• HOME
 • »
 • NEWS
 • »
 • kerala
 • »
 • Swapna Suresh | 'ആരോപണം രാഷ്ട്രീയ അജണ്ടയുടെ ഭാഗം': ഇത് ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Swapna Suresh | 'ആരോപണം രാഷ്ട്രീയ അജണ്ടയുടെ ഭാഗം': ഇത് ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

'സ്വര്‍ണ്ണക്കടത്ത് പുറത്തുവന്ന അവസരത്തില്‍ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്'

 • Share this:
  തിരുവനന്തപുരം: അസത്യങ്ങള്‍ വീണ്ടും പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് വൃഥാവിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്ന സ്വരേഷ് ഉയർത്തിയ ആരോപണത്തോട് പ്രസ്താവനയിലൂടെ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വര്‍ണ്ണക്കടത്ത് പുറത്തുവന്ന അവസരത്തില്‍ തന്നെ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആദ്യം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. പിന്നീട് അന്വേഷണ രീതികളെപ്പറ്റിയുണ്ടായ ന്യായമായ ആശങ്കകള്‍ യഥാസമയം ചൂണ്ടിക്കാണിച്ചിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

  രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതല്‍ അവസാന ഭാഗം വരെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് നിര്‍ബന്ധമുള്ള തങ്ങള്‍ക്കെതിരെ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാല്‍ ചില കോണുകളില്‍ നിന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇത് ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

  ദീര്‍ഘകാലമായി പൊതുരംഗത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും വ്യാജ ആരോപണങ്ങള്‍ നേരിട്ടിട്ടും പതറാതെ പൊതുജീവിതത്തില്‍ മുന്നോട്ടുനീങ്ങുകയും ചെയ്യുന്നവർക്കെതിരെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നതും അത് ഏറ്റെടുക്കുന്നതും ഒരു ഗൂഢപദ്ധതിയുടെ ഭാഗമാണെന്നുള്ളത് വ്യക്തമാണ്. അത്തരമൊരു ആളെക്കൊണ്ട് പഴയ ആരോപണങ്ങള്‍ അയവിറക്കിച്ച് നേട്ടം കൊയ്യാമെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി നമ്മുടെ സമൂഹം നല്‍കുമെന്ന ഉറച്ച വിശ്വാസം തനിക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

  കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമൂഹ്യക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നേരത്തെ രംഗത്തെത്തിയിരുന്നു. നയതന്ത്ര സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എറണാകുളം ജില്ലാ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ അഡ‍ീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രൻ, നളിനി നെറ്റോ, മുൻമന്ത്രി കെ ടി ജലീൽ എന്നിവർക്കുള്ള പങ്ക് കോടതിയിൽ മൊഴിയായി നൽകിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

  സംശയകരമായ സാഹചര്യത്തിൽ ബിരിയാണി ചെമ്പ് പാത്രം കോൺസൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. ഇതിൽ മെറ്റലിന്റെ സാന്നിധ്യമുണ്ടെന്നും സ്വപ്ന പറയുന്നു.

  Also Read- Swapna Suresh| 'വിദേശത്തേക്ക് ഒരു പെട്ടി കറൻസി കടത്തി': മുഖ്യമന്ത്രിക്കും ഭാര്യക്കും മകൾക്കുമെതിരെ സ്വപ്നയുടെ വെളിപ്പെടുത്തൽ

  സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നു സ്വപ്ന കുറ്റപ്പെടുത്തി. ജില്ലാ കോടതിയിൽ സ്വപ്ന ഹർജി നൽകിയാണ് രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ഉത്തരവു നേടിയത്. മജിസ്ട്രേട്ട് മുൻപാകെ ഇന്നലെ രഹസ്യമൊഴി നൽകിയെങ്കിലും പൂർത്തിയാകാത്തതിനെ തുടർന്നാണ് ഇന്നും രേഖപ്പെടുത്താൻ എത്തിയത്. മൊഴി നൽകിയ ശേഷം കൂടുതൽ വിവരങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തുമെന്നും സ്വപ്ന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

  അറസ്റ്റിലായ ശേഷം കേന്ദ്ര അന്വേഷണ ഏജൻസികളായ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവർ സ്വപ്നയുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയിരുന്നു. കോഫെപോസ കരുതൽ തടങ്കൽ അവസാനിച്ചു പുറത്തിറങ്ങിയ ശേഷം കേസിലെ കൂട്ടുപ്രതിയായ എം.ശിവശങ്കറിനെതിരെ സ്വപ്ന രൂക്ഷമായ വിമർശനം നടത്തിയിരുന്നു.
  Published by:Anuraj GR
  First published: