• HOME
  • »
  • NEWS
  • »
  • kerala
  • »
  • നഗരം ചുറ്റാൻ കോഴിക്കോടേക്ക് ഡബിൾ ഡെക്കർ വരില്ല; വില്ലനാകുന്നത് മരച്ചില്ലകൾ

നഗരം ചുറ്റാൻ കോഴിക്കോടേക്ക് ഡബിൾ ഡെക്കർ വരില്ല; വില്ലനാകുന്നത് മരച്ചില്ലകൾ

തിരുവനന്തപുരം നഗരത്തിലേത് പോലെ ഇരുനില ബസുകൾ കോഴിക്കോട് നഗരത്തിൽ ഓടിക്കുന്നത് അപ്രായോഗികമാണെന്ന വിലയിരുത്തലിലാണിത്

  • Share this:

    കോഴിക്കോട്: സഞ്ചാരികൾക്ക് നഗരം ചുറ്റിക്കാണാനാകുന്ന ഡബിൾ ഡെക്കർ ബസ് സിറ്റി റൈഡ് സർവീസ് കോഴിക്കോട് നടപ്പാക്കില്ല. പദ്ധതി കോഴിക്കോട് നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും കെഎസ്ആർടിസി അധികൃതർ തീരുമാനം മാറ്റുകയായിരുന്നു. തിരുവനന്തപുരം നഗരത്തിലേത് പോലെ ഇരുനില ബസുകൾ കോഴിക്കോട് നഗരത്തിൽ ഓടിക്കുന്നത് അപ്രായോഗികമാണെന്ന വിലയിരുത്തലിലാണിത്. സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ച റൂട്ടിലെ മരച്ചില്ലകളാണ് ഡബിൾ ഡെക്കർ ബസ് ഓടിക്കുന്നതിന് വിഘാതമാകുന്നത്. അതേസമയം സാധാരണ ബസ് ഉപയോഗിച്ച് സർവീസ് നടത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്.

    നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി സിറ്റി റൈഡ് പദ്ധതി നടപ്പാക്കുമെന്നു കഴിഞ്ഞ ദിവസം കെഎസ്ആർടിസിയുടെ സമൂഹമാധ്യമ അക്കൗണ്ടിലാണു പ്രഖ്യാപനം വന്നത്. പ്ലാനറ്റേറിയം, തളി ക്ഷേത്രം, കുറ്റിച്ചിറ, മിശ്കാൽ പള്ളി, കോതി, വരക്കൽ ബീച്ച് എന്നിവയാണ് സിറ്റി റൈഡിൽ ഉൾപ്പെടുത്തുമെന്നു പ്രഖ്യാപിച്ചത്. 200 രൂപ നിരക്കിൽ നഗരം ചുറ്റിക്കാണിക്കുകയെന്നതാണു പദ്ധതി. വിദേശരാജ്യങ്ങളിലെ തുറന്ന മേൽക്കൂരയുള്ള ബസുകളുടെ മാതൃകയിൽ കേരളത്തിൽ ആദ്യമായി സിറ്റി റൈഡ് തുടങ്ങിയതു തിരുവനന്തപുരത്താണ്.

    വിദേശരാജ്യങ്ങളിൽ ഉൾപ്പടെ വൻ നഗരങ്ങളിൽ സമാനമായരീതിയിൽ ഡബിൾ ഡെക്കർ ബസ് സർവീസുകളുണ്ട്. ഈ മാതൃക പിന്തുടർന്ന് തിരുവനന്തപുരത്ത് തുടങ്ങിയ ഡബിൾ ഡെക്കർ സർവീസിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതേ മാതൃകയിൽ സംസ്ഥാനത്തെ മറ്റിടങ്ങളിൽ കൂടി സർവീസ് വ്യാപിപ്പിക്കാൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ സർവീസ് ആരംഭിക്കുമെന്നാണ് കെഎസ്ആർടിസി നേരത്തെ അറിയിച്ചിരുന്നത്.

    Published by:Anuraj GR
    First published: