'അസഹനീയതയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ കാര്‍ഷിക സര്‍വകലാശാല ശ്രമിക്കരുത്'

ശ്രീകുമാറിന്റെ നിരീക്ഷണങ്ങള്‍ സര്‍വകലാശാലയുടെ അഭിപ്രായമായി തെറ്റിദ്ധരിച്ചേക്കാന്‍ വഴിയുണ്ട് എന്നതാണത്രെ വിശദീകരണം ചോദിക്കാനുള്ള കാരണം

news18-malayalam
Updated: September 10, 2019, 12:46 PM IST
'അസഹനീയതയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ കാര്‍ഷിക സര്‍വകലാശാല ശ്രമിക്കരുത്'
Dr B Eqbal
  • Share this:
ഡോ. ബി. ഇക്ബാൽ

കാസർകോട് കശുവണ്ടി തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗിച്ചതിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ച് കൊണ്ട് മാതൃഭൂമിയില്‍ ദിനപ്പത്രത്തില്‍ ലേഖനമെഴുതിയതിന് കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫസറായ ഡോ കെ. എം. ശ്രീകുമാറിനോട് കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ വിശദീകരണം ചോദിച്ചിരിക്കുന്നു. ശ്രീകുമാറിന്റെ നിരീക്ഷണങ്ങള്‍ സര്‍വകലാശാലയുടെ അഭിപ്രായമായി തെറ്റിദ്ധരിച്ചേക്കാന്‍ വഴിയുണ്ട് എന്നതാണത്രെ വിശദീകരണം ചോദിക്കാനുള്ള കാരണം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകിച്ചും സര്‍വകലാശാലകള്‍ക്ക് മൂന്ന് പ്രധാന കര്‍ത്തവ്യങ്ങളാണ് നിര്‍വഹിക്കാനുള്ളത്. പഠനം-ബോധനം, ഗവേഷണം, സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടല്‍ (Extension Activities or Engagement with Society). ഇന്ത്യയിലെയും വിദേശങ്ങളിലേയും പ്രമുഖ സര്‍വകലാശാലകളിലെ അക്കാദമിക്ക് പണ്ഡിതര്‍ കാലികങ്ങളായ നിരവധി വിഷയങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുണ്ട്. അതെല്ലാം സര്‍വകലാശാലകളുടെയോ സര്‍ക്കാരുകളുടേയോ നിലപാടുകളോട് യോജിക്കുന്നവയാകണമെന്നില്ല. ആരോഗ്യകരങ്ങളായ സംവാദങ്ങളിലൂടെ സത്യം കണ്ടെത്താന്‍ പൊതുസമൂഹത്തെ സഹായിക്കലാണ് ഇത്തരം ഇടപെടലുകളുടെ ലക്ഷ്യം.

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ നോം ചോംസ്‌കി നിരന്തരം അമേരിക്കന്‍ സര്‍ക്കാരിന്റെ രാഷ്ടീയ സാമൂഹ്യ നിലപാടുകളെ വിമര്‍ശിച്ചു പോരുന്നത് ഇത്തരം അക്കാദമിക്ക് ഇടപെടലുകളുടെ മികച്ച ഉദഹാരണമാണ്. അതിന്റെ പേരില്‍ സര്‍വകലാശാല അധികൃതരോ ട്രംപ് ഭരണകൂടം പോലുമോ ചോംസ്‌കിയുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്തിട്ടില്ല.

കാര്‍ഷിക സമൃദ്ധിയില്ലാത്ത കാലത്ത് എന്തിനാണ് ആചാരപരമായ ഓണം?

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലും മറ്റ് ചില കേന്ദ്രസര്‍വകലാശാലയിലുമുള്ള അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭിന്നാഭിപ്രായങ്ങള്‍ക്കെതിരെ സര്‍വ്വകലാശാല അധികൃതര്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് അച്ചടക്ക നടപടികളെടുത്തും മറ്റും നടത്തുന്ന ഭീഷണികള്‍ക്കെതിരെ കേരളത്തിലെ പുരോഗന ചിന്താഗതിക്കാരും അക്കാദമിക്ക് സമൂഹവും എതിര്‍പ്പ് പ്രകടിച്ചിട്ടുണ്ട്.

കേരളത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും സര്‍വകലാശാലയിലെ വിദ്ഗദരും നിരവധി വിഷയങ്ങളെ പറ്റി ഭിന്നാഭിപ്രായങ്ങള്‍ പലവിഷയങ്ങളിലും പ്രകടിപ്പിച്ച് വരുന്നുണ്ട്. സര്‍ക്കാരുദ്യോഗസ്ഥരോ അക്കാദമിക്ക് വിദഗ്ദരോ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ അവരുടെ സ്വന്തം അഭിപ്രായങ്ങള്‍ എന്നല്ലാതെ ഔദ്യോഗിക നിലപാടായി ആരും കണക്കാക്കാറുമില്ല. ഭിന്നാഭിപ്രായങ്ങള്‍ പൊതുസമൂഹത്തില്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടാവണം. മാത്രമല്ല ഇങ്ങനെ വ്യത്യാസ്താഭിപ്രായങ്ങള്‍ ഉന്നയിക്കുക എന്നത് സര്‍വകലാശാല അധ്യാപകരുടെ ചുമതലയുമാണ്. ഇതിനൊക്കെ സര്‍വകലാശാലയുടെ മുന്‍ അനുമതി വേണമെന്ന് ശഠിക്കുന്നത് ഉചിതമല്ല.

ശ്രീകുമാര്‍, ശാസ്ത്രീയ മാനദണ്ഡങ്ങളൂടെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന അഭിപ്രായങ്ങളോട് ശാസ്ത്രീയമായ പ്രതിരണങ്ങളാണ് ഉണ്ടാവേണ്ടത്. അതിനു പകരമായി വിശദീകരണം ആവശ്യപ്പെട്ട് കൊണ്ട് നിരുത്സാഹപ്പെടുത്തുന്നത് ഭിന്നാഭിപ്രായങ്ങളോട് സഹിഷ്ണുത കാട്ടുക എന്ന കേരളീയ പാരമ്പര്യത്തിന് ഒട്ടും യോജിച്ചതല്ല. ഇപ്പോള്‍ കേന്ദ്രസര്‍വകലാശാലകളിലും മറ്റും വര്‍ധിച്ചുവരുന്ന അസഹനീയതയുടെ അന്തരീക്ഷം കേരളത്തിലെ സര്‍വകലാശാലകളിലും സൃഷ്ടിക്കാന്‍ കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ ശ്രമിക്കരുത്.

(കേരളസര്‍വ്വകലാശാല മുൻ വൈസ് ചാൻസലറാണ് ലേഖകൻ)
First published: September 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading