Minnal Murali | ഒന്നാം നിലയിലെത്താൻ 'മിന്നൽ മുരളി' ആകണ്ട; 'വൈറൽ സ്കൂളിൽ' കോണിപ്പടി നിർമ്മിക്കുമെന്ന് പഞ്ചായത്ത്മലപ്പുറം: കോണിപ്പടി ഇല്ലാതെ എങ്ങനെ രണ്ടാം നിലയിൽ കയറും ? മലപ്പുറം ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ ജി യു പി സ്ക്കൂളിലെ പുതിയ കെട്ടിടം നിർമിച്ചവർക്ക് പക്ഷേ ഈ സംശയം ഉണ്ടായതേയില്ല. നിർമാണം എല്ലാം പൂർത്തിയായ കെട്ടിടത്തിന് കോണിപ്പടി നിർമിക്കാൻ പ്രത്യേക ഫണ്ട് അനുവദിച്ചാണ് ചോക്കാട് പഞ്ചായത്ത് പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നത്
ഒരു സ്കൂൾ കെട്ടിടം കാരണം വൈറൽ ആയിരിക്കുകയാണ് ചോക്കാട് മാളിയേക്കൽ ഗ്രാമം. പ്രീ പ്രൈമറി സ്കൂളിൻ്റെ പുത്തൻ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ എത്തണം എങ്കിൽ മിന്നൽ മുരളി ആകേണ്ടി വരും... കാരണം കോണിപ്പടി ഇല്ല എന്നത് തന്നെ. ഇങ്ങനെ ഒക്കെ ആരെങ്കിലും കെട്ടിടം ഉണ്ടാക്കുമോ എന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞത് കിട്ടിയ ഫണ്ട് കൊണ്ട് കെട്ടിടം ഉണ്ടാക്കുക ആയിരുന്നു എന്ന് ആണ്. എസ്റ്റിമേറ്റ് പ്രകാരം ഉള്ള പണി മാത്രം കരാറുകാരൻ ചെയ്തതോടെ മുകൾ നില താഴെ നിന്ന് കാണാൻ മാത്രമേ പറ്റൂ എന്നായി. ഏറെ പ്രത്യേകതകൾ ഉള്ള ഈ നിർമാണം സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞതോടെ ചോക്കാട് പഞ്ചായത്ത് പ്രശ്നത്തിൽ ഇടപെട്ടു. കോണിപ്പടി നിർമാണം ഉടൻ തുടങ്ങും എന്ന് പ്രസിഡൻ്റ് സി എച്ച് നൗഷാദ് കട്ടായം പറയുന്നു
" ചോക്കാട് പഞ്ചായത്തിലെ 15 വാർഡിലാണ് ഈ സ്കൂൾ കെട്ടിടം .. ഈ ഭരണ സമിതി അല്ല ആ കെട്ടിടം നിർമ്മിച്ചത്. എന്നാൽ ആ കാരണം പറഞ്ഞു ഒഴിഞ്ഞ് മാറാൻ പറ്റുന്ന കാര്യം അല്ല. അന്ന് തിരുവനന്തപുരത്തുകാരിയായ ഒരു എ ഇ ആയിരുന്നു ഇവിടെ ചുമതലയിൽ ഉണ്ടായിരുന്നത് . അവരെ വിളിച്ച് അന്വേഷിച്ചപ്പോൾ പറഞ്ഞത് ഉള്ള ഫണ്ട് കൊണ്ട് സ്കൂളിൻ്റെ പണി പൂർത്തീകരിക്കുകയും തൊട്ടടുത്ത വർഷം ഫണ്ട് കിട്ടുമ്പോൾ കോണി പണിയുകയും ചെയ്യാം എന്ന ധാരണയിൽ ആണ് അനുമതി നൽകിയത് എന്ന് ആണ്. അതിന് ശേഷം ഇപ്പോൾ കോണിപ്പടി നിർമാണത്തിന് ടെൻഡർ വിളിച്ചപ്പോൾ രണ്ട് തവണയും ഒരു കോൺട്രാക്ടർ മാത്രമാണ് ടെൻഡർ നൽകിയത്. എന്നാല് ഭരണപരമായ പ്രശ്നം കാരണം അത് കൊടുക്കാൻ ആയില്ല. ഇനി മൂന്നാം തവണ ടെൻഡർ കൊടുക്കുമ്പോൾ ഒരാൾ മാത്രമാണ് എങ്കിലും അതിനു നടപടി പ്രശ്നം ഉണ്ടാകില്ല. അത് കൊണ്ട് തന്നെ ഏറെ വൈകാതെ നിർമാണം പൂർത്തീകരിക്കാൻ കഴിയും എന്ന് തന്നെ ആണ് പ്രതീക്ഷിക്കുന്നത്."- പ്രസിഡന്‍റ് പറഞ്ഞു.
Also Read- 'മിന്നൽ മുരളി' പഠിച്ച സ്കൂൾ വൈറലാകുന്നു; രണ്ടാം നിലയിലെ ക്ലാസിലെത്താൻ പറക്കണം
ഒമ്പത് ലക്ഷം മുടക്കിയാണ് കോണിപ്പടി ഒഴികെ മറ്റെല്ലാം ഉള്ള ഈ കെട്ടിടം സ്കൂളിൽ നിർമിച്ചത്. ഫുട്ബാൾ ടൂർണമെൻ്റ് അടക്കം നടത്തിയാണ് നാട്ടുകാർ കെട്ടിടം നിർമിക്കാൻ വേണ്ടി ഫണ്ട് സ്വരൂപിച്ചത്. അങ്ങനെ നാലു ലക്ഷം രൂപക്ക് പുറമെ പഞ്ചായത്തിൻ്റെ അഞ്ച് ലക്ഷം രൂപയും കൂടി ചേർത്താണ് കെട്ടിടം നിർമിച്ചത്. ഇങ്ങനെ ഒക്കെ നിർമിച്ച കെട്ടിടം ഇത് പോലെ ആയി പോയതിന് ഇനി ആരെ പഴി ചാരും എന്ന് അറിയാതെ അന്തം വിട്ടിരിക്കുകയാണ് നാട്ടുകാർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala news, Malappuram, Malappuram District, Malappuram news, Minnal Murali