• HOME
 • »
 • NEWS
 • »
 • kerala
 • »
 • ആനുകൂല്യം കിട്ടാൻ പാടത്ത് ഫ്ലെക്സ് വേണോ? കൃഷിമന്ത്രിക്ക് കർഷകന്‍റെ പരാതി

ആനുകൂല്യം കിട്ടാൻ പാടത്ത് ഫ്ലെക്സ് വേണോ? കൃഷിമന്ത്രിക്ക് കർഷകന്‍റെ പരാതി

പരിസ്ഥിതിയെ നശിപ്പിക്കുകയും കർഷകർക്ക് അധിക ചെലവുണ്ടാക്കുന്നതുമായ ഫ്ലെക്സ് ഫോട്ടോ സമ്പ്രദായം ഒഴിവാക്കി കൃഷി ഓഫീസർമാർ സ്ഥലം സന്ദർശിച്ച് സർട്ടിഫൈ ചെയ്യണമെന്നാണ് കർഷകന്‍റെ ആവശ്യം

വി.എസ് സുനിൽകുമാർ

വി.എസ് സുനിൽകുമാർ

 • Last Updated :
 • Share this:
  പ്ലാസ്റ്റിക് വിമുക്ത കേരളത്തിനായി ആവർത്തിച്ച് പ്രചരണം നടത്തുന്ന സംസ്ഥാന സർക്കാർ നിലപാടുകൾക്ക് ഘടകവിരുദ്ധമായി മാറുകയാണ് കൃഷിവകുപ്പിന്‍റെ ഒരു നിർദേശം. ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ കൃഷിയിടങ്ങളിൽ ഫ്ലെക്സ് ഉയർത്തിയ ഫോട്ടോ കൂടി സമർപ്പിക്കണമെന്ന നിർദ്ദേശമാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ പുനലൂരിലെ കരവാളൂർ സ്വദേശിയായ ഷാർളി ബെഞ്ചമിൻ എന്ന കർഷകൻ കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാറിന് പരാതി അയച്ചു. പരിസ്ഥിതിയെ നശിപ്പിക്കുകയും കർഷകർക്ക് അധിക ചെലവുണ്ടാക്കുന്നതുമായ ഫ്ലെക്സ് ഫോട്ടോ സമ്പ്രദായം ഒഴിവാക്കി കൃഷി ഓഫീസർമാർ സ്ഥലം സന്ദർശിച്ച് സർട്ടിഫൈ ചെയ്യണമെന്നാണ് ഷാർളി ആവശ്യപ്പെടുന്നത്...

  ഈ മരണത്തെക്കുറിച്ച് എല്ലാവരും മൗനമാകുന്നത് എന്തുകൊണ്ട്?

  ഷാർളി ബെഞ്ചമിൻ കൃഷിമന്ത്രിക്ക് അയച്ച കത്തിന്‍റെ പൂർണരൂപം

  കരവാളൂര്‍
  23.01.2019

  അഡ്വ. വി.എസ്. സുനില്‍ കുമാര്‍
  ബഹു. കൃഷി വകുപ്പ് മന്ത്രി , റൂം നമ്പര്‍ : 300
  രണ്ടാം നില, സെക്രട്ടറിയേറ്റ് ആനക്‌സ് (2), തിരുവനന്തപുരം, കേരളം

  വിഷയം: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ആനുകൂല്യങ്ങള്‍ ലഭിയ്‌ക്കേണ്ട അപേക്ഷയോടൊപ്പം ഫ്‌ളക്‌സ് ഉയര്‍ത്തിയ ഫോട്ടോ വേണം എന്നത് സംബന്ധിച്ച പരാതി.

  ബഹുമാനപ്പെട്ട സര്‍,

  ഞാന്‍, പുനലൂര്‍ നിയോജക മണ്ഡലത്തില്‍, എരൂര്‍ പഞ്ചായത്തില്‍, ഒന്നര ഏക്കര്‍ സ്ഥലത്ത് വാഴകൃഷി ചെയ്തു വരുന്ന കര്‍ഷകനാണ്. ( ഒരു മുന്‍ പ്രവാസിയും വിദേശത്ത് പത്രപ്രവര്‍ത്തകനുമായിരുന്നു. ഇപ്പോള്‍ കൃഷിയാണ് പ്രധാന തൊഴില്‍ ).
  സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ആനുകൂല്യം ലഭിക്കാനുള്ള അപേക്ഷയോടൊപ്പം കര്‍ഷകന്‍ കൃഷിയിടത്തില്‍ വിവരങ്ങള്‍ അടങ്ങിയ ഒരു ഫ്‌ളക്‌സ് ഉയര്‍ത്തുകയും അതിനോട് ചേര്‍ന്ന് നിന്ന് കര്‍ഷകന്റെ ചിത്രം എടുത്ത് അയയ്ക്കുകയും ചെയ്യണം എന്ന ആവശ്യത്തെക്കുറിച്ചാണ് എന്റെ പരാതി. നമ്മുടെ കൃഷിഭവനുകളില്‍ കാര്യക്ഷമവും സത്യസന്ധവുമായി പ്രവര്‍ത്തിക്കുന്ന ഓഫീസറന്മാര്‍ക്ക് ഇത് സര്‍ട്ടിഫൈ ചെയ്യാം എന്നിരിയ്‌ക്കെ (അവരാണ് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ സര്‍ട്ടിഫൈ ചെയ്യുന്നത് ) എന്തിനാണ് ഇങ്ങനെ ഒരു തീരുമാനം എന്ന് മനസിലാവുന്നില്ല. പ്രധാനമായും താഴെപ്പറയുന്ന കാരണങ്ങളാണ് പരാതിക്ക് അടിസ്ഥാനം.
  1. ഇത് കര്‍ഷകന് അനാവശ്യമായ പണച്ചിലവും (ഫ്‌ളക്‌സ് പ്രിന്റിംഗ്, ഫോട്ടോഗ്രാഫറുടെ ചെലവ്, ഫോട്ടോ പ്രന്റിംഗ്, യാത്ര ചെലവ് തുടങ്ങിയവ) ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. കൃഷി ഓഫീസര്‍ക്ക് ഇത് നേരിട്ട് സര്‍ട്ടിഫൈ ചെയ്യാവുന്നതേയുള്ളു.
  2. ഇതിലുപരിയായി പ്ലാസ്റ്റിക്ക് വിമുക്ത കേരളത്തെക്കുറിച്ചാണ് നമ്മുടെ സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രചാരണം നടത്തുന്നത്. ആയിരക്കണക്കിന് ഫ്‌ളക്‌സുകളാണ് അങ്ങയുടെ കീഴിലുള്ള ഈ വകുപ്പിന്റെ നിര്‍ബന്ധം മൂലം പ്രകൃതിക്ക് വിനാശകരമായി തീരുന്നത്. ( തുണികൊണ്ടുള്ള ബാനറായാലും മതി എന്ന് പറഞ്ഞാല്‍ അത് ഏറെ പ്രയാസവും കര്‍ഷകന് ചെലവ് കൂടുതലും ആകും. ഇത്തരം കുരുക്കുകളില്‍ അകപ്പെടുത്താതെ നടപടിക്രമങ്ങള്‍ ലളിതമാക്കുകയും കര്‍ഷകനെ കൃഷിയില്‍ ശ്രദ്ധിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത് ).
  തികച്ചും അനാവശ്യവും പണച്ചെലവ് ഉണ്ടാക്കുന്നതും പരിസ്ഥിതിക്ക് ദോഷം വരുത്തുന്നതുമായ ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് അപേക്ഷിക്കുന്നു.

  ഷാര്‍ളി ബെഞ്ചമിന്‍
  കരവാളൂര്‍
  പുനലൂര്‍, കൊല്ലം

  C.c: 1. കൊല്ലം ജില്ലാ കൃഷി ഓഫീസര്‍
  2. ഏരൂര്‍ കൃഷിഭവന്‍; കൃഷി ഓഫീസര്‍
  First published: