അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജനെ അനുസ്മരിച്ച് ഡോ. ബി ഇഖ്ബാൽ. അതീവ ഹൃദയവേദനയോടെ തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായിരുന്ന
രാജന് കണ്ണീരോടെ സ്നേഹാദരങ്ങൾ അർപ്പിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
സാംസ്കാരിക രാഷ്ടീയ പ്രതിഭകളുടെ എക്കാലത്തേയും മികച്ച ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളെടുത്ത് കേരളചരിത്രത്തിലെ ഏറ്റവും സമ്പന്നമായ കാലഘട്ടത്തെ ക്യാമറ ഫ്രെയിമിലൂടെ രേഖപ്പെടുത്തിയ അപൂർവ്വ പ്രതിഭ എന്ന നിലയിലായിരിക്കും
പുനലൂർ രാജൻ ഓർമിക്കപ്പെടുകയെന്നും ബി ഇഖ്ബാൽ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന‍്റെ പൂർണരൂപംപ്രിയ സുഹൃത്ത് പുനലൂർ രാജന് വേദനയോടെ വിട. കേരളത്തിൽ സാംസ്കാരിക രാഷ്ടീയ പ്രതിഭകളുടെ എക്കാലത്തേയും മികച്ച ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളെടുത്ത് കേരളചരിത്രത്തിലെ ഏറ്റവും സമ്പന്നമായ കാലഘട്ടത്തെ ക്യാമറ ഫ്രെയിമിലൂടെ രേഖപ്പെടുത്തിയ അപൂർവ്വ പ്രതിഭ എന്ന നിലയിലായിരിക്കും പുനലൂർ രാജൻ വിലയിരുത്തപ്പെടുക. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അടുപ്പമുള്ള കുടുംബസുഹൃത്തെന്ന നിലയിലും.
1986 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയിൽ പ്രവേശിക്കുന്ന കാലം മുതലാണ് രാജനുമായുള്ള അടുപ്പം ആരംഭിക്കുന്നത്. അന്ന് മെഡിക്കൽ കോളേജിലെ ഫോട്ടോഗ്രാഫറായിരുന്നു രാജൻ. രാജൻ താമസിച്ചിരുന്ന ഡി ക്വാർട്ടേഴ്സിനടുത്തുള്ള ക്വാർട്ടേഴ്സിലായിരുന്നു ഞങ്ങളുടെയും താമസം. എന്നെക്കാൾ രാജനടുപ്പം എന്റെ അമ്മ (അമ്മച്ചാ) യുമായിട്ടായിരുന്നു. അമ്മച്ചായുടെ സഹജഭാവങ്ങൾ ഒപ്പിയെടുത്ത കുറേ ഫോട്ടോകൾ രാജനെടുത്തത് ഞാൻ നിധിപോലെ സൂക്ഷിക്കുന്നുണ്ട്. എന്നാൽ പിന്നീട് അമ്മച്ചാ കോട്ടയത്ത് വച്ച് മരിച്ചപ്പോൾ രാജനെ അറിയിക്കാൻ വിട്ടുപോയി. അതിൽ രാജനെന്നോട് തോന്നിയ പിണക്കം ഒരിക്കലും മാറിയിരുന്നില്ല.
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തങ്ങളായ എല്ലാ ഫോട്ടോകളും എടുത്തിട്ടുള്ളത് രാജനാണ്. ബഷീറിന്റെ സന്തതസഹചാരിയായിരുന്നു രാജൻ. ബഷീറുമായുള്ള ബന്ധത്തെപറ്റി രാജനും ബഷീറും ധാരാളം എഴുതിയിട്ടുണ്ട്. ബഷീറിനെയും കുടുംബാംഗങ്ങളെയും എനിക്ക് പരിചയപ്പെടുത്തിയതും രാജൻ തന്നെ. (അതേപറ്റി ഞാൻ വിശദമായി എഴുതിയിട്ടുണ്ട്.)
കോഴിക്കോട് നിന്ന് ഇടക്കാലത്ത് എന്നെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയപ്പോൾ ബഷീറിന്റെ ക്ഷണക്കത്തിൽ കേളുവേട്ടൻ, സുജനപാൽ, അന്ന് ജില്ലാ കളക്ടറായിരുന്ന കെ ജയകുമാർ (മലയാളം സർവകലാശാല മുൻ വൈസ്ചാൻസലർ) എന്നിവരെയെല്ലാം പങ്കെടുപ്പിച്ച് രാജൻ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം എന്റെ ജീവിതത്തിലെ അവിസ്മരണീയ സന്ദർഭങ്ങളിലൊന്നാണ്.
കേരള സർവകലാശാല വൈസ് ചാൻസലറായപ്പോൾ സ്വന്തം നാട്ടിലെ സ്വീകരണ സമ്മേളനങ്ങളെല്ലാം വേണ്ടെന്ന് പറഞ്ഞ എനിക്ക് പക്ഷേ രാജൻ കോഴിക്കോട് സംഘടിപ്പിച്ച അനുമോദന യോഗം നിരസ്സിക്കാൻ മനസ്സുവന്നില്ല.
ഇടക്ക് കോഴിക്കോട് പോകുമ്പോഴെല്ലാം രാജനെ കാണണമെന്ന് വിചാരിക്കും പക്ഷേ പല കാരണങ്ങൾ കൊണ്ടും കഴിഞ്ഞില്ല. ഇപ്പോൾ മാതൃഭൂമി വാരികയിൽ “അനർഘനിമിഷം“ പ്രസിദ്ധീകരിച്ച് തുടങ്ങിയപ്പോൾ രാജനെ വിളിച്ച് അഭിനന്ദിക്കണമെന്ന് വിചാരിച്ചിരുന്നു. അതിനും കഴിഞ്ഞില്ല. ഇങ്ങനെയൊരു കോളം എഴുതണമെന്ന് രാജനോട് ഞാൻ ഇടക്കിടെ പറയുമായിരുന്നു. എന്റെ വലിയൊരു ആഗ്രഹം സാക്ഷാത്ക്കരിച്ചതിലുള്ള സന്തോഷം രാജനോട് നേരിട്ട് പറയാൻ കഴിയാത്തതിലുള്ള ദു:ഖം ഒരിക്കലും മായാതെ മനസ്സിലുണ്ടാവും. .
അതീവ ഹൃദയവേദനയോടെ എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായിരുന്ന രാജന് കണ്ണീരോടെ സ്നേഹാദരങ്ങൾ അർപ്പിക്കട്ടെ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.