• HOME
  • »
  • NEWS
  • »
  • kerala
  • »
  • Black Mask| കറുത്ത മാസ്ക് അഴിപ്പിക്കരുത്; ഒടുവില്‍ ഡിവൈഎസ്പിമാര്‍ക്ക് ഐജിയുടെ നിര്‍ദേശം

Black Mask| കറുത്ത മാസ്ക് അഴിപ്പിക്കരുത്; ഒടുവില്‍ ഡിവൈഎസ്പിമാര്‍ക്ക് ഐജിയുടെ നിര്‍ദേശം

ജനങ്ങളെക്കൊണ്ട് കറുത്ത മാസ്‌ക് അഴിപ്പിക്കണമെന്ന് സര്‍ക്കാര്‍ തലത്തില്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്.

  • Share this:
    കോഴിക്കോട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുത്ത മാസ്‌ക് അഴിച്ചുമാറ്റാന്‍ ജനങ്ങളോട് ആവശ്യപ്പെടരുത് എന്ന് പൊലീസിന് (Police) നിര്‍ദേശം. സുരക്ഷാ മേല്‍നോട്ട ചുമതലയുള്ള ഐ ജി അശോക് യാദവാണ് ഡിവൈഎസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

    ജനങ്ങളെക്കൊണ്ട് കറുത്ത മാസ്‌ക് അഴിപ്പിക്കണമെന്ന് സര്‍ക്കാര്‍ തലത്തില്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. കോഴിക്കോടും മലപ്പുറത്തും ജനങ്ങള്‍ കറുത്ത മാസ്‌ക് ധരിച്ചെത്തുന്നത് വിലക്കിയത് വിവാദമായിരുന്നു. കറുത്ത മാസ്‌കോ വസ്ത്രങ്ങളോ ധരിക്കരുതെന്ന് പൊലീസ് നിര്‍ദേശമുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്.

    പന്തീരാങ്കാവില്‍ വെച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. കോഴിക്കോട് റസ്റ്റ് ഹൗസിലുള്ള മുഖ്യമന്ത്രിക്ക് ഡിസിപിയുടേയും ഡിവൈഎസ്പിമാരുടേയും നേതൃത്വത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

    തവനൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത ജയില്‍ ഉദ്ഘാടന പരിപാടിയില്‍ എത്തിയവരോട് കറുത്ത മാസ്‌ക് മാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. പകരം അവര്‍ക്ക് മഞ്ഞ മാസ്‌ക് നല്‍കി. കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്കെതിരെ ഇന്നും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പ്രതിപക്ഷ യുവജന സംഘടനകളുടെ കനത്ത പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ തുടരുകയാണ്.

    തവനൂരില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ തടഞ്ഞു; പകരം മഞ്ഞ മാസ്‌ക് നല്‍കി പൊലീസ്

    കറുത്തമാസ്‌ക് ധരിച്ച് തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്‌ക് ധരിച്ചെത്തിയവര്‍ക്ക് പൊലീസ് മഞ്ഞ മാസ്‌ക് നല്‍കി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്‌കാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്. മാസ്‌ക് മാറ്റിയ നടപടിക്ക് എതിരെ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

    അതേസമയം ഇന്നലെ കോട്ടയത്തെയും കൊച്ചിയിലെയും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കിയിരുന്നു. എന്നാല്‍ കറുത്ത മാസ്‌കിന് വിലക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. പ്രതിഷേധ സാധ്യത കണക്കിലെടുത്ത മുഖ്യമന്ത്രിയ്ക്ക് മലപ്പുറത്ത് കനത്ത് സുരക്ഷയാണ്

    മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിരുന്നു. എസ് പി നേരിട്ടാണ് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കുന്നത്. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്.

    അസാധാരണമായ രീതിയില്‍ മുഖ്യമന്ത്രി കടന്ന് പോകുന്ന വഴികളിലുടനീളം റോഡടച്ച് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുളളത്. മുഖ്യമന്ത്രി താമസിക്കുന്ന തൃശൂര്‍ രാമനിലയത്തിന് മുന്നിലെ പാലസ് റോഡ് അടച്ചിരുന്നു.
    Published by:Rajesh V
    First published: