• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

ഇത്ര ആക്ഷേപിക്കുന്ന ഈ കെ.പി.എം.ജി എന്താണ്?


Updated: September 3, 2018, 10:39 PM IST
ഇത്ര ആക്ഷേപിക്കുന്ന ഈ കെ.പി.എം.ജി എന്താണ്?

Updated: September 3, 2018, 10:39 PM IST
പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന് കെ.പി.എം.ജിയെ കൺസൾട്ടന്‍റായി നിയമിച്ചതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം ഇന്ന് രംഗത്തുവന്നിരിക്കുന്നു. സമൂഹമാധ്യമങ്ങളിലും കെ.പി.എം.ജിയെ നിയമിച്ച നടപടിക്കെതിരെ വിമർശനമുയരുന്നുണ്ട്. ശരിക്കും കെ.പി.എം.ജി എന്താണെന്നും അവരുടെ പ്രവർത്തനരീതി അറിയാതെയുമാണ് വിമർശിക്കുന്നതെന്ന് ആസൂത്രണബോർഡ് മുൻ അംഗവും ടെക്നോപാർക്ക് സിഇഒയുമായിരുന്ന ജി വിജയരാഘവൻ. വിശദമായ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജി വിജയരാഘവൻ കെ.പി.എം.ജിയുടെ വിമർശകർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി കെപിഎംജിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ചില വിമർശനങ്ങൾ കണ്ടിരുന്നു. എന്നാൽ ഇന്ന് ചില പ്രമുഖ നേതാക്കൾ രംഗത്തെത്തിയതോടെയാണ് ഇത്തരമൊരു ഫേസ്ബുക്ക് കുറിപ്പ് എഴുതാൻ തീരുമാനിച്ചതെന്ന മുഖവുരയോടെയാണ് ജി വിജയരാഘവൻ തുടങ്ങുന്നത്.

കേരളം പ്രളയക്കെടുതിയിൽ മുങ്ങിയപ്പോൾ തന്നെ കെപിഎംജി ചെയർമാനും സിഇഒയുമായ അരുൺ കുമാറും സച്ചിൻ മേനോനും എന്നെ വിളിച്ചിരുന്നു. കനത്ത നാശം സംഭവിച്ച കേരളത്തെ സഹായിക്കാൻ കെപിഎംജിയിൽ തന്നെ ഒരു ധനസമാഹരണം തുടങ്ങിയെന്ന് അവർ പറഞ്ഞു. 72 മണിക്കൂറിനുള്ളിൽ കെപിഎംജി ജീവനക്കാരിൽനിന്ന് സമാഹരിച്ച ഒരു കോടി രൂപയും കമ്പനി നൽകിയ ഒരു കോടിയും ചേർത്ത് രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. കേരളത്തെ കൂടുതൽ സഹായിക്കുന്നുള്ള സന്നദ്ധത അവർ അറിയിക്കുകയും ചെയ്തു. ധനസമാഹരണം വർദ്ധിപ്പിക്കാൻ സഹായിക്കുംവിധമുള്ള പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കാമെന്നും ഇക്കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ടപ്പോൾ അറിയിക്കുകയും ചെയ്തു.
Loading...

അരുണിനെയും സച്ചിനെയുംക്കുറിച്ച് ഈ പോസ്റ്റിന്റെ അവസാനം പറയാം.

കേരളത്തിന് ഇത് ആദ്യ അനുഭവമല്ല

എല്ലാവരുടെയും അറിവിലേക്കായി പറയാം, ബിഗ് ഫോർ കൺസൾട്ടന്‍റായ കെപിഎംജിയെപ്പോലെയുള്ള കമ്പനികൾ കേരള സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്നത് ഇതാദ്യമായല്ല. കേരളത്തിലെ ഇടത്-വലത് സർക്കാരുകൾക്ക് വേണ്ടി ഇത്തരം കമ്പനികൾ പ്രവർത്തിച്ചിട്ടുണ്ട്. കെപിഎംജി കേരളത്തിനായി തയ്യാറാക്കുന്ന പഠനറിപ്പോർട്ട്, വലിയൊരു മാർക്കറ്റിങ് ടൂളായി നമുക്ക് ഉപയോഗിക്കാനാകും. കേരളത്തിന്‍റെ പുനർനിർമാണത്തിനായി വൻകിട സംരഭകരെ ആകർഷിക്കാൻ ഇത് നമ്മളെ സഹായിക്കും.

കെപിഎംജി, ഇവൈ തുടങ്ങിയ കൺസൾട്ടിങ് കമ്പനികൾക്ക് വിപുലമായ സൌകര്യങ്ങളും നിരവധി ജീവനക്കാരും കേരളത്തിൽതന്നെയുണ്ട്. വർഷങ്ങൾക്ക് മുമ്പാണ് ഈ രണ്ട് കമ്പനികളും കേരളത്തിലേക്ക് വരുന്നത്. കെപിഎംജി കൊച്ചിയിലും ഇവൈ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായും പ്രവർത്തിക്കുണ്ട്. അരുൺകുമാർ കെപിഎംജിയുടെയും ബിനു കോശി ഇവൈ ഗ്ലോബൽ സർവീസസിന്‍റെയും രാജേഷ് നായർ ഇവൈ ഓഡിറ്റ് ആൻഡ് കൺസൾട്ടിങ് സർവീസസിന്‍റെയും പ്രധാന ചുമതല വഹിക്കുന്ന മലയാളികളാണ്. കേരളത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് സൌജന്യസേവനം നൽകാൻ കെപിഎംജി മുന്നോട്ടുവന്നത്.

കെപിഎംജി ശരിക്കും നെതർലൻഡ് കമ്പനിയോ?

കെപിഎംജി നെതർലൻഡ് കമ്പനിയല്ല. അവർക്ക് ഇന്ത്യ, ചൈന, യുകെ എന്നിവിടങ്ങളിലൊക്കെ ശാഖകളുണ്ട്. കെപിഎംജി ഇന്ത്യ എന്നത് ഇവിടുത്തെ കമ്പനിയാണ്. ഇവിടെയുള്ള പങ്കാളികളുമായി ചേർന്നാണ് കെപിഎംജി ഇന്ത്യ പ്രവർത്തിക്കുന്നത്. അതുപോലെ മറ്റു രാജ്യങ്ങളിൽ അവിടങ്ങളിലുള്ള പങ്കാളികളുമായി ചേർന്നാണ് കെപിഎംജി പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ അന്താരാഷ്ട്രതലത്തിൽ വിപുലമായ ശൃംഖലയാണ് അവർക്കുള്ളതെന്ന് പറയാം.

എന്തുകൊണ്ട് ആരോപണം?

സർക്കാരുകളുടെ ടാക്സ് സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ ഇന്‍റർനെറ്റിൽ കെപിഎംജിയെക്കുറിച്ച് സെർച്ച് ചെയ്യുമ്പോൾ, ആരോപണങ്ങൾ സംബന്ധിച്ച വിവരങ്ങൾ വരുന്നത് സ്വാഭാവികമാണ്. ഇതിന് അർഥം കെപിഎംജി ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടത്തിയെന്നല്ല.

സർക്കാർ നിയോഗിച്ച കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തലയുടെ കത്ത്

ആരാണ് അരുണും സച്ചിനും?

ഇനി അരുണിനെയും സച്ചിനെയുംകുറിച്ച് പറയാം. 1989 മുതൽ അരുണിനെയും കുടുംബത്തെയും നന്നായി അറിയാം. കെപിപി നമ്പ്യാരാണ് അരുണിനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. ഞാൻ ടെക്നോപാർക്കിനെകുറിച്ച് എഴുതിയ പുസ്തകത്തിലും ലേഖനങ്ങളിലുമൊക്കെ അരുണിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ടെക്നോപാർക്ക് സ്ഥാപിക്കുന്നതിന് കാരണമാകുന്നത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരുടെ സിലിക്കൺ വാലി സന്ദർശനമായിരുന്നു. സിലിക്കൺ വാലി സന്ദർശിക്കാൻ അവസരമൊരുക്കി നൽകിയത് അരുൺ ആയിരുന്നു. കേരളത്തിന്‍റെ വികസനത്തെക്കുറിച്ച് സ്റ്റാൻഫോർഡ് സർവകലാശാലയും ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസും ചേർന്ന് ഒരു സെമിനാർ സംഘടിപ്പിച്ചതിനെത്തുടർന്നാണ് ഇതെല്ലാം സാധ്യമാകുന്നത്. അന്ന് സ്റ്റാൻഫോഡ് സർവകലാശാല സംഘത്തെ ഇവിടെകൊണ്ടുവരുന്നതിനും സാമ്പത്തികമായും സഹായിച്ചത് അരുൺ ആയിരുന്നു. അന്നുമുതൽ നാലു ദശാബ്ദത്തോളം അധികാരത്തിൽ ഏത് പാർട്ടിയായാലും കേരള സർക്കാരിന് ഉറച്ച പിന്തുണയുമായി അരുൺ ഇവിടെയുണ്ട്. ഒബാമ സർക്കാരിന്‍റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ കേരളത്തിനായി അദ്ദേഹം വിളിച്ച ഒരു യോഗത്തിൽ പങ്കെടുത്തത് ഇപ്പോൾ ഓർക്കുന്നു. യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥിയായിരുന്ന അരുണിനെ ഇന്ത്യയിലെ സോഫ്റ്റ് വെയർ വ്യവസായമേഖല ഏറെ ബഹുമാനിക്കുന്നുണ്ട്. തൃശൂർ സ്വദേശിയായ സച്ചിൻ മേനോൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗർ കോളേജ് വിദ്യാർഥിയായിരുന്നു. കേരളത്തിലെ അവരുടെ പ്രവർത്തനം അത്ര വലിയ ഉയരത്തിലൊന്നുമല്ല. എന്നാൽ പലതരത്തിൽ അവർ നിരവധി സ്റ്റാർട്ടപ്പുകളെയും ചെറുകിയ സംരഭകരെയും സഹായിക്കുന്നുണ്ട്. കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ സംഘടിപ്പിക്കുന്ന ചർച്ചകളിൽ അവർ പങ്കെടുക്കാറുണ്ട്.

ജോൺസ് ഹോപ്കിൻസ് പദ്ധതി കേരളത്തിന് നഷ്ടമായത് ഓർമയുണ്ടോ?

കെപിഎംജിയെ കൺസൾട്ടന്‍റായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാണുമ്പോൾ ജോൺ ഹോപ്കിൻസ് പ്രോജക്ട് കേരളത്തിന് നഷ്ടമായത് ഓർമ വരുന്നു. നായനാരുടെ ഭരണകാലത്ത് അദ്ദേഹവും ഡോ. പി.പി നമ്പ്യാരും ചേർന്നാണ് ജോൺ ഹോപ്കിൻസ് പ്രോജക്ട് ഇവിടെ കൊണ്ടുവരാൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് നായനാർ ജോൺസ് ഹോപ്കിൻസിനെ അമേരിക്കയിൽ സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതി മൂന്നാറിലെ ടാറ്റയുടെ ഭൂമിക്ക് സമീപമാണ് വരുന്നതെന്നും ദേശീയ താൽപര്യത്തിനെതിരാണെന്നും പറഞ്ഞ് വലിയ ഒച്ചപ്പാട് ഉണ്ടായി. ഒടുവിൽ ആ പദ്ധതി സിംഗപ്പുരിൽ സ്ഥാപിതമായി. ഇപ്പോൾ അവിടുത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായി അത് വളർന്നിരിക്കുന്നു. ഇക്കാരണങ്ങൾകൊണ്ടുതന്നെ വലിയ സംരഭകർ ഇവിടേക്ക് വരാൻ മടിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ കെപിഎംജിയ്ക്കെതിരായ പ്രചരണം നടത്തുന്നവർക്ക് മറ്റ് ലക്ഷ്യങ്ങൾ ഉണ്ടാകില്ലെന്ന് ആശിക്കുന്നു.

First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍