അറിവ് മാത്രമല്ല അസ്തിത്വം തന്നെ ആ വ്യക്തിത്വവിശുദ്ധിയില്‍ നിന്നാണ് തുടക്കം കുറിച്ചത്': അബ്ദുസ്സമദ് സമദാനി
അറിവ് മാത്രമല്ല അസ്തിത്വം തന്നെ ആ വ്യക്തിത്വവിശുദ്ധിയില്‍ നിന്നാണ് തുടക്കം കുറിച്ചത്': അബ്ദുസ്സമദ് സമദാനി
ജെ.എന്‍.യുവിലെ ഫിലോസഫി സെന്ററില്‍ മാനവമഹത്വത്തിന്റെ ദാര്‍ശനികതത്ത്വത്തെ ആധാരമാക്കി നടത്തിയ ഗവേഷണത്തിനാണ് പി.എച്ച്.ഡി ബിരുദം
പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായ സമദാനി ഇപ്പോള്‍ ഐ. യു. എം. എല്‍ സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നു
Last Updated :
Share this:
അറിവ് മാത്രമല്ല അസ്തിത്വം തന്നെ തന്റെ പിതാവിന്റെ വ്യക്തിത്വവിശുദ്ധിയില്‍ നിന്നാണ് തുടക്കം കുറിച്ചതെന്ന് എം.പി അബ്ദുസ്സമദ് സമദാനി. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചതിന്റെ സന്തോഷം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കു വെക്കുകയായിരുന്നു അദ്ദേഹം.
ജെ.എന്‍.യുവിലെ ഫിലോസഫി സെന്ററില്‍ മാനവമഹത്വത്തിന്റെ ദാര്‍ശനികതത്ത്വത്തെ ആധാരമാക്കി നടത്തിയ ഗവേഷണത്തിനാണ് പി.എച്ച്.ഡി ബിരുദം. പ്രശസ്ത തത്വശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊഫ. രാഘവേന്ദ്ര പ്രതാപ് സിങ്ങിന്റെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. തീസീസ് സമര്‍പ്പിച്ച ദിവസം 'ഇനി മുതല്‍ നാം സുഹൃത്തുക്കളാണെന്ന പ്രൊഫ. രാഘവേന്ദ്ര പ്രതാപ് സിങ്ങിന്റെ വാക്കുകള്‍ക്ക് 'ഇല്ല സാര്‍, എന്നും അങ്ങയുടെ ശിഷ്യനായിരിക്കുന്നതാണ് അതിനേക്കാള്‍ ഇഷ്ടം' എന്നായിരുന്നു സമദാനിയുടെ മറുപടി.
തന്റെ ജീവിതത്തിലെ എല്ലാ നന്മകള്ക്കും കാരണമായത് മാതാപിതാക്കളാണെന്നു അദ്ദേഹം പറഞ്ഞു. "എല്ലാ നേട്ടങ്ങളും അവരുടേതാണ്. വിശേഷിച്ചും സാത്വികനും വിവിധവിഷയങ്ങളിലും ഭാഷകളിലും അഗാധപാണ്ഡിത്യത്തിന്റെ ഉടമയുമായിരുന്ന വന്ദ്യപിതാവ് എം. പി. അബ്ദുല്‍ ഹമീദ് ഹൈദരി. ആദ്യ ഗുരുവും വഴികാട്ടിയും എല്ലാം ഉപ്പ തന്നെ. അറിവ് മാത്രമല്ല അസ്തിത്വം തന്നെ ആ വ്യക്തിത്വവിശുദ്ധിയില്‍ നിന്നാണ് തുടക്കം കുറിച്ചത്. ഉപ്പയെ ഓര്‍ത്ത് വിതുമ്പാതെ വിജ്ഞാനത്തിന്റെ ഒരു പടവും ചവിട്ടുകയുണ്ടായില്ല, ജീവിതത്തിലെ ഒരു പാലവും കടക്കുകയുമുണ്ടായില്ല", അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫാറൂഖ് കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ബി.എയും രണ്ടാം റാങ്കോടെ എം.എയും പാസ്സായ സമദാനി കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എം. ഫില്‍ ബിരുദവും കോഴിക്കോട് ഗവ: ലോ കോളേജില്‍ നിന്ന് എല്‍. എല്‍. ബിയും നേടിയിട്ടുണ്ട്. എം. ഫില്‍ ഡിസ്സര്ട്ടേഷന് എം. ജി. എസ്. നാരായണന് ആയിരുന്നു സമദാനിയുടെ ഗൈഡ്.
പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായ സമദാനി ഇപ്പോള്‍ ഐ. യു. എം. എല്‍ സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്നു. പത്തിലേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം മാനവ വിഭവശേഷി സ്റ്റാന്‍ഡിങ് കമ്മിറ്റിയോട് ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ പാര്‍ലമെന്ററി ഉപസമിതിയുടെ കണ്‍വീനറായും കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ലോകസഭാ അംഗമായ അദ്ദേഹം രണ്ടു തവണ രാജ്യസഭാ അംഗവും ഒരു തവണ നിയമ സഭാ അംഗവുമായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം സവിനയം, സാദരം, സസ്നേഹം... പ്രിയപ്പെട്ടവരെ, സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ മഹാകാരുണ്യവാന്റെ അനന്തമായ അനുഗ്രഹത്താല്‍ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് എനിക്ക് ഡോക്ടറേറ്റ് ലഭിച്ചതിലുള്ള കൃതാര്‍ത്ഥത പ്രിയസഹോദരങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ സന്തോഷമുണ്ട്. ജെ.എന്‍.യുവിലെ ഫിലോസഫി സെന്ററിലാണ് മനുഷ്യമഹത്വത്തിന്റെ ദാര്‍ശനികതത്ത്വത്തെ ആധാരമാക്കിയുള്ള വിഷയത്തില്‍ ഈ എളിയവന് പി.എച്ച്.ഡി ഗവേഷണം നടത്തിവന്നത്.
തത്ത്വചിന്തയില്‍ അഗാധപണ്ഡിതനും അമൂല്യ ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ പ്രൊഫ. രാഘവേന്ദ്ര പ്രതാപ് സിങ് ആയിരുന്നു റിസര്‍ച്ച് പ്രോഗ്രാമിന്റെ സൂപ്പര്‍വൈസര്‍. അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യവും തീസീസ് രചനയോടുള്ള കാര്ക്കശ്യനിലപാടുമാണ് എന്നെ ഈ വൈജ്ഞാനിക സംരംഭത്തിന് പ്രാപ്തനാക്കിയത്. അദ്ധ്യാപകന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ കര്‍ശന സമീപനങ്ങള്‍ക്ക് സാറിന്റെ മറ്റ് വിദ്യാര്‍ത്ഥികളെ പോലെ ഞാനും വിധേയനാവുകയുണ്ടായെങ്കിലും ഈ ഗവേഷണപാതയില്‍ എന്റെ ഈ വലിയ ഗുരുനാഥന് ചൊരിഞ്ഞു നല്കിയ സ്നേഹത്തിന്റെ വെളിച്ചത്തിലാണ് ഞാനെന്റെ സഞ്ചാരം നിര്വ്വഹിക്കുകയുണ്ടായത്. അതിനാല്‍ തന്നെ എന്റെ സാറിനോടുള്ള നന്ദി അളവറ്റതാണ്. തീസീസ് സമര്‍പ്പിച്ച ദിവസം എന്റെ ഗുരു എന്നോട് പറഞ്ഞു: 'ഇനി മുതല്‍ നാം സുഹൃത്തുക്കളാണ്'. 'ഇല്ല സാര്‍, എന്നും അങ്ങയുടെ ശിഷ്യനായിരിക്കുന്നതാണ് അതിനേക്കാള്‍ ഇഷ്ടം' എന്ന് ഞാനും പറഞ്ഞു. എന്റെ റിസര്‍ച്ച് അഡൈ്വസറി കമ്മിറ്റി (RAC) ചെയര്‍മാനും ഇപ്പോള്‍ ഫിലോസഫി സെന്റര്‍ ഹെഡുമായ പ്രൊഫ. ഭഗത് ഒയിനാം സാര്‍, നേരത്തെ സെന്റര്‍ ഹെഡ് ആയിരുന്ന പ്രൊഫ. ബിന്ദുപുരി തുടങ്ങിയ സെന്ററിലെ അധ്യാപകരോടും രാജ്യത്തിന്റെ അഭിമാനമായ ജെ.എന്‍.യു എന്ന സര്‍വ്വകലാശാലയോടും ഹൃദയം നിറഞ്ഞ കൃതജ്ഞതയുണ്ട്. മയിലുകള്‍ ആടുന്ന വൃക്ഷനിബിഢമായ ജെ.എന്‍.യു കാംപസ് എന്നെ ഏറെ വശീകരിച്ചിട്ടുണ്ട്. അത് ഇന്ത്യയുടെ ധൈഷണിക നവോത്ഥാനത്തിന് കാലാകാലങ്ങളില്‍ അര്‍പ്പിച്ചുപോന്ന മഹിത സംഭാവനകളോട് ഹൃദയപരമായ ബഹുമാനമുണ്ട്. ഈ ധന്യസന്ദര്ഭത്തില് എല്ലാ ഗുരുജനങ്ങളെയും ഞാന്‍ ഓര്‍ക്കുന്നു. അവരോടുള്ള ആദരം ഹൃദയത്തില്‍ വഹിക്കുന്നു. കോട്ടക്കല്‍ കുറ്റിപ്പുറം ആലിക്കല്‍ തര്ബിയത്തുദ്ദീന് മദ്രസയിലെയും തൗക്കത്ത് എ.എം.എല്‍.പി സ്കൂളിലെയും കൊച്ചു ക്ലാസ് മുറികളില്‍ എന്നെ പഠിപ്പിച്ച ഗുരുനാഥന്മാരും ഗുരുനാഥകളും മുതല്‍ സര്‍വകലാശാലാ പ്രൊഫസര്‍മാര്‍ വരെയുള്ള എനിക്ക് ശിഷ്യത്വത്തിന്റെ സൗഭാഗ്യം കനിഞ്ഞേകിയ മുഴുവന്‍ അധ്യാപകരെയും സാദരം അഭിവാദ്യം ചെയ്യുന്നു. നേരിട്ട് എന്നെ പഠിപ്പിക്കാത്ത ഒട്ടേറെ ഗുരുജനങ്ങളുണ്ട്. മാനവചരിത്രത്തിലെ പ്രകാശഗോപുരങ്ങളാവര്. അവരെ വായിച്ചാണ് ജീവിതം പഠിച്ചത്. ആ തേജസ്വികളാണ് എന്റെ എളിയ ജീവിതം ചിട്ടപ്പെടുത്തുകയുണ്ടായതും. അവരുടെ ഗ്രന്ഥങ്ങളാണ് പാതിരാവുകളിലെ ഏറ്റവും വലിയ കൂട്ട്. അവരോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. വന്ദ്യരായ മാതാപിതാക്കളാണ് ഈ ജീവിതത്തിലെ എല്ലാ നന്മകള്ക്കും കാരണഭൂതരായത്. എല്ലാ നേട്ടങ്ങളും അവരുടേതാണ്. വിശേഷിച്ചും സാത്വികനും വിവിധവിഷയങ്ങളിലും ഭാഷകളിലും അഗാധപാണ്ഡിത്യത്തിന്റെ ഉടമയുമായിരുന്ന വന്ദ്യപിതാവ് എം. പി. അബ്ദുല്‍ ഹമീദ് ഹൈദരി. ആദ്യ ഗുരുവും വഴികാട്ടിയും എല്ലാം ഉപ്പ തന്നെ. അറിവ് മാത്രമല്ല അസ്തിത്വം തന്നെ ആ വ്യക്തിത്വവിശുദ്ധിയില്‍ നിന്നാണ് തുടക്കം കുറിച്ചത്. ഉപ്പയെ ഓര്‍ത്ത് വിതുമ്പാതെ വിജ്ഞാനത്തിന്റെ ഒരു പടവും ചവിട്ടുകയുണ്ടായില്ല, ജീവിതത്തിലെ ഒരു പാലവും കടക്കുകയുമുണ്ടായില്ല. പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കുകള്‍ക്കിടയില്‍ വളരെ ക്ലേശിച്ചാണ് ഗവേഷണപഠനം പൂര്‍ത്തിയാക്കിയത്. ധാരാളം റഫറന്‍സുകളും അതുമായി ബന്ധപ്പെട്ട പഠനങ്ങളും ആവശ്യമായിരുന്നു. വിശേഷിച്ചും കഴിഞ്ഞൊരു വര്‍ഷം അതിനായി നന്നായി പ്രയത്നിക്കേണ്ടതായിവന്നു. ചിലപ്പോഴൊക്കെ പ്രൊഫസറുടെ കര്‍ക്കശ്യത്തില്‍ കുഴങ്ങിപ്പോയി. പ്രൊഫസര്‍ നിശ്ചയിച്ച തിയ്യതിക്കകം ഒരോ അദ്ധ്യായവും തയ്യാറാക്കി അയക്കാന്‍ നിരവധി രാവുകള്‍ ഉറക്കമിളച്ചു . പൊതുപ്രഭാഷണങ്ങളും മറ്റു തിരക്കുകളും ഇല്ലാതെയായ ലോക്ക് ഡൗണ്‍ കാലത്തെ ഏകാന്തത തീസീസ് രചനക്കുള്ള സര്‍ഗാത്മക പരിസരമൊരുക്കി. എന്റെ പ്രയത്നത്തില്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവരോടും അകൈതവമായ നന്ദിയുണ്ട്. സുഹൃത്തുക്കളും സഹപാഠികളും കുടുംബാംഗങ്ങളും കൂട്ടത്തിലുണ്ട്. അവരില്‍ ചിലര്‍ കൂടെ നിന്നിട്ടില്ലായിരുന്നുവെങ്കില് ഈ സംരംഭം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയില്ലായിരുന്നു. അത് മനസ്സില്‍ വച്ചു കൊണ്ടാണ് അവരോട് നന്ദി പറയുന്നത്. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും വിജ്ഞാനത്തിന്റെയും ഔന്നത്യത്തിലെ മഹാശൃംഗത്തില്‍ നിന്ന് മുഴങ്ങുന്നൊരു വചനമുണ്ട്: 'ജ്ഞാനസമ്പാദനം തൊട്ടില് മുതല്‍ കുഴിമാടം വരെയാണ് '. വിശ്വാചാര്യന്‍ വിശുദ്ധനബി (സ) യുടെ ഈ വചനമാഹാത്മ്യം ജ്ഞാനാന്വേഷണങ്ങള്ക്കും ഗവേഷണപഠനങ്ങള്ക്കുമുള്ള പ്രചോദനമാണ്. എന്റെ ഈ എളിയ മണ്‍കൂട് കെട്ടിപ്പടുക്കാന്‍ വന്ന ഉപ്പയുടെ മുമ്പില്‍, കുട്ടിക്കാലം മുതല്‍ പഠിച്ചുകൊണ്ടിരുന്ന പാഠശാല പകര്‍ന്നുനല്‍കിയ ഗുരുത്വത്തിനു മുന്നില്‍ ഈ ബിരുദം സമര്‍പ്പിച്ചു കൊള്ളുന്നു.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.