HOME » NEWS » Kerala »

ന്യൂസ് ചാനലുകൾക്കെതിരെ ഡോ. ബിജു

News18 Malayalam
Updated: January 7, 2019, 2:03 PM IST
ന്യൂസ് ചാനലുകൾക്കെതിരെ ഡോ. ബിജു
Dr Biju
  • Share this:
തിരുവനന്തപുരം: രാഷ്ട്രീയ ബോധമോ പൊതു വിവരമോ ഇല്ലാത്ത നിരവധി പേർക്ക് വിസിബിലിറ്റി നൽകി നേതാവ് പരിവേഷം നൽകിയത് ചാനലുകളിലെ അന്തി ചർച്ചകളാണെന്ന വിമർശനവുമായി സംവിധായകൻ ഡോ. ബിജു രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായ ഭാഷയിലാണ് ഡോ. ബിജു ചാനലുകളെ വിമർശിച്ചത്. ഒരു കഴിവുമില്ലാത്തവരെ ചാനൽ ചർച്ചയിൽ കസേര നൽകി ജനങ്ങൾക്ക് മുന്നിൽ പരിചിതരാക്കി അവർക്ക് വിസിബിലിറ്റി നൽകി എന്നത് കേരളത്തിലെ മാധ്യമങ്ങൾ ചെയ്ത ഒരു സാംസ്ക്കാരിക ക്രിമിനൽ കുറ്റമാണെന്ന് ഡോ. ബിജു പറയുന്നു. ഇന്ന് ബിജെപി നേതാക്കളുടെ വാർത്താസമ്മേളനങ്ങൾ ബഹിഷ്ക്കരിച്ച പശ്ചാത്തലത്തിലാണ് മാധ്യമങ്ങൾക്കെതിരെ അദ്ദേഹം രംഗത്തെത്തിയത്.

ഡോ. ബിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

യാതൊരു സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ബോധമോ എന്തിന് പൊതു വിവരമോ പോലുമില്ലാത്ത എത്രയോ പേര്‍ക്ക് വിസിബിലിറ്റി നല്‍കി നേതാവ് പരിവേഷം നല്‍കിയത് മാധ്യമങ്ങളുടെ അന്തിച്ചര്‍ച്ചകള്‍ ആണ്. മാധ്യമങ്ങളുടെ അന്തി ചര്‍ച്ചകളിലൂടെയാണ് പലരും നേതാക്കന്മാരായി വേഷം കെട്ടി രൂപാന്തരം പ്രാപിച്ചത് പോലും. ഇത്തരത്തില്‍ യാതൊരു വിധ കഴിവുകളും ഇല്ലാത്ത അല്ലെങ്കില്‍ അസംബന്ധവും വായാടിത്തവും വിഡ്ഢിത്തവും മാത്രം കൈ മുതലാക്കിയ ഒട്ടേറെ ആളുകളെ സ്ഥിരമായി ചാനല്‍ ചര്‍ച്ചയില്‍ കസേര ഇട്ടു കൊടുത്ത് ജനങ്ങള്‍ക്ക് മുന്നില്‍ പരിചിതരാക്കി അവര്‍ക്ക് വിസിബിലിറ്റി നല്‍കി എന്നത് ആണ് കേരളത്തിലെ മാധ്യമങ്ങള്‍ ചെയ്ത ഒരു സാംസ്‌കാരിക ക്രിമിനല്‍ കുറ്റം.

മാധ്യമപ്രവർത്തകർക്കെതിരെ വ്യാപക അക്രമം; ബിജെപി നേതാക്കളുടെ പത്രസമ്മേളനം ബഹിഷ്ക്കരിച്ചു

ചാനല്‍ ചര്‍ച്ച എന്നത് കോമാളി രൂപമാക്കി മാറ്റി അതിന്റെ അന്തസ്സത്തയും ഗൗരവും ചോര്‍ത്തി കളഞ്ഞു കേരളത്തിലെ ന്യൂസ് ചാനലുകള്‍. അത് രാഷ്ട്രീയത്തില്‍ മാത്രമല്ല എല്ലാ വിഷയങ്ങളിലും അങ്ങനെയാണ്. എതിര്‍ ഭാഗം പറയാന്‍ അവര്‍ വേണ്ടേ എന്നു പറഞ്ഞുള്ള ന്യായത്തില്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിങ്ങള്‍ വര്‍ഗ്ഗീയ വാദികള്‍ക്കും വിവരക്കേടുകള്‍ക്കും പൊതു ഇടത്തില്‍ നിരന്തരം സ്പെയ്സ് കൊടുത്തു. സിനിമയുടെ ചര്‍ച്ചകളില്‍ ക്രിമിനലുകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയ, താര സപ്പോട്ട വിവരക്കേടുകളെയും വിളിച്ചാനയിച്ചു അട്ടഹസിക്കാന്‍ ഇട നല്‍കി. പ്രിയ മാധ്യമങ്ങളെ ടെലിവിഷന്‍ ചര്‍ച്ചകള്‍ എന്നത് വളരെ പ്രോഗ്രസ്സീവ് ആയ ഒരിടം ആണ്. ചര്‍ച്ച ചെയ്യേണ്ടത് ജനാധിപത്യ ബോധത്തോടെ വിഷയങ്ങളില്‍ അവഗാഹമുള്ള ആളുകള്‍ തമ്മിലാണ്. അങ്ങനെയുള്ള ആളുകളെ തിരഞ്ഞു പിടിച്ചു കൊണ്ട് വന്ന് ആണ് ആരോഗ്യപരമായ ചര്‍ച്ചകള്‍ ആണ് നടത്തേണ്ടത്. നിങ്ങള്‍ ഇപ്പോള്‍ ബഹിഷ്‌കരിച്ചത് കൊണ്ട് മാത്രം കാര്യമില്ല. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി നിങ്ങള്‍ തന്നെ വളര്‍ത്തി കൊണ്ടു വന്നവരാണ് ഈ വര്‍ഗ്ഗീയ വിത്തുകള്‍. നിങ്ങളാണ് അവര്‍ക്ക് പൊതു സമൂഹത്തില്‍ മാന്യത കല്പിച്ചു കൊടുത്തത്. അവര്‍ പറയുന്ന വിവരക്കേടുകളും വിഷവും പ്രൈം ടൈമില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ അവര്‍ക്ക് ചൂട്ടു തെളിച്ചു കൊടുത്തത് നിങ്ങളാണ്.

മാധ്യമ പ്രവര്‍ത്തനം കുറച്ചു ഉത്തരവാദിത്വവും സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക കാഴ്ചപ്പാടുകളും വേണ്ട ഒന്നാണ്. എന്ത് കാണിക്കണം എന്ന് തീരുമാനിക്കുന്നത് പോലെ തന്നെ പ്രധാനമാണ് എന്ത് കാണിക്കേണ്ട എന്നു തീരുമാനിക്കുന്നതും . ഒരു ജനത ആരെയൊക്കെ കേള്‍ക്കണം എന്ന് തീരുമാനിക്കുന്നത് പോലെ തന്നെ അതി പ്രധാനമാണ് ആരെയൊക്കെ കേള്‍ക്കരുത് എന്ന് തീരുമാനിക്കുന്നതും...വര്‍ഗ്ഗീയ വിഷങ്ങള്‍ക്കും ക്രിമിനലുകള്‍ക്കും അക്രമികള്‍ക്കും , വിവരക്കേടുകള്‍ക്കും പൊതു ഇടത്തില്‍ സ്വീകാര്യതയും വിസിബിലിറ്റിയും നല്‍കുക എന്നതല്ല മാധ്യമ ധര്‍മ്മം.മറിച്ച് അത് നല്‍കാതിരിക്കുക എന്നത് തന്നെയാണ്..നിങ്ങളുടെ ന്യൂസ് റൂമുകളില്‍ അന്തി ചര്‍ച്ചകളില്‍ ഈ മാധ്യമ ധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ ഇനിയെങ്കിലും നിങ്ങള്‍ക്കാവുമോ എന്ന ലളിതമായ ഒരു ചോദ്യമേ നിങ്ങള്‍ക്ക് മുന്നിലുള്ളൂ. നിങ്ങളുടെ ന്യൂസ് നൈറ്റ് ചര്‍ച്ചകളില്‍ അഥിതികളുടെ കസേരകളില്‍ ആ ഇരിപ്പിടത്തില്‍ ഇരുന്നു സംസാരിക്കാന്‍ അര്‍ഹരായവരെ ആണോ നിങ്ങള്‍ കണ്ടെത്തി പ്ലെയിസ് ചെയ്യുന്നത് എന്ന് നിങ്ങള്‍ തന്നെ ആലോചിക്കേണ്ടതുണ്ട്. നിങ്ങളുടെ ന്യൂസ് റൂമിന്റെ നിലവാരം നിങ്ങള്‍ക്ക് തന്നെ നിശ്ചയിക്കാം.. അത് നന്നായി നിശ്ചയിച്ചാല്‍ മാധ്യമ ധര്‍മം എന്ന് നിങ്ങള്‍ക്ക് നട്ടെല്ല് നിവര്‍ത്തി തന്നെ പറയാം.. അല്ലെങ്കില്‍ റിമോട്ടുകള്‍ ഞങ്ങളുടെ കയ്യിലുണ്ട്. നിങ്ങളുടെ അതിഥികളുടെ നിലവാരമില്ലായ്മയും വര്‍ഗ്ഗീയ വിഷം വമിപ്പിക്കലും വിഡ്ഢിത്തം പറച്ചിലും അട്ടഹാസങ്ങളും കേള്‍ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല എന്ന് ഓര്‍മിപ്പിച്ചു കൊള്ളട്ടെ..ഞങ്ങളുടെ തലച്ചോറില്‍ ഇരുട്ട് നിറയ്ക്കാനും ഞങ്ങളുടെ മനസ്സില്‍ മാനവികത ഇല്ലാതാക്കാനും ഞങ്ങള്‍ക്ക് സൗകര്യമില്ല.
First published: January 3, 2019, 8:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories