കോട്ടയം; പ്രളയബാധിതർക്ക് വീടുവെച്ചുനൽകാനുള്ള ധനസമാഹരണത്തിന് സിപിഎമ്മിനുവേണ്ടി സൌജന്യമായി പായസംവെച്ചു നൽകിയ പഴയിടം മോഹനൻ നമ്പൂതിരിയെ അഭിനന്ദിച്ച് മാധ്യമപ്രവർത്തകൻ ഡോ. അരുൺകുമാർ. കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്കാണ് സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചോളം വീടുകൾ വെച്ചുനൽകുന്നത്. ഇതിനായി ഒരാഴ്ച മുമ്പ് നടത്തിയ നാലുദിവസത്തെ പായസമേളയ്ക്കുവേണ്ടിയാണ് പഴയിടം സൌജന്യമായി പായസം വെച്ചുനൽകിയത്. ഈ സംഭവത്തിലാണ് പഴയിടത്തെ അഭിനന്ദിച്ച് അരുൺകുമാർ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയത്. നഷ്ടങ്ങളുടെ നീറ്റലിൽ മാനവസ്നേഹത്തിൻ്റെ മധുര സ്പർശം എന്നാണ് ഇതിനെ അരുൺകുമാർ വിശേഷിപ്പിച്ചത്. സ്കൂൾ കലോത്സവത്തിലെ നോൺ വെജ് ഭക്ഷണവിവാദത്തിൽ പഴയിടത്തെ രൂക്ഷമായി വിമർശിച്ച് അരുൺകുമാർ രംഗത്തെത്തിയിരുന്നു.
ഡോ. അരുൺ കുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം
ഓർമ്മയില്ലേ രണ്ടു വർഷങ്ങൾക്കു മുമ്പുള്ള കോട്ടയത്തെ കുട്ടിക്കലെ ഉരുൾ പൊട്ടൽ. നാലു പേർ മറഞ്ഞു. നൂറോളം വീടുകളും. ഉയിർത്തെഴുന്നേൽപ്പിന് കാഞ്ഞിരപ്പള്ളിയിലെ ഏരിയ കമ്മിറ്റി തങ്ങളുടെ കുഞ്ഞു ചിറകുകളൊരുക്കി. ഇരുപത്തഞ്ചോളം വീടുകൾക്ക് പണം കണ്ടെത്താൻ വീടുകൾ തോറും നാലുനാൾ പായസവിതരണം. കാൽ ലക്ഷം കിലോ പായസമൊരുക്കാൻ സൗജന്യ സേവനവുമായി ശ്രീ പഴയിടവും. നഷ്ടങ്ങളുടെ നീറ്റലിൽ മാനവസ്നേഹത്തിൻ്റെ മധുര സ്പർശം.
അതേസമയം സൌജന്യമായി പായസംവെച്ചു നൽകുന്ന പഴയിടത്തെ വൈകിയാണെങ്കിലും അഭിനന്ദിക്കാൻ തയ്യാറായതിനെ പരിഹസിച്ചും അനുകൂലിച്ചും നിരവധി പേർ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. കലോത്സവസമയത്ത് പഴയിടത്തെ അരുൺകുമാർ അപഹസിച്ചത് ഏറെ വിവാദമായിരുന്നു. ഇത് പ്രസാദ ഊട്ടല്ലെന്നും, കലോത്സവ ഭക്ഷണപ്പുരയാണെന്നുമായിരുന്നു അന്ന് അരുൺകുമാർ നടത്തിയ പരാമർശം.
ഭൂരിപക്ഷം കുട്ടികളും നോൺ വെജായ കലോത്സവത്തിൽ ഇത്തരമൊരു ഫണ്ടമെന്‍റലിസം ജാതി വിശ്വാസത്തിന്‍റെ പ്രതിഫലനമാണെന്ന് അരുൺകുമാർ അന്ന് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട സമയമായെന്നും, നല്ല കോയിക്കോടൻ രുചി കൊടുത്താൻ താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്ക്കേണ്ടതെന്നും അരുൺകുമാർ ഫേസ്ബുക്കിൽ പറഞ്ഞിരുന്നു.
Also Read- പഴയിടം വിവാദം; ഡോ. അരുണ്‍കുമാറിനെതിരെ യുജിസി അന്വേഷണം
കോവിഡ് ബാധിതർക്കായി മഹാമാരി കാലത്ത് ആയിരകണക്കിന് ആളുകൾക്ക് പഴയിടം സൌജന്യമായി ഭക്ഷണം വെച്ചുനൽകിയിട്ടുണ്ട്. രോഗികൾക്കും ക്വാറന്‍റീൻ സെന്‍ററുകളിൽ കഴിഞ്ഞവർക്കുമൊക്കെ അക്കാലത്ത് പഴയിടം നൽകിയ ഭക്ഷണം വലിയ ആശ്വാസമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.