നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സർ- മാഡം വിളി ഇനിയും വേണോ? ബോബൻ മാട്ടുമന്തയുടെ ക്യാമ്പയിൻ ഏറ്റെടുത്ത് പഞ്ചായത്തുകൾ

  സർ- മാഡം വിളി ഇനിയും വേണോ? ബോബൻ മാട്ടുമന്തയുടെ ക്യാമ്പയിൻ ഏറ്റെടുത്ത് പഞ്ചായത്തുകൾ

  സംസ്ക്കാര സാഹിതി ജില്ലാ ചെയർമാനും പാലക്കാട് ഹിസ്റ്ററി ക്ലബ്ബ് പ്രസിഡണ്ടുമായ ബോബൻ മാട്ടുമന്തയാണ് സർ അല്ലെങ്കിൽ മാഡം വിളിയ്ക്കെതിരെ ക്യാമ്പയിന് തുടക്കം കുറിച്ചത്.

  News18

  News18

  • Share this:
  കേരളത്തിൽ ഒരു നിശബ്ദ വിപ്ലവം നടക്കുകയാണ്. ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സർ അല്ലെങ്കിൽ മാഡം എന്ന് വിളിച്ചു പോരുന്ന രീതിയിൽ നിന്നുള്ള മാറ്റം വേണമെന്ന ആവശ്യത്തിന് കിട്ടുന്ന പിന്തുണയാണ് ആ വിപ്ലവകരമായ മാറ്റം. ബ്രിട്ടീഷ് കാലത്ത് ഉദ്യോഗസ്ഥരെ യജമാനൻമാരായി കണ്ടാണ് അവരെ സർ എന്നും മാഡമെന്നും വിളിച്ചു പോന്നത്. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തിലും നമ്മൾ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സർ എന്നും മാഡം എന്നും വിളിച്ചു പോരുന്നു. ഉദ്യോഗസ്ഥർ ജനങ്ങളുടെ സേവകരാണെന്ന് പറയുമ്പോഴും അവരെ ഇപ്പോഴും സർ എന്നോ മാഡമെന്നോ വിളിയ്ക്കേണ്ടി വരുന്നു.  ഈ വിളിയ്ക്കെതിരെയുള്ള ക്യാമ്പയിൻ കേരളം ആവേശപൂർവ്വം ഏറ്റെടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. സംസ്ക്കാര സാഹിതി ജില്ലാ ചെയർമാനും പാലക്കാട് ഹിസ്റ്ററി ക്ലബ്ബ് പ്രസിഡണ്ടുമായ ബോബൻ മാട്ടുമന്തയാണ് സർ അല്ലെങ്കിൽ മാഡം വിളിയ്ക്കെതിരെ ക്യാമ്പയിന് തുടക്കം കുറിച്ചത്. ബോബൻ തുടങ്ങി വെച്ചത് പാലക്കാട് മാത്തൂർ പഞ്ചായത്ത് ആദ്യം നടപ്പിലാക്കി. ഇപ്പോൾ സംസ്ഥാനത്ത് നിരവധി പഞ്ചായത്തുകളാണ് സർ- മാഡം വിളി ഒഴിവാക്കിക്കൊണ്ട് പ്രമേയം പാസാക്കിയത്.

  ഒറ്റപ്പാലം കോടതിയും ആർഡിഒയുടെ കത്തും

  ഏറെ ചരിത്ര പ്രാധാന്യമുള്ള ഒറ്റപ്പാലം കോടതി, കാലപ്പഴക്കത്തിൻ്റെ പേരിൽ പൊളിച്ച് കളയാനുള്ള നീക്കത്തിനെതിരെ ബോബൻ മാട്ടുമന്ത, ഒറ്റപ്പാലം ആർഡിഒയ്ക്ക് കൊടുത്ത പരാതിയാണ് എല്ലാത്തിൻ്റേയും തുടക്കം. സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ചരിത്രമുള്ള  ഒറ്റപ്പാലം  ചരിത്ര സ്മാരകമായി നിലനിർത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഒറ്റപ്പാലം സബ് കളക്ടർക്ക് ഒരു നിവേദനം കൊടുത്തത്. ഇതിന് മറുപടിയായി ആർഡിഒ നൽകിയ കത്ത്  ഇങ്ങനെയായിരുന്നു. താങ്കളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ താങ്കളെ 25.06. 2021 ന് രാവിലെ 11 മണിയ്ക്ക് നേരിൽ കേൾക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ താങ്കൾ കൃത്യമായും ഈ കാര്യാലയത്തിൽ നേരിൽ ഹാജരാകേണ്ടതാണ്. കത്ത് വായിച്ച ബോബൻ മാട്ടുമന്തയ്ക്ക് തോന്നിയത് താനെന്തോ തെറ്റ് ചെയ്തുവെന്നാണ്. കത്തിലെ പ്രശ്നങ്ങളും ബോബൻ ചൂണ്ടിക്കാട്ടുന്നു. ഒരാൾ നൽകിയ പരാതിയിൽ, അയാളെ കേൾക്കുമ്പോൾ അദ്ദേഹത്തിൻ്റെ സമയം കൂടി ചോദിക്കാൻ തയ്യാറാകാതെയാണ് ആർഡിഒ ഹാജരാകാൻ നിർദ്ദേശിച്ചത്. അതു മാത്രമല്ല കൃത്യമായും ഹാജരാകണം എന്നത് ശരിയായ പ്രയോഗമല്ലെന്നും അതിൽ ഒരു ആഞ്ജാശക്തിയുണ്ടെന്നും ബോബൻ പറയുന്നു. ഇത് ശരിയായ ഭാഷാപ്രയോഗ രീതിയല്ലെന്ന് വ്യക്തമാക്കി ജില്ലാ കളക്ടർക്ക് ബോബൻ പരാതി നൽകി. മറുപടി ഇല്ലാതെ വന്നതോടെ ഉദ്യോഗസ്ഥ- ഭരണപരിഷ്കാര വകുപ്പിന് വീണ്ടും പരാതി നൽകി. ഒടുവിൽ ആ മറുപടി ലഭിച്ചു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട കത്തുകളിൽ കഴിയുന്നിടത്തോളം സൗഹൃദപരമായ പദങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിയ്ക്കണമെന്ന് ആർ ഡി ഒ യ്ക്ക് നിർദ്ദേശം നൽകിയെന്നും സർക്കാർ തലത്തിൽ ഉപയോഗിക്കേണ്ട ഭാഷാപ്രയോഗങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താനുള്ള നടപടികൾ പരിഗണനയിൽ ആണെന്നും വ്യക്തമാക്കുന്നതായിരുന്നു കത്ത്.  1983 ലാണ് ഭരണഭാഷ പ്രായോഗങ്ങളെക്കുറിച്ചുള്ള കൈപുസ്തകം പ്രസിദ്ധീകരിച്ചത്. അതിൽ അധികാര പ്രയോഗങ്ങളുള്ള പദങ്ങൾക്ക് പകരം കൂടുതൽ സൗഹൃദപരമായ പദങ്ങൾ ഉൾപ്പെടുത്തുമെന്നും  അധികൃതർ അറിയിച്ചു.

  സർ- മാഡം വിളിയ്ക്കെതിരെ ക്യാമ്പയിൻ തുടങ്ങുന്നു

  ഒറ്റപ്പാലം ആർഡിഒയുടെ അധികാര സ്വരത്തിലുള്ള ഭാഷാപ്രയോഗം തിരുത്തണമെന്ന് നിർദ്ദേശം വന്നതോടെ ഇത്തരത്തിൽ പൊതുവേ ഉപയോഗിയ്ക്കുന്ന ഭാഷാ പ്രയോഗങ്ങളും ചർച്ചയായി. അങ്ങനെയാണ സർ, മാഡം വിളിയും സജീവ ചർച്ചയാവുന്നത്. ജനങ്ങളുടെ സേവകരായി മാറേണ്ട ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും എന്തിനാണ് സർ എന്നും മാഡമെന്നും വിളിക്കുന്നത് എന്ന ചർച്ചയ്ക്ക് ബോബൻ മാട്ടുമന്ത തുടക്കമിട്ടു. വലിയ പിന്തുണയാണ് ഈ ക്യാമ്പയിന് ലഭിച്ചത്.  ബ്രിട്ടീഷ് കാലത്തെ രീതികൾ ഇനിയും ഒഴിവാക്കാൻ കഴിയാത്തത് നമ്മുടെ പോരായ്മയായാണ് വിലയിരുത്തപ്പെട്ടത്. സർ- മാഡം വിളിയ്ക്ക് പകരം ഉദ്യോഗസ്ഥരെ പേരോ  തസ്തികാ നാമമോ വിളിക്കാവുന്നതാണെന്നും അഭിപ്രായം ഉയർന്നു. ഇക്കാര്യങ്ങൾ വിശദമാക്കി ബോബൻ്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കത്തുകളയച്ചു.

  സർ/ മാഡം വിളി ഒഴിവാക്കി മാത്തൂർ പഞ്ചായത്ത്

  ബോബൻ മാട്ടുമന്തയുടെ ക്യാമ്പയിൽ ആദ്യം ഏറ്റെടുത്തത് കോൺഗ്രസ് ഭരിയ്ക്കുന്ന പാലക്കാട്ടെ മാത്തൂർ പഞ്ചായത്താണ്.  ഈ പഞ്ചായത്തിലെ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഇനിയാരും സർ എന്നും, മാഡമെന്നും വിളിച്ച് അഭിസംബോധന ചെയ്യേണ്ട. തസ്തികാ നാമമോ, പേരോ വിളിച്ച് അഭിസംബോധന ചെയ്താൽ മതിയെന്ന് ആഗസ്ത് 31ന് ചേർന്ന ഭരണ സമിതി തീരുമാനമെടുത്തു. പഞ്ചായത്ത് തീരുമാനത്തെ നാട്ടുകാരും സ്വാഗതം ചെയ്തു.ഉദ്യോഗസ്ഥരുടെ തസ്തികകളും പേരും അതാത് മേശപ്പുറത്ത് പ്രദർശിപ്പിയ്ക്കാനും തീരുമാനിച്ചു. സാറെന്നും മാഡമെന്നും വിളിയ്ക്കാത്തതിൻ്റെ പേരിൽ സേവനങ്ങൾ കിട്ടാതെ വന്നാൽ ജനങ്ങൾക്ക് പ്രസിഡണ്ടിനോടോ സെക്രട്ടറിയോടോ പരാതിപ്പെടാമെന്നും ഭരണ സമിതി വ്യക്തമാക്കി.  മാത്തൂർ പഞ്ചായത്തിൻ്റെ ചുവട് പിടിച്ച് നിരവധി പഞ്ചായത്തുകളാണ് സർ, മാഡം വിളി ഒഴിവാക്കി രംഗത്ത് വന്നത്.

  ക്യാമ്പയിൻ ഏറ്റെടുത്ത് കെപിസിസി

  സർ, മാഡം വിളി ഒഴിവാക്കണമെന്ന ക്യാമ്പയിന്  പിന്തുണ പ്രഖ്യാപിച്ച കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ തന്നെ രംഗത്ത് വന്നു. കോൺഗ്രസ് ഭരിയ്ക്കുന്ന പഞ്ചായത്തുകളിൽ സർ, മാഡം വിളികൾ ഒഴിവാക്കുമെന്നും ഇതിന് ഡിസിസി പ്രസിഡണ്ടുമാർക്ക് നിർദ്ദേശം നൽകുമെന്നും സുധാകരൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കോടതികൾ എന്നിവിടങ്ങളിലെല്ലാം സർ വിളിയും മാഡം വിളിയും ഒഴിവാക്കണമെന്ന അഭിപ്രായങ്ങൾ ഉയർന്നു തുടങ്ങി.

  ബോബൻ എന്ന പെയിൻ്റിംഗ് തൊഴിലാളി, രാഷ്ട്രീയത്തിൽ നിശബ്ദ പോരാളി

  കോൺഗ്രസ് പ്രവർത്തകനാണ് ബോബൻ മാട്ടുമന്ത. അഞ്ചു വർഷത്തോളം യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം കമ്മറ്റി പ്രസിഡണ്ടായിരുന്നു. നേതാവായാൽ പിന്നെ ഒരു പണിയ്ക്കും പോവാത്ത രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും വിത്യസ്തനാണ് ബോബൻ. പെയിൻ്റിംഗ് ജോലിയാണ് ബോബൻ്റെ ഉപജീവനമാർഗം. യൂത്ത് കോൺഗ്രസിൻ്റെ നിയോജക മണ്ഡലം പ്രസിഡണ്ടായി പ്രവർത്തിച്ചപ്പോഴും തൊഴിലിന് പോവാൻ ഒരു മടിയും കാണിക്കാത്ത നേതാവായിരുന്നു. നിലവിൽ കോൺഗ്രസിൽ ചുമതലകളൊന്നുമില്ല. സംസ്ക്കാര സാഹിതി ജില്ലാ ചെയർമാനാണ്.  പാലക്കാട് ഹിസ്റ്ററി ക്ലബ്ബ് ജില്ലാ പ്രസിഡണ്ടായും പ്രവർത്തിയ്ക്കുന്നു.
  മലമ്പുഴയ്ക്ക് സമീപം മാട്ടുമന്തയാണ് സ്വദേശം. പരേതനായ കൃഷ്ണൻ്റെയും കമലത്തിൻ്റെയും മൂത്ത മകനായ ബോബൻ ചെറുപ്പത്തിലേ രാഷ്ട്രീയ പ്രവർത്തനത്തിനും സാംസ്ക്കാരിക പ്രവർത്തനങ്ങളിലും ഒരുപോലെ താല്പര്യം കാണിച്ചിരുന്നു. പക്ഷേ ഒരിക്കലും  നേതാക്കളെത്തുമ്പോൾ അവരോട് ഒട്ടി നിന്ന് പടമെടുക്കാനും  ആളുകളിയ്ക്കാക്കാനൊന്നും ബോബൻ ഉണ്ടാവാറില്ല. പാർടി ഏൽപ്പിച്ച ദൗത്യങ്ങൾ കൃത്യമായി ചെയ്തിരുന്ന പ്രവർത്തകനായി ബോബൻ തുടർന്നു. ആരുടെയും ആളാവാത്തത് കൊണ്ടു തന്നെ ഇപ്പോൾ ഒരു ചുമതലയും ഇല്ല.
  യൂത്ത് കോൺഗ്രസിൻ്റെ ചുമതല വഹിച്ചിരുന്ന സമയത്ത് നടത്തിയ നിരവധി സമരങ്ങളുടെ ഭാഗമായി മുപ്പത്തിയെട്ട് കേസുകളുണ്ടായിരുന്നു. നിലവിൽ 22 കേസുകൾ പാലക്കാട് കോടതിയിലുണ്ട്. ഇപ്പോൾ പാലക്കാടുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളെക്കുറിച്ച് പഠിയ്ക്കുകയും വരും തലമുറയ്ക്കായി അവയെല്ലാം ഡോക്യുമെൻ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് ബോബൻ. പാലക്കാട് ഹിസ്റ്ററി ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
  ഭാര്യ റിംന സഹകരണ ബാങ്കിൽ ജോലി ചെയ്യുന്നു. മക്കൾ. ഏകലവ്യ, ബുദ്ധദേവ് , ഇതിഹാസ്.
  Published by:Sarath Mohanan
  First published:
  )}