയിക്ക് ജോലി ഒന്നും ഇല്ലാതിരുന്ന സമയമാണ്. അതിനാൽ റോയിക്ക് ശമ്പളം ലഭിക്കുന്ന വിധത്തിൽ ജോലി നൽകാൻ കണ്ണന്താനം ആവശ്യപ്പെട്ടു. നിക്ഷേപകർ സമ്മതിക്കുകയാണെങ്കിൽ ആവാം എന്നാണ് ഞാൻ പറഞ്ഞത്. പക്ഷെ കെട്ടിടം പണിയാനുള്ള ടെൻഡർ കാര്യങ്ങൾ റോയ് ലീക്ക് ചെയ്തു. ഇതു മനസിലാക്കിയപ്പോൾ ഞാൻ റോയിയെ മാറ്റി. അതോടെ ഞാനും കണ്ണന്താനവും തമ്മിലുള്ള ബന്ധം ഉലഞ്ഞു. ട്രസ്റ്റ് കാര്യങ്ങൾ സ്റ്റോപ്പ് ചെയ്തു. ആ ഘട്ടത്തിലാണ് കേന്ദ്ര അഡ്‌മിനിസ്‌ട്രെറ്റിവ് ട്രിബ്യൂണൽ അംഗത്വത്തിന്നു ഞാൻ അപേക്ഷിക്കുന്നത്. ഇതോടെ കണ്ണന്താനം നിയമനം തടയാനുള്ള നീക്കം തുടങ്ങി.

ഒട്ടനവധി ആരോപണങ്ങൾ കണ്ണന്താനം എനിക്കെതിരെ ഉന്നയിക്കാൻ തുടങ്ങി. ഇതെല്ലാം വാർത്തയുടെ രൂപത്തിൽ തന്നെ വന്നു. കേന്ദ്ര പെഴ്സണൽ മന്ത്രാലയത്തിലെ ഉന്നതരെ ഉപയോഗിച്ചാണ് കേന്ദ്ര അഡ്മിനിസിട്രേറ്റീവ് ട്രിബ്യൂണൽ അംഗത്വം കണ്ണന്താനം തടഞ്ഞത്. ഐബി റിപ്പോർട്ട് കൃത്രിമമായി ചമച്ചു. ശരിക്കുള്ള ഐബി റിപ്പോർട്ട് എനിക്ക് അനുകൂലമായിരുന്നു. അത് മൂടിവെച്ച് ആണ് കൃത്രിമമായി റിപ്പോർട്ട് ചമച്ചത്. ഇതോടെ എന്റെ സെലക്ഷൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് റദ്ദ് ചെയ്യപ്പെട്ടു. ഞാൻ പക്ഷെ നിയമപോരാട്ടത്തിന്റെ വഴി തേടി. അപ്പോഴേക്കും കാറ്റ് അംഗത്വത്തിനുള്ള എന്റെ പ്രായവും കഴിഞ്ഞിരുന്നു.

സിബിഐ അന്വേഷണമാണ് ഞാൻ ആവശ്യപ്പെട്ടത്. ഹൈക്കോടതി പറഞ്ഞത് ഇത് ക്രൈം ആയതിനാൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാനായിരുന്നു. അതനുസരിച്ചാണ് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കണ്ണന്താനമായിരുന്നു മുഖ്യപ്രതി. ആ കേസ് പിന്നെ ക്രൈംബ്രാഞ്ചിന് വിട്ടു. അതൊന്നും ആകാതിരുന്നതിനാൽ ആണ് ഞാൻ വീണ്ടും ഈ കേസിനായി ഹൈക്കോടതിയെ സമീപിച്ചത്. കണ്ണന്താനത്തിനെ രക്ഷപെടുത്താനാണ് പ്രോസിക്യൂഷൻ ശ്രമിച്ചത്. അതൊന്നും കണക്കാക്കാതെയാണ് ഇപ്പോൾ ഹൈക്കോടതി വിധി വന്നിരിക്കുന്നത്.


First published: January 28, 2019, 4:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading