• HOME
 • »
 • NEWS
 • »
 • kerala
 • »
 • സ്മിജ മാത്രമല്ല, കാശു നൽകാത്തയാൾക്ക് ഒരു കോടിയുടെ ടിക്കറ്റ് നൽകിയ സത്യവാൻ സുരേഷിനെ ഓർമ്മയുണ്ടോ?

സ്മിജ മാത്രമല്ല, കാശു നൽകാത്തയാൾക്ക് ഒരു കോടിയുടെ ടിക്കറ്റ് നൽകിയ സത്യവാൻ സുരേഷിനെ ഓർമ്മയുണ്ടോ?

സത്യസന്ധതയ്ക്കുള്ള അംഗീകാരം എത്ര വൈകിയാലും തേടിയെത്തുമെന്നായിരുന്നു കിഴക്കേ കടുങ്ങല്ലൂരിലെ ലോട്ടറി ഏജന്റായ സുരേഷിന് സ്മിജയോട് പറയാനുണ്ടായിരുന്നത്.

സത്യവാൻ സുരേഷും സ്മിജയും

സത്യവാൻ സുരേഷും സ്മിജയും

 • Share this:
  ആലുവ: ആറു കോടി രൂപയുടെ സമ്മാനം നേടിയ വഴിയോര ലോട്ടറി വിൽപനക്കാരി സ്മിജയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. സ്മിജയെ അഭിനന്ദിക്കാൻ സമാനമായ മറ്റൊരു ലോട്ടറിക്കഥയിലെ നായകനായ സത്യവാൻ സുരേഷും കഴിഞ്ഞ ദിവസം ആലുവയിലെത്തി. സത്യസന്ധതയ്ക്കുള്ള അംഗീകാരം എത്ര വൈകിയാലും തേടിയെത്തുമെന്നായിരുന്നു കിഴക്കേ കടുങ്ങല്ലൂരിലെ ലോട്ടറി ഏജന്റായ സുരേഷിന് സ്മിജയോട് പറയാനുണ്ടായിരുന്നത്.

  2011ലാണ് ആലുവ–മൂന്നാർ റോഡിൽ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു സമീപമാണ് സ്മിജയും ഭർത്താവ് രാജേശ്വരനും ലോട്ടറി കട തുടങ്ങിയത്.  ടിക്കറ്റ് വിൽപനയ്ക്കായി ഇവർ  രണ്ടര വർഷം മുൻപ് ഒരു  വാട്സാപ് ഗ്രൂപ്പും തുടങ്ങി. എസ്കെഎം ലോട്ടറീസ് എന്ന ഗ്രൂപ്പിൽ 213 അംഗങ്ങളുണ്ട്. ഇവരിൽ 12 പേർ തമിഴ്നാട്ടിലും കർണാടകയിലും താമസിക്കുന്ന മലയാളികളാണ്. ഓരോ ലോട്ടറിയും ഇറങ്ങുമ്പോൾ തന്റെ പക്കലുള്ള നമ്പറുകൾ സ്മിജ വാട്സാപ്പിൽ ഇടും. ആവശ്യക്കാർ അതു നോക്കി ഇഷ്ടമുള്ള നമ്പർ തിരഞ്ഞെടുക്കും.

  Also Read ഒന്നും രണ്ടുമല്ല, ലക്ഷാധിപതിയാണ് ഈ വിജയി; കാരുണ്യ ലോട്ടറി വിജയിച്ച ആ ഭാഗ്യശാലിയെ അറിയാം

  ടിക്കറ്റിനുള്ള പണം ഗൂഗിൾ പേ ചെയ്താൽ മതി. പണം നൽകിയാലുടൻ ടിക്കറ്റിന്റെ ഫോട്ടോ അയയ്ക്കും. ഒറിജിനൽ സ്മിജ സൂക്ഷിക്കും. ചെറിയ സമ്മാനങ്ങൾ അടിക്കുന്നവർക്കു തുക ഗൂഗിൾ പേ ചെയ്യും. നാട്ടിലുള്ളവരുടെ അടുത്തു നേരിട്ടുപോയി പണം വാങ്ങും. കാക്കനാട് ലോട്ടറി ടിക്കറ്റ് അച്ചടിക്കുന്ന പ്രസ്സിൽ 450 രൂപ ദിവസക്കൂലിക്കാരായിരുന്നു സ്മിജയും രാജേശ്വരനും. രണ്ടാമത്തെ പ്രസവം കഴിഞ്ഞു കുട്ടിക്കു കാൻസർ വന്നതോടെ സ്മിജയ്ക്കു ജോലിക്കു പോകാൻ കഴിയാതായി.

  Also Read ആറുകോടിയുടെ ബംബർ ചന്ദ്രന് ലഭിച്ചത് സ്മിജയുടെ സത്യസന്ധതയിൽ; ലോട്ടറി അടിച്ചത് പണം തരാമെന്ന് പറഞ്ഞ് മാറ്റിവെപ്പിച്ച ടിക്കറ്റിന്

  തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗമുള്ള മൂത്ത മകന്റെ ചികിത്സയ്ക്കു മുൻകൂട്ടി പറയാതെ അവധി എടുത്തതിനു രാജേശ്വരനെ പിരിച്ചുവിട്ടു. ലോട്ടറി തട്ടിൽ ഇരിക്കുന്നതു രാജേശ്വരനാണ്. സ്മിജ ടിക്കറ്റ് കൊണ്ടുനടന്നു വിൽക്കും. 2 മക്കളും അമ്മയും രോഗികളായതിനാൽ രാവിലെ 7 മുതൽ 3 വരെ മാത്രമേ റോഡരികിൽ ലോട്ടറി കച്ചവടമുള്ളൂ. ബാക്കി സമയങ്ങളിൽ വാട്സാപ് വഴിയാണു വിൽപന.

  2012 ജനുവരി 21നു നറുക്കെടുത്ത കാരുണ്യ ലോട്ടറി ഒന്നാം സമ്മാനം ഒരു കോടി 40,000 രൂപ സുരേഷിന്റെ പക്കലുള്ള ടിക്കറ്റിനാണ് അടിച്ചത്. തലേ ദിവസം കണിയാൻകുന്ന് സ്വദേശി അയ്യപ്പൻ എന്ന മൈക്ക് സെറ്റുകാരൻ കടം വാങ്ങി മാറ്റിവച്ച 5 ടിക്കറ്റുകളിൽ ഒന്നായിരുന്നു അത്. അന്ന് 50 രൂപയാണു ടിക്കറ്റ് വില. പിറ്റേന്നു നറുക്കെടുപ്പാണെന്നും ഉച്ചയ്ക്കു മുൻപ് 250 രൂപ തന്നില്ലെങ്കിൽ വേറെ വിൽക്കുമെന്നും സുരേഷ് പറഞ്ഞിരുന്നെങ്കിലും അയ്യപ്പൻ ചെന്നില്ല. പണവും കൊടുത്തില്ല. ടിക്കറ്റ് മാറ്റിവച്ച കാര്യം തന്നെ വയോധികനായ അദ്ദേഹം മറന്നുപോയി.

  നമ്പറും അയ്യപ്പൻ കുറിച്ചെടുത്തിരുന്നില്ല. എന്നിട്ടും സമ്മാനം ലഭിച്ച ടിക്കറ്റ് സുരേഷ് അയ്യപ്പന്റെ വീട്ടിൽ എത്തിച്ചു കൊടുത്തു. അയ്യപ്പൻ തന്നെ അദ്ഭുതപ്പെട്ട നിമിഷം. മാള കുണ്ടൂർ സ്വദേശിയായ സുരേഷിന് അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടു പോലും ഇല്ലാത്ത കാലമായിരുന്നു അത്. കാശു തരാത്ത സ്ഥിതിക്ക് അയ്യപ്പനു ടിക്കറ്റിന് അവകാശമില്ലെന്നു പലരും ഉപദേശിച്ചെങ്കിലും സുരേഷ് വഴങ്ങിയില്ല. ഈ സംഭവത്തോടെയാണു സത്യവാൻ സുരേഷ് എന്നു പേരു വന്നത്.  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 129 സ്വീകരണങ്ങളാണു സുരേഷിനു ലഭിച്ചത്.

  25 ലക്ഷം രൂപ പാരിതോഷികവും കമ്മിഷൻ ഇനത്തിൽ എട്ടര ലക്ഷം രൂപയും കിട്ടി. വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് ആദ്യം അനുമോദിച്ചത്. അദ്ദേഹം 5 ലക്ഷം രൂപ നൽകി. തമിഴ് നടന്മാരായ വിവേകും പാർഥിപനും കാഷ് അവാർഡ് പ്രഖ്യാപിച്ചു. പാർഥിപൻ ആയിടെ വാങ്ങിയ ഒരു കോടി രൂപയുടെ കാറിൽ കന്നിയാത്ര നടത്തിയതു സുരേഷായിരുന്നു. സുരേഷ് കയറിയിട്ടേ താൻ കയറൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കാഞ്ചി കാമകോടി മഠത്തിലെ സ്വാമി ജയേന്ദ്ര സരസ്വതി അവിടേക്കു ക്ഷണിച്ച് ഒരു ലക്ഷം രൂപ നൽകി. മുംബൈ ഷണ്മുഖാനന്ദ സംഗീത സഭ രണ്ടര ലക്ഷം രൂപയും സുരേഷിന്റെ പൊക്കവും തൂക്കവുമുള്ള നിലവിളക്കും സമ്മാനിച്ചു.
  Published by:Aneesh Anirudhan
  First published: