HOME » NEWS » Kerala »

മതരാഷ്ട്രവാദികളെയും സ്ത്രീവിരുദ്ധരെയും കൂട്ടി സമരത്തിനറങ്ങരുത്; യൂത്ത് ലീഗ് വേദിയില്‍ എം.എന്‍ കാരശ്ശേരി

സ്ത്രീകള്‍ മുദ്രാവാക്യം വിളിച്ചാല്‍ ആകാശത്തിന് ഓട്ട വീഴുമെന്ന് പറഞ്ഞ മതപണ്ഡിതന്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും കാരശ്ശേരി.

News18 Malayalam | news18-malayalam
Updated: February 29, 2020, 4:26 PM IST
മതരാഷ്ട്രവാദികളെയും സ്ത്രീവിരുദ്ധരെയും കൂട്ടി സമരത്തിനറങ്ങരുത്; യൂത്ത് ലീഗ് വേദിയില്‍ എം.എന്‍ കാരശ്ശേരി
News18
  • Share this:
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന യൂത്ത് ലീഗ് സമരവേദിയില്‍ ജമാഅത്തെ ഇസ്ലാമിയെയും സുന്നി നേതാക്കളെയും വിമര്‍ശിച്ച് എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരി. പൗരത്വനിയമത്തിനെതിരെ നടക്കുന്ന സമരങ്ങൾ മുസ്ലിംകളുടെ മാത്രം പ്രശ്‌നമായി അവതരിപ്പിക്കാന്‍ മതതീവ്രവാദികള്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരെ കരുതിയിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമരങ്ങളില്‍ സ്ത്രീകള്‍ മുദ്രാവാക്യം വിളിക്കുന്നതിനെതിരെ പ്രസംഗിച്ച മത പണ്ഡിതനെയും കാരശ്ശേരി വിമര്‍ശിച്ചു. സ്ത്രീകള്‍ മുദ്രാവാക്യം വിളിച്ചാല്‍ ആകാശത്തിന് ഓട്ട വീഴുമെന്ന് പറഞ്ഞ മതപണ്ഡിതന്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം  ചോദിച്ചു.

കാരശ്ശേരിയുടെ പ്രസംഗത്തിന്റെ ഭാഗം...

"പൗരത്വ നിയമം മുസ്ലിംകളുടെ മാത്രം പ്രശ്‌നമല്ല.സമരത്തില്‍ മറ്റുമതവിശ്വാസികളും കമ്മ്യൂണിസ്റ്റുകളും യുക്തിവാദികളുമെല്ലാമുണ്ട്. കൂടെയുള്ളവര്‍ക്ക് ഏറ്റുവിളിക്കാന്‍ കഴിയാത്ത മുദ്രാവാക്യം നിങ്ങള്‍ക്ക് വിളിക്കമോ.. തെളിവുതരാം. ജാമിഅ മില്ലിയ ഇസ്ലാമിയലില്‍ ശശിതരൂര്‍ പോയി. ഈ മുദ്രാവാക്യം വിളിക്കരുതെന്ന് പറഞ്ഞു. അപ്പോഴേക്കും തരൂര്‍ മുസ്ലിംവിരുദ്ധനാണെന്ന് പറഞ്ഞ് മുദ്രാവാക്യം വിളിച്ചു. അപ്പോഴേക്കും പാളയത്തില്‍ പടയുണ്ടായി. സമരക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടായി. ഇത് സംഘപരിവാറിനേയേ സഹായിക്കൂ.

ഇവിടെ കേരളത്തില്‍ മതതീവ്രവാദികളും മൗലികവാദികളും രാഷ്ട്രവാദികളും കൂടി നേരത്തെയൊരു ഹര്‍ത്താല്‍ നടത്തി. ഇത് മുസ്ലിംകളുടെ മാത്രം പ്രശ്‌നമാണെന്ന് ചിത്രീകരിക്കേണ്ട ആവശ്യം സംഘപരിവാറിനുണ്ട്. മുസ്ലിം രാഷ്ട്രവാദികള്‍ക്കമുണ്ട്. ഈ സന്ദര്‍ഭമുപയോഗിച്ച് ഈ ജനാധിപത്യവും മതേതരത്വമൊന്നും നേരെയാകില്ലെന്ന് പറഞ്ഞ് പാവങ്ങളെ പറ്റിക്കുകയാണ ഇവര്‍ ചെയ്യുന്നത്. അവരുടെ കൂടെ സമരത്തിന് പോയാല്‍ അത് സംഘപരിവാരിനെ സഹായിക്കുക മാത്രമാണ്. മറ്റൊന്നുമല്ല. ഇത് ശരിക്കും ഓര്‍ക്കണം.

1905ല്‍ ബംഗാള്‍ വിഭജിച്ചു. അന്ന് ഇന്ത്യയില്‍ കാര്യമായ നേതൃത്വമില്ല. ഗാന്ധിജിയൊക്കെ പിന്നീടാണ് വന്നത്. ബംഗാള്‍ എന്തിന് വിഭജിച്ചുവെന്ന് ചോദിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ ഭരണസൗകര്യാര്‍ത്ഥമാണെന്ന് പറഞ്ഞു. ബംഗാള്‍ വിഭജനത്തെ ഇവിടത്തെ എല്ലാ മതക്കാരും ഒന്നിച്ചെതിര്‍ത്തു. ബ്രിട്ടീഷുകാര്‍ക്ക് അത് റദ്ദാക്കേണ്ടിവന്നു. ആ സമരത്തിലാണ് ഇന്ത്യന്‍ ദേശീയതയുണ്ടായത്. 1940 ആവുമ്പോഴേക്ക് ഇവിടത്തെ രാജ്യം തന്നെ വിഭജിച്ചു തരണേയെന്ന് ഹിന്ദുവും മുസ്ലിംമും പറഞ്ഞു. ബ്രിട്ടീഷുകാര്‍ ചരിത്രമെഴുതിയത് അങ്ങിനെയാണ്. ഇന്ത്യാ ചരിത്രത്തെ വിഭജിച്ചു. ഈ വൈകാരികതയില്‍ 1946 ആഗസ്റ്റ് പതിനാറാം തീയതി ബംഗാളില്‍ ലഹള തുടങ്ങി. ഇന്ത്യ വിഭജിക്കാന്‍ വേണ്ടി. ഏഴ് ദിവസം കൊണ്ട് ഒരു ലക്ഷം പേര്‍ മരിച്ചു. കറാച്ചില്‍ നിന്ന് ബോംബെയിലേക്ക് ഒരു ട്രെയിന്‍ വരുന്നു. ആ ട്രെയിന്‍ നിറയെ ശവങ്ങളാണ്. ശവങ്ങള്‍ നിറഞ്ഞ ട്രെയിന്‍ അങ്ങോട്ടും ഇങ്ങോട്ടും പോയി.

ചരിത്രത്തില്‍ നിന്ന് പഠിക്കേണ്ട പ്രധാനപാഠം പഠിക്കാന്‍ തയ്യാറാകണം. ഭരണഘടനയെ ജനാധിപത്യത്തിലും മതേതതരത്വത്തിലും വേരാഴ്ത്തി നില്‍ക്കുന്ന ഭരണഘടനയെ അംഗീകരിക്കാന്‍ തയ്യറാണോ. അതോ ഇവിടത്തെ ഇസ്ലാമിസ്റ്റുകള്‍ പറയുന്നപോലെ പാന്‍ ഇസ്ലാമിസത്തില്‍ വിശ്വസിക്കുന്നോ. ഖുര്‍ആനാണ് അടിസ്ഥാനമമെന്ന് വിശ്വസിച്ചാല്‍ നിങ്ങള്‍ക്ക് കലാപമുണ്ടാക്കാം. സമാധാനമുണ്ടാക്കാനാകില്ല.

48ല്‍ ഇസ്രായേല്‍ എന്ന രാഷ്ട്രമുണ്ടായി. രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ അവിടെ ഒരു ഭരണഘടനയുണ്ടായി. മടങ്ങിവരവിന്റെ നിയമം. അതില്‍ പറഞ്ഞ ഒരു കാര്യം ലോകത്തെവിടെയുള്ള യഹൂദനും ഈ രാഷ്ട്രത്തില്‍ അവകാശമുണ്ട്. ഇസ്രായേല്‍ ഒരു യഹൂദ രാഷ്ട്രമാണെന്ന പ്രഖ്യാപനം. ഈ നിയമത്തെ മാതൃകയാക്കിയാണ് ഇന്ത്യയിലും ഈ നിയമമുണ്ടാക്കിയതെന്ന് ഞാന്‍ കരുതുന്നു.

പൗരത്വ ഭേദഗതി നിമയത്തെ അനുകൂലിക്കാനുള്ള അവകാശം വേണം. അബ്ദുല്ലക്കുട്ടിയുടെ അരാധനാ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ കഴിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അനുകൂലിക്കാന്‍ യോഗം നടക്കുമ്പോള്‍ എല്ലാവരും കടപൂട്ടിപ്പോവുകയെന്നത് എന്ത് ജനാധിപത്യമാണ്. അതിന്റെ പ്രതികരണം മോശമായിരിക്കും.

ഭരണഘടനയുടെ പതിനാലം അനുച്ഛേദത്തില്‍ ഇന്ത്യയിലെ പൗരന്‍മാരെല്ലാം തുല്യരാണെന്ന് പറയുന്നു. അപ്പോള്‍ ഒരുകൂട്ടര്‍ പറയുകയാണ് പെണ്ണുങ്ങള്‍ പുറത്തിറങ്ങി മുദ്രാവാക്യം വിളിക്കാന്‍ പാടില്ലെന്ന്. പിന്നെ നിങ്ങള്‍ക്കെന്ത് തുല്യതയാണ് മനസ്സിവുക. ഒരു മുസ്ല്യാര്‍ പറയുകയാണ്. ആകാശത്ത് ഓട്ടവരുമെന്ന്. ഇയാളൊക്കെ ഏത് നൂറ്റാണ്ടാലാണ് ജീവിക്കുന്നതെന്നാണ് എനിക്ക ചോദിക്കാനുള്ളത്.

1977ല്‍ അടിയന്തിരാവസ്ഥക്കെതിരെ പോരാട്ടം നടക്കുന്ന കാലമാണ്. ജയപ്രകാശ് നാരായണന്റെ ആരാധകനായിരുന്നു ഞാന്‍ അന്ന് ആര്‍.എസ്.എസ്.സിനെക്കൂട്ടി സമരം ചെയ്യുന്നതിനെ ഞാന്‍ എതിര്‍ത്തിരുന്നു. ജനതയെന്ന പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ ജനസംഘത്തെയും കൂട്ടി. മൊറാര്‍ജി മന്ത്രിസഭയില്‍ അദ്വാനിയും വാജ്‌പേയിയും മന്ത്രിമാരായി. നോക്കൂ എത്രപെട്ടെന്നാണ് അവര്‍ ഇന്ത്യയുടെ അധികാരം പിടിച്ചെടുത്തത്. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തവരെക്കൂട്ടി ജനാധിപത്യത്തിന് വേണ്ടി പോരാട്ടത്തിനിറങ്ങരുത്. "- കാരശ്ശേരി പറഞ്ഞു.

കോഴിക്കോട് കടപ്പുറത്താണ് യൂത്ത് ലീഗ് ഷഹീന്‍ബാഗ് സ്‌ക്വയര്‍ സമരം നടക്കുന്നത്.

Also Read അമിത് ഷായുടെ സന്ദര്‍ശനം: യൂത്ത് ലീഗ് 'കറുത്ത മതിൽ' പ്രതിഷേധത്തിൽ നിന്നും പിന്മാറി
Published by: Aneesh Anirudhan
First published: February 29, 2020, 4:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories