• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kerala Police| 'നിഷ്ക്രിയരാക്കാൻ നടത്തുന്ന കെണിയിൽ പെടരുത്'; പൊലീസുകാരോട് അസോ. ജനറൽ സെക്രട്ടറി

Kerala Police| 'നിഷ്ക്രിയരാക്കാൻ നടത്തുന്ന കെണിയിൽ പെടരുത്'; പൊലീസുകാരോട് അസോ. ജനറൽ സെക്രട്ടറി

സമീപകാല സംഭവങ്ങൾ ഉദ്ധരിച്ചാണ് പൊലീസുകാർക്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി മുന്നറിയിപ്പ് നൽകുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  തിരുവനന്തപുരം: കൃത്യമായി ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്മാരെ പോലും കുറ്റവാളികളായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തി വാർത്തകൾ സൃഷ്ടിച്ചും പ്രസ്താവനകൾ ഇറക്കിയും നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹ നന്മയ്ക്ക് ഗുണകരമാണോ എന്ന് പരിശോധിക്കണമെന്ന് കേരള പൊലീസ് അസോസി‌യേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു. പോലീസ് പ്രവർത്തനങ്ങളെ കൂടുതൽ തകർത്ത് പ്രത്യേക ലക്ഷ്യം നേടാൻ പരിശ്രമിക്കുന്ന പലരേയും നമുക്ക് ചുറ്റും കാണാൻ കഴിയും. പോലീസ് ഉദ്യോഗസ്ഥന്മാരും, പൊതു സമൂഹവും അത്തരക്കാരുടെ കെണിയിൽ വീഴാതിരിക്കുക. സമൂഹത്തോടുള്ള പ്രതിബദ്ധത മാത്രമാകണം പോലീസ് ഉദ്യോഗസ്ഥന്മാർക്ക് മുന്നിൽ ഉണ്ടാകേണ്ടതെന്നും ഫേസ്ബുക്ക് കുറിപ്പിൽ സി ആർ ബിജു പറയുന്നു. സമീപകാല സംഭവങ്ങൾ ഉദ്ധരിച്ചാണ് പൊലീസുകാർക്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി മുന്നറിയിപ്പ് നൽകുന്നത്.

  കുറിപ്പിന്റെ പൂർണരൂപം

  പോലീസിനെ നിഷ്ക്രിയരാക്കാൻ നടത്തുന്ന കെണിയിൽ പെടാതെ നമുക്ക് മുന്നേറാം...
  കേരള പോലീസ് രാജ്യത്ത് തന്നെ മികവുറ്റ പോലീസ് സംവിധാനമാണ്. സമൂഹത്തോട് ഇടപെടുന്ന രീതിയിലും, പെരുമാറ്റത്തിലും ചില ആക്ഷേപങ്ങൾ ഇടയ്ക്കിടെ ഉയർന്നുവരുന്നുണ്ട് എന്നത് വസ്തുതയാണെങ്കിലും, പൊതുവെ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ പോലീസ് വളരെ മുന്നിൽ തന്നെയാണ്.

  പോലീസിനെതിരായ ആക്ഷേപങ്ങളും, പ്രസ്താവനകളും ജുഡീഷ്യറിയിൽ നിന്ന് ഉൾപ്പെടെയുള്ള പലതലങ്ങളിൽ നിന്നും നിരന്തരം ഉയർന്നു വരുന്നുണ്ട്. കൂടാതെ പത്ര- ദൃശ്യ-നവമാധ്യങ്ങളിലൂടെ നിരന്തരം വന്നു കൊണ്ടിരിക്കുന്ന പോലീസിനെതിരായ വസ്തുതാ വിരുദ്ധ വാർത്തകൾ, മാധ്യമചർച്ചകൾ എന്നിവ സമൂഹത്തിൽ നൽകുന്ന സന്ദേശം എങ്ങനെയാണ് എന്ന് കൂടി പരിശേധനാ വിധേയമാക്കേണ്ടതാണ്.

  നിയമം അനുസരിക്കാതിരിക്കാനും, നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ പ്രേരണ നൽകാനും, നിയമ പരിപാലനത്തിനായി ഇടപെടുന്ന പോലീസിനെ അനുസരിക്കേണ്ടതില്ല എന്ന സന്ദേശം നൽകാനും, ചിലപ്പോഴെങ്കിലും പോലീസിനെ ആക്രമിക്കുന്നതിലേക്ക് പോലും പ്രേരണയാകുന്നതിനും ഇത് സാഹചര്യം ഒരുക്കുന്നില്ലേ എന്ന് കൂടി പരിശോധനാ വിധേയമാക്കേണ്ടതാണ്.

  സമീപ ദിവസങ്ങളിൽ പത്രമാധ്യമങ്ങളിൽ വന്ന ചില വാർത്തകൾ മാത്രം ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു.
  കുറ്റകൃത്യങ്ങളിലെ പ്രതികളെ പോലീസ് നിയമത്തിന്റെ മുന്നിൽ എത്തിക്കുന്നു. ജുഡീഷ്യറിയിൽ നിന്ന് ജാമ്യം നേടിയ ശേഷം വീണ്ടും അതേ കുറ്റം ആവർത്തിക്കുന്ന സാഹചര്യത്തിലേക്കും അവർ വരുന്നു. അത് പോലെ KAAPA നിയമപ്രകാരം പോലീസ് നടപടി എടുത്ത ആൾ KAAPA ബോഡിൽ നിന്ന് തന്നെ ഇളവ് വാങ്ങി എത്തിയ ശേഷം അടുത്ത ദിവസം തന്നെ കൊലപാതകം നടത്തുന്നു. ഇവിടേയും വിമർശിക്കപ്പെടുന്നത് പോലീസ് മാത്രമാണ്. എന്നാൽ ഇവിടെ വിമർശിക്കപ്പെടേണ്ടത് പോലീസ് മാത്രമാണോ?

  കൃത്യമായി ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ പോലും കുറ്റവാളികളായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തി വാർത്തകൾ സൃഷ്ടിച്ചും, പ്രസ്താവനകൾ ഇറക്കിയും നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹ നന്മയ്ക്ക് ഗുണകരമാണോ എന്ന് കൂടി പരിശോധനാ വിധേയമാക്കണം. ഗോവിന്ദചാമിക്ക് തുല്യനായ ഒരു ക്രിമിനലിനെ സ്ത്രീകളെ ശല്യം ചെയ്തതിന്റെ പേരിൽ ബലം പ്രയോഗിച്ച് നടപടി എടുക്കേണ്ടി വന്നതിനെയും, ന്യൂ ഇയർ ദിവസം കോവളത്ത് സമൂഹ നന്മയ്ക്കായി, പ്രത്യേകിച്ച് വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൃത്യമായി ജോലി ചെയ്തതിനേയും തെറ്റായി സമൂഹ മധ്യത്തിൽ അവതരിപ്പിച്ച് ആ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നതിലേക്ക് എത്തിച്ച നടപടി ഉചിതമായോ എന്ന് ഇനിയെങ്കിലും ഇക്കൂട്ടർ ആത്മപരിശോധന നടത്തണം.  അതുപോലെ തന്നെ രണ്ട് വർഷം മുമ്പ് നെയ്യാറ്റിൻകരയിൽ ഉണ്ടായ സംഭവത്തിന്റെ പേരിൽ മാധ്യമ- നവ മാധ്യമ വിചാരണയ്ക്ക് വിധേയനായ അന്നത്തെ നെയ്യാറ്റിൻകര DYSP ഹരിസാറിനെ ഓർക്കുണ്ടാകും. ഈ വിചാരണയുടെ ഭാഗമായി അദ്ദേഹത്തിനെതിരെ കൊലപാതകത്തിന് കേസെടുക്കുകയും, അദ്ദേഹം ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് പ്രത്യേക ടീം അന്വേഷിച്ച ഈ കേസ് ഒരു ആക്സിഡന്റ് കേസായി കണ്ടെത്തി ചാർജ്ജ് നൽകിയതും നാം കണ്ടതാണ്. സമീപകാലത്ത് തന്നെ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടും, ഇപ്പോഴും പോലീസ് വിരുദ്ധതയ്ക്ക് വേണ്ടി, അതിലൂടെ സർക്കാരിനെ ആക്രമിക്കാൻ വേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ പോലീസ് ഉദ്യോഗസ്ഥന്മാരുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.

  Also Read- Police Station Attack| തിരുവനന്തപുരം ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

  ജനാധിപത്യ സമൂഹത്തിൽ ഏത് വിഭാഗവും വിമർശനവിധേയമാണ്. അത്തരം വിമർശനങ്ങൾ തിരുത്തലുകൾക്ക് അനിവാര്യവുമാണ്. എന്നാൽ പൊതുതാൽപര്യത്തിനും, സമൂഹനന്മയ്ക്കും ഉതകാത്തതരത്തിൽ, സാമൂഹിക അപചയത്തിന് മാത്രം ഉതകുന്ന തെറ്റായ പ്രവണതകൾ ഒഴിവാക്കേണ്ടതല്ലേ.

  കഴിഞ്ഞ ദിവസം കോട്ടയത്ത് ഉണ്ടായ കൊലപാതകം അത്യന്തം ഖേദകരമാണ്. KAAPA നിയമപ്രകാരം പോലീസ് നടപടി എടുത്ത ആൾ KAAPPA ബോഡിൽ നിന്ന് ഇളവ് വാങ്ങി എത്തിയ ശേഷം അടുത്ത ദിവസം തന്നെ കൊലപാതകം നടത്തുകയായിരുന്നു. ഉടനെ തന്നെ ജീവനോടെ പ്രതിയെ പിടികൂടുകയും ചെയ്തു. എന്നാൽ ഒരു മാധ്യമചർച്ചയിൽ ഒരു മുൻ പോലീസ് ഓഫീസർ എന്ന ലേബലിൽ ചർച്ചയിൽ പങ്കെടുത്ത വ്യക്തി എന്തുകൊണ്ട് പോലീസ് പ്രതിയെ വെടിവച്ച് കൊന്നില്ല എന്ന് ചോദിക്കുന്നത് കേട്ടു. സർവീസിൽ ഉണ്ടായിരുന്നപ്പോൾ ക്രമസമാധനപരിപാലനം നടത്താൻ കഴിയാതെ, ആരും അറിയാതെ, സർവ്വീസിൽ നിന്ന് വിരമിച്ചതു കൊണ്ടാണ് ഇത്തരം അഭിപ്രായങ്ങൾ ഉയർത്തുന്നത്.

  Also Read- Churuli| ചുരുളി ക്ലീനെന്ന് പൊലീസ്; സിനിമയിലെ ഭാഷ ആവിഷ്കാര സ്വാതന്ത്ര്യമെന്ന് സമിതി റിപ്പോർട്ട്

  ചെന്നൈയിൽ സമീപ ദിവസം നടന്ന എൻകൗണ്ടർ ആവേശത്തിൽ ചില പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ കണ്ടു. ഇത്തരം അവേശത്തിൽ ചർച്ചകൾ നടത്തുന്നവർ ഒന്ന് ചിന്തിക്കേണ്ടത്, ഇത് കേരളമാണ്. കാടിനുള്ളിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ മരണപ്പെട്ടപ്പോൾ പോലീസിനെതിരെ നടന്ന വിചാരണ മറക്കാൻ കഴിയുമോ. ഈ വിഷയത്തിൽ വെടിവച്ച പോലീസിനെ മാധ്യമ ചർച്ചയിൽ വന്നിരുന്ന് വിമർശിച്ച അതേ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് ഇപ്പോൾ വെടിവച്ച് കൊല്ലാത്തതിനെ വിമർശിക്കുന്നത്. പോലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്ത്, ജനം അറിയുന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്മാരെ ഇത്തരം ചർച്ചകളിൽ പങ്കെടുപ്പിക്കാൻ മാധ്യമങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

  ഇങ്ങനെ നിരവധി പ്രതിസന്ധികളേയും സാഹചര്യങ്ങളേയും തരണം ചെയ്തു കൊണ്ടാണ് കേരളത്തിൽ പോലീസ് പ്രവർത്തിച്ചു വരുന്നത്. പോലീസ് പ്രവർത്തനങ്ങളെ കൂടുതൽ തകർത്ത് പ്രത്യേക ലക്ഷ്യം നേടാൻ പരിശ്രമിക്കുന്ന പലരേയും നമുക്ക് ചുറ്റും കാണാൻ കഴിയും. പോലീസ് ഉദ്യോഗസ്ഥന്മാരും, പൊതു സമൂഹവും അത്തരക്കാരുടെ കെണിയിൽ വീഴാതിരിക്കുക. സമൂഹത്തോടുള്ള പ്രതിബദ്ധത മാത്രമാകണം പോലീസ് ഉദ്യോഗസ്ഥന്മാർക്ക് മുന്നിൽ ഉണ്ടാകേണ്ടത്. പൊതുസമൂഹത്തിലെ സുമനസുകൾക്ക് പോലീസ് എന്നും താങ്ങും തണലും ആകണം. അതുപോലെ തന്നെ ക്രിമിനലുകൾക്ക് നേരേയുള്ള നടപടികൾ ധീരതയോടെ സ്വീകരിക്കാൻ തയ്യാറാകുകയും വേണം. അതിനനുസരിച്ച് കരുത്തോടെ, മികവോടെ മുന്നോട്ടു പോകാൻ കേരളത്തിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥന്മാർക്കും കഴിയണമെന്ന് അഭ്യർത്ഥിക്കുന്നു.
  C.R.ബിജു
  ജനറൽ സെക്രട്ടറി
  KPOA
  Published by:Rajesh V
  First published: