ആലപ്പുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പോളിംഗ് ഉദ്യോഗസ്ഥന് പട്ടിയുടെ കടിയേറ്റു. എടത്വാ തലവടി ബൂത്ത് 120 ലാണ് സംഭവം. ഉദ്യോഗസ്ഥനെ ഉടൻ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തലവടി ഗവൺമെന്റ് ഹൈ സ്കൂളിലെ ബൂത്തിലെ സെക്കന്റ് പോളിംഗ് ഓഫീസർ പ്രദീപിനാണ് കടിയേറ്റത്.
കോഴിക്കോട് കൊടിയത്തൂരിൽ മറ്റൊരു സംഭവത്തിൽ വോട്ട് ചെയ്യാനെത്തിയവരെ കാട്ടുപന്നി ആക്രിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം 156 ആം ബൂത്തിനടുത്താണ് സംഭവം നടന്നത്. രാവിലെ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് കുഞ്ഞി മാണി, ഷിനോജ് തോട്ടത്തിൽ എന്നിവരെ കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ ഇവരെ അരീക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകി.
കെട്ടിടത്തില്‍ നിന്ന് വീണ് പോളിങ് ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരിക്ക്
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പോളിങ് ഉദ്യോഗസ്ഥയ്ക്ക് മൂന്നു നില കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു. അട്ടപ്പാടിയിൽ പുലർച്ചെ 5.30നായിരുന്നു സംഭവം. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മി (31)ക്കാണ് 20 അടി താഴ്ചയിലേക്ക് വീണ് പരിക്കേറ്റത്. അഗളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയതായിരുന്നു വിദ്യാലക്ഷ്മി. 3 നില കെട്ടിടത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
കോട്ടയത്ത് വോട്ട് ചെയ്യാന്‍ എത്തിയ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം നിയോജക മണ്ഡലത്തിലെ 25ാം നമ്പര്‍ ബൂത്തായ എസ് എച്ച് മൗണ്ട് സ്കൂളിലാണ് സംഭവം. അന്നമ്മ ദേവസ്യയാണ് കുഴഞ്ഞു വീണ് മരിച്ചത്.
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലും വോട്ട് ചെയ്യാന്‍ എത്തിയ ആള് കുഴഞ്ഞുവീണ് മരിച്ചു. ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. ആറന്മുളയിലെ 8ാം നമ്പര്‍ ബൂത്തായ വള്ളംകുളം ജിയുപിഎസില്‍ ആയിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.