'സാറിനെ തോല്‍പിക്കണമെന്നല്ല ഇടതു മുന്നണി ജയിക്കണം എന്നാണ് ഞാൻ ആഗ്രഹിച്ചത്': സി.എഫ് തോമസിനെ അനുസ്മരിച്ച് ഡോ ഇക്ബാൽ

"പേരിലെങ്കിലും ഒരു മുസ്ലിമായ ഞാന്‍ അദ്ദേഹത്തിനെതിരെ മല്‍സരിപ്പിച്ചപ്പോഴും സമുദായത്തിന്റെ പിന്തുണ അദ്ദേഹത്തിനായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെ വിമര്‍ശിക്കുമ്പോഴും അവര്‍ക്കിടയിലെ വേറിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം"

News18 Malayalam | news18-malayalam
Updated: September 27, 2020, 3:29 PM IST
'സാറിനെ തോല്‍പിക്കണമെന്നല്ല ഇടതു മുന്നണി ജയിക്കണം എന്നാണ് ഞാൻ ആഗ്രഹിച്ചത്': സി.എഫ് തോമസിനെ അനുസ്മരിച്ച് ഡോ ഇക്ബാൽ
News18
  • Share this:
കോട്ടയം: കേരള കോൺഗ്രസ് നേതാവും ചങ്ങനാശേരി എം.എൽ.എയുമായ സി.എഫ് തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ച്, അദ്ദേഹത്തിന്റെ എതിർ സ്ഥാനാർഥിയും കേരള സർവകലാശാല മുൻ വി.സിയുമായ ഡോ. ബി ഇക്ബാൽ. പഠിപ്പിച്ചിട്ടില്ലെങ്കിലും ഗുരുതുല്യനായിരുന്നു സിഎഫ് തോമസ്. അതുകൊണ്ടു തന്നെ ഗുരുശിഷ്യ രീതിയിലാണ്  പെരുമാറിയിരുന്നതെന്നും ഡോ. ബി ഇക്ബാൽ ന്യൂസ് 18 മലയാളത്തോട് പറഞ്ഞു.

"ഞാന്‍ പഠിക്കുന്ന കാലത്താണ് അദ്ദേഹം ചങ്ങനാശേരി എസ്.ബി ഹൈസ്‌ക്കൂളില്‍ അധ്യാപകനായി എത്തിയത്. സര്‍ 1963 ലാണ് അവിടെ ചേര്‍ന്നതെന്നാണ് എനിക്കു തോന്നുന്നത്. ഗുരുതുല്യനായി കാണുന്നതുകൊണ്ടു തന്നെ 2011 ല്‍ അദ്ദേഹത്തിനെതിരെ നിയമസഭയിലേക്ക് മല്‍സരിക്കുമ്പോള്‍ ഇക്കാര്യത്തില്‍ എനിക്ക് മാനസിക സംഘര്‍ഷമുണ്ടായിരുന്നു. 1957 നും 67 നും ശേഷം കമ്യൂണിസ്റ്റു പാര്‍ട്ടി ചങ്ങനാശേരിയില്‍ ജയിക്കണമെന്നത് ചരിത്രപരമായ ആവശ്യവും ആഗ്രഹവുമായിരുന്നു. അതുകൊണ്ടു തന്നെ ഇടതുമുന്നണിക്ക് വോട്ട് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടത്. എംഎല്‍എ എന്ന നിലയില്‍ സാറിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കാനോ വിലയിരുത്താനോ തുനിഞ്ഞില്ല. എന്നാല്‍ 1980 സര്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആയാണെന്നുള്ളതാണ് രസകരമായ കാര്യം. അതുകൊണ്ടു തന്നെ സാറിനെതിരെ മല്‍സരിക്കുമ്പോള്‍ സാറിനെ തോല്‍പിച്ച് ഇക്ബാല്‍ ജയിക്കണമെന്നല്ല ഇടതു മുന്നണി ജയിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്." - ഡോ. ബി ഇക്ബാൽ പറഞ്ഞു.

Also Read സി.എഫ് തോമസ്: ഈ നിയമസഭാ കാലയളവില്‍ മരിക്കുന്ന ആറാമത്തെ എംഎല്‍എ

"തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഞാന്‍ സാറിനെ ഒന്നു രണ്ടു തവണ കണ്ടിരുന്നു. ഞാന്‍ വളരെ ശ്രമകരമായി ഇലക്ഷന്‍ പ്രചരണത്തിലേര്‍പ്പെടുമ്പോള്‍ സാറ് വളരെ റിലാക്‌സ്ഡ് ആയിട്ടാണ് തിരഞ്ഞെടുപ്പിനെ കണ്ടിരുന്നത്. നേരിയ ഭൂരിപക്ഷത്തിലാണ് സാറ് ജയിച്ചത്. എന്നാല്‍ അതിനു ശേഷവും പഴയപോലെ തന്നെ സൗഹാര്‍ദ്ദപരമായി അദ്ദേഹം പെരുമാറി. സാറിനെ കുറിച്ച് ഒരുതരത്തിലുള്ള അഴിമതി ആരോപണവും ആര്‍ക്കും ഉന്നയിക്കാന്‍ പറ്റിയിട്ടില്ല.വ ളരെ ലളിതമായി ജീവിച്ച ആളാണ് അദ്ദേഹം. നല്ലയൊരു മൊബൈല്‍ ഫോണ്‍ പോലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പുതിയ ഒരെണ്ണം വാങ്ങി നല്‍കാമെന്നു പോലും ഞാന്‍ പറഞ്ഞിട്ടുണ്ട്"- അദ്ദേഹം പറഞ്ഞു.

Also Read ചങ്ങനാശ്ശേരി MLA യും മുതിർന്ന കേരള കോൺഗ്രസ്‌ നേതാവുമായ സി.എഫ് തോമസ് അന്തരിച്ചു

പാലായില്‍ കെ.എം മാണിയും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും കഴിഞ്ഞാൽ ഒരു മണ്ഡലത്തെ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രതിനിധീകരിച്ച ആളും അദ്ദേഹമായിരിക്കും. അത്രയധികം വിശ്വാസം ജനങ്ങള്‍ക്ക് അദ്ദേഹത്തിൽ ഉണ്ടായിരുന്നിരിക്കണം. അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന് മുമ്പ്‍ പറഞ്ഞതുപോലെ തന്നെ ലാളിത്യവും അഴിമതിയുടെ കറപുരളാത്ത പൊതുജീവിതവും തന്നെയാണ്. രണ്ടാമത് അദ്ദേഹം തികച്ചും സെക്യുലര്‍ ആണെന്നുള്ളതാണ്. എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കും വേണ്ടപ്പെട്ട ആളായിരുന്നു. പ്രത്യേകിച്ച് മുസ്ലിം സമുദായം. മണ്ഡലത്തിൽ എണ്ണത്തില്‍ താരതമ്യേന കുറവായിരുന്ന മുസ്ലീങ്ങൾ ആദ്യകാലത്ത് കമ്യൂണിസ്റ്റുപാര്‍ട്ടിയോടൊപ്പമായിരുന്നു. പിന്നീട് അവിടെ നിന്നും മുസ്ലിം ലീഗിലേക്കും കോണ്‍ഗ്രസിലേക്കും തീവ്രസ്വഭാവമുള്ള സംഘടനകളിലേക്കുമൊക്കെ പോയിട്ടുളളവരുണ്ടാകാം.എന്നാൽ ഇതിലെല്ലാം പെട്ടവരും സാറിന് വോട്ട് ചെയ്യുന്നതില്‍ മടി കാണിച്ചില്ല.

"പേരിലെങ്കിലും ഒരു മുസ്ലിമായ ഞാന്‍ അദ്ദേഹത്തിനെതിരെ മല്‍സരിപ്പിച്ചപ്പോഴും സമുദായത്തിന്റെ പിന്തുണ അദ്ദേഹത്തിനായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തെ വിമര്‍ശിക്കുമ്പോഴും അവര്‍ക്കിടയിലെ വേറിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നതാണ് യാഥാര്‍ത്ഥ്യം. അദ്ദേഹത്തെ അവസാനമായി ഒന്നു കാണാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ട്.  ഇടയ്‌ക്കൊക്കെ അദ്ദേഹത്തെ വിളിച്ച് രോഗവിവരം അന്വേഷിക്കാറുണ്ട് എന്നതു മാത്രമാണ് ആശ്വാസം." - ഡോ ബി . ഇക്ബാൽ പറഞ്ഞു നിർത്തി.
Published by: Aneesh Anirudhan
First published: September 27, 2020, 2:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading