• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

ആള് കാലിയാകാന്‍ നാരങ്ങയും ചെമ്മീനും; സോഷ്യല്‍ മീഡിയയില്‍ വിരുദ്ധാഹാരവിശേഷം തകൃതി

news18
Updated: May 17, 2018, 4:10 PM IST
ആള് കാലിയാകാന്‍ നാരങ്ങയും ചെമ്മീനും; സോഷ്യല്‍ മീഡിയയില്‍ വിരുദ്ധാഹാരവിശേഷം തകൃതി
news18
Updated: May 17, 2018, 4:10 PM IST
സോഷ്യല്‍ മീഡിയയില്‍ പലസമയത്തും പല പ്രചരണങ്ങളും വരാറുണ്ട്. മിക്കവയും പൊള്ളയായ കാര്യങ്ങളുമാകും. എന്തും ഏതും പ്രചരിപ്പിക്കാവുന്ന ഇക്കാലത്ത് നാരങ്ങയും കൊഞ്ചും ഒരുമിച്ചു കഴിച്ചാല്‍ മരണം സംഭവിക്കുമെന്ന കാര്യം പ്രചരിക്കുന്നതിലും ആര്‍ക്കും അത്ഭുതം വേണ്ട്.

കഴിഞ്ഞ മാസം കൊച്ചിയില്‍ പെണ്‍കുട്ടി മരിച്ചത് ലൈം ജ്യൂസും ചെമ്മീന്‍ ബിരിയാണിയും കഴിച്ചതിനെ തുടര്‍ന്നാണെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. പിന്നാലെ ഒരു പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചത് ചെമ്മീന്‍
കഴിച്ചതിന്റെ അലര്‍ജിമൂലമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍കണ്ടെത്തിയതായും വാര്‍ത്തകള്‍ വന്നിരുന്നു.
Loading...
സമാനമായ സംഭവം തിരുവല്ലയിലും ആവര്‍ത്തിച്ചിരുന്നു. ഇരുപത്തിമൂന്നുകാരിയായ വീട്ടമ്മയാണ് മരിച്ചത്. വിഷപദാര്‍ഥങ്ങള്‍ ഒന്നും ഉള്ളില്‍ചെന്നിട്ടില്ലെന്നായിരുന്നു പ്രഥമിക നിഗമനം. എന്നാല്‍ നാരങ്ങയും കൊഞ്ചും ഒരുമിച്ച് ആമാശയത്തില്‍ചെന്നാല്‍ ഇത് ചിലരില്‍ മാരക വിഷമായി മാറിയേക്കാം എന്നും ഇതാണ് മരണ കാരണമെന്നും പ്രചാരണം ഉണ്ടായി.

നാരങ്ങയും കൊഞ്ചും ഒരുമിച്ച് കഴിച്ചാല്‍ മരണം സംഭവിക്കുമെന്ന് പ്രചാരണത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കി ഇതിനോടകം തന്നെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്‍ഫോ ക്ലിനിക്ക് അംഗമായ ഡോ. ഷിംന അസീസ്.

സോഷ്യല്‍ മീഡിയ ഇപ്പോള്‍ ബേപ്പൂര്‍ മീന്‍ മാര്‍ക്കറ്റിന്റെ ഒരു കഷ്ണം എടുത്തുവെച്ചത് പോലെയാണ്. ആകെയുള്ളൊരു വ്യത്യാസം ഈ മാര്‍ക്കറ്റില്‍ ചെമ്മീന്‍ മാത്രമേയുള്ളൂ എന്നതാണ്. കൂടെ ഒരു മേമ്പൊടിക്ക് കുറച്ചു നാരങ്ങ നീരും. വാട്ട്സ്സപ്പും ഫെയിസ്ബുക്കും മാത്രമല്ല മീന്‍ വില്‍ക്കാന്‍ വരുന്ന ചേട്ടനും സ്‌നേഹപൂര്‍വ്വം ചെമ്മീന്റെ കൂടെ ചെറുനാരങ്ങ കൂട്ടരുത് എന്ന് സുരക്ഷാനിര്‍ദേശം നല്‍കി തുടങ്ങിയിരിക്കുന്നു. ഹര്‍ത്താല്‍ ഉണ്ടാക്കാന്‍ മാത്രമല്ല, രുചിയുള്ള ഭക്ഷണം മുടക്കാനും നാളെ ചിലപ്പോള്‍ മുഴുപ്പട്ടിണി ആക്കാനും ഈ മാധ്യമത്തിന് സാധിക്കുമെന്നതില്‍ സംശയമില്ല. സകലകലാവല്ലഭത്വം പ്രദര്‍ശിപ്പിക്കുന്ന മഹദ്‌സംരംഭമാകുന്നു സോഷ്യല്‍ മീഡിയ !

ഈയിടെയായി നമ്മള്‍ ആവര്‍ത്തിച്ച് കേട്ട് വരുന്നതാണ് ഈ വിരുദ്ധാഹാരവിശേഷം. ചെമ്മീനും നാരങ്ങനീരും ഒന്നിച്ചു വയറിനകത്ത് ചെന്നാല്‍ ആര്‍സനിക് ആയി മാറുമത്രേ. ആര്‍സനിക് കൊടിയ വിഷമാണ്. എലിവിഷം ഉള്‍പ്പെടെ ഉള്ളവയില്‍ ചേര്‍ക്കുന്ന വസ്തുവാണിത്. പ്രകൃതിയില്‍ ആര്‍സനിക് ഉണ്ടെന്നതിനാല്‍ സ്വാഭാവികമായും ചെമ്മീനിലും ഇതിന്റെ രാസസംയുക്തങ്ങള്‍ വളരെ ചെറിയ അളവില്‍ ഉണ്ട്. ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ഈ ആര്‍സനിക്കിനെ സ്വതന്ത്യമാക്കി നമ്മളെ കാലപുരിക്ക് പറഞ്ഞു വിടുമെന്നാണ് വാട്ട്സപ് യൂണിവേര്‍സിറ്റി പഠിപ്പിക്കുന്നത്.

അപ്പോള്‍ ഇത്രയും കാലം കഴിച്ച ചെമ്മീന്‍ ബിരിയാണി? അതിലൊഴിച്ച നാരങ്ങനീര്? ഇത്രയും കാലം ചെമ്മീന്‍ വറുക്കുന്നതിന് മുന്‍പ് പുരട്ടിയ നാരങ്ങനീര് അടങ്ങിയ മസാല? ചെമ്മീന്‍ റോസ്റ്റും പത്തിരിയും കഴിച്ചപ്പോള്‍ കൂടെ കുടിച്ച ലൈം ജ്യൂസ്? എന്നിട്ടും മരിച്ചില്ലല്ലോ, മരണത്തിനു പോലും എന്നെ വേണ്ടാതായോ എന്ന് ഗദ്ഗദം തുളുമ്പാന്‍ വരട്ടെ. എന്താണ് ഈ ചെമ്മീന്‍ മരണങ്ങളുടെ വസ്തുത?

തികച്ചും അടിസ്ഥാനരഹിതമായ പ്രചരണമാണ് ഇത്. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞത് പോലെ, ചെമ്മീനോട് പണ്ട് മുതലേ അലര്‍ജിയുള്ള വ്യക്തി അത് കഴിച്ചപ്പോള്‍, കൂട്ടത്തില്‍ ഒന്നുമറിയാതെ അകത്ത് ചെന്ന നാരങ്ങാനീര് കൂട്ടുപ്രതിയായി എന്നേ പറയാനുള്ളൂ. ഈ അവസരങ്ങളില്‍ എല്ലാം തന്നെ, ചെമ്മീനോടുള്ള അമിതപ്രതികരണം മാത്രമാണ് രോഗിയുടെ മരണകാരണം. അല്ലാതെ, ചെമ്മീനും നാരങ്ങാനീരും ഒന്നിച്ചു കഴിച്ചതല്ല. ആ കോമ്പിനേഷനെ ഒരിക്കലും പേടിക്കേണ്ടതുമില്ല.

അലര്‍ജി പല വിധമുണ്ട്. പൊടിയോട് അലര്‍ജിയുള്ള ആള്‍ തുമ്മുന്നത് ശ്രദ്ധിച്ചു കാണുമല്ലോ. അത് പോലെ, തേനീച്ച ആക്രമിച്ച ആള്‍ ശ്വാസം മുട്ടി മരിച്ചു എന്ന് വായിച്ചപ്പോള്‍ തേനീച്ച അണ്ണാക്കില്‍ കുത്തി എന്നാണോ മനസ്സിലാക്കിയത്? ഒരിക്കലുമല്ല. തേനീച്ചയുടെ കുത്തിനോട് ശരീരം അമിതമായി പ്രതികരിക്കുന്നത് കൊണ്ട് ശ്വാസതടസം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയാണ് ചെയ്യുന്നത്. ഇത് രണ്ടും തന്നെ അലര്‍ജിയുടെ രണ്ട് മുഖങ്ങളാണ്.

ആദ്യത്തേത് തുമ്മലില്‍ ഒതുങ്ങിയെങ്കില്‍, രണ്ടാമത്തേത് ആനഫൈലാക്‌സിസ് എന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു എന്നതാണ് വ്യത്യാസം. ആനഫൈലാക്‌സിസ് ഒരിനം കൂടിയ അലര്‍ജിയാണ്. സാധാരണ വ്യക്തിയില്‍ ചൊറിച്ചിലോ തുമ്മലോ നീര് വെക്കലോ ആയി ഒതുങ്ങുന്ന സംഗതിയാണ് അലര്‍ജി. അതേ സമയം, ആനഫൈലാക്‌സിസ് സംഭവിക്കുമ്പോള്‍ ജീവാപായം വരുത്തുന്ന രീതിയില്‍ ശ്വാസത്തിന്റെ പാത ചുരുങ്ങുക, രക്തസമ്മര്‍ദം അപകടകരമാം വിധം താഴുക, മിടിപ്പ് കുറയുക, കടുത്ത ഓക്കാനവും ഛര്‍ദ്ദിയും വരിക തുടങ്ങി നിമിഷങ്ങള്‍ മുതല്‍ മിനിറ്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വഷളാകും. ശരീരം ഇത്തരത്തില്‍ അമിതമായി പ്രതികരിക്കുന്നത് അത്ര അസാധാരണമല്ല.

അലര്‍ജിയും ആസ്ത്മയും ഉള്ളവര്‍ക്ക് ഇതിനുള്ള സാധ്യത കൂടുതലുണ്ട്. മുന്‍പ് ഇത്തരത്തില്‍ ഉണ്ടായിട്ടുള്ളവര്‍ക്ക് ഇത് ആവര്‍ത്തിക്കും. ഉദാഹരണത്തിനു മുന്‍പ് ചെമ്മീന്‍ കഴിച്ച ദിവസം അലര്‍ജി ഉണ്ടായിട്ടുള്ള ആള്‍ക്ക് അത് ആവര്‍ത്തിക്കും. അശ്രദ്ധയോടെ വീണ്ടും 'ഒന്ന് കഴിച്ചു നോക്കിയാലോ' എന്ന് ചിന്തിച്ചാല്‍ അത് ആനഫൈലാക്‌സിസിലും തുടര്‍ന്ന് മരണത്തില്‍ കലാശിച്ചേക്കാം. മാത്രമല്ല, മുന്‍പ് ഇത് പോലെ ഉണ്ടായിട്ടില്ല എന്നത് കൊണ്ട് മാത്രം ഒരിക്കലും ഇതുണ്ടാകില്ല എന്ന് ഉറപ്പു പറയാന്‍ സാധിക്കില്ല. അത് കൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ എപ്പോള്‍ കണ്ടാലും ഉടന്‍ ചികിത്സ തേടാന്‍ ഉപേക്ഷ വിചാരിക്കരുത്.

ഉറുമ്പ്, കടന്നല്‍, തേനീച്ച തുടങ്ങിയ പ്രാണികളുടെ ആക്രമണം, നിലക്കടല പോലുള്ള ഭക്ഷ്യവസ്തുക്കള്‍, ചില മരുന്നുകള്‍, തോടുള്ളതും ഇല്ലാത്തതുമായ മത്സ്യങ്ങള്‍ എന്തിന് പാല് പോലും ചിലരില്‍ ആനഫൈലാക്‌സിസ് ഉണ്ടാക്കാം. ഇതെങ്ങനെ തടയാം, ജീവന്‍ രക്ഷിക്കാന്‍ എന്താണ് മാര്‍ഗം എന്ന് തുടങ്ങിയ കാര്യങ്ങള്‍ അറിയേണ്ടത് ഈ വേളയില്‍ വളരെ പ്രസക്തമാണ്.

ഒരിക്കല്‍ ഒരു അലര്‍ജി ഉണ്ടായിട്ടുണ്ടെങ്കില്‍, അത് ഏതു വസ്തുവിനോടാണ് എന്ന് കൃത്യമായി അറിയാമെങ്കില്‍, ദയവായി അത് ഓര്‍ത്തു വെക്കുകയും ആ വസ്തുവുമായി സമ്പര്‍ക്കം ഉണ്ടാകാതെ സൂക്ഷിക്കുകയുമാണ് ഏറ്റവും പ്രധാനമായ കാര്യം. എന്നാല്‍ എത്ര സൂക്ഷിച്ചാലും അപ്രതീക്ഷിതമായി ഇത്തരം വസ്തുക്കളുമായി സമ്പര്‍ക്കം ഉണ്ടാവാം. അങ്ങനെ സംഭവിച്ചാല്‍ എത്രയും പെട്ടെന്ന് തന്നെ വൈദ്യസഹായം തേടുക. സ്ഥിരമായി അലര്‍ജി ഉണ്ടാകാറുള്ള ആളാണെങ്കില്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണം. എന്തൊക്കെ വസ്തുക്കളാണ് അലര്‍ജി ഉണ്ടാക്കുന്നത് എന്നറിയാമെങ്കില്‍ അത് വീട്ടുകാരെയും സുഹൃത്തുക്കളെയുമെല്ലാം അറിയിച്ചാല്‍ അവര്‍ക്കും ഇക്കാര്യം സൂക്ഷിക്കാം. പെട്ടെന്ന് ഇത്തരം ബുദ്ധിമുട്ട് ഉണ്ടായാല്‍ രോഗിക്കോ കൂടെയുള്ളവര്‍ക്കോ മരുന്ന് കുത്തി വെക്കാന്‍ പാകത്തില്‍ വിദേശങ്ങളില്‍ ലഭ്യമായ എപിപെന്‍ എന്ന എപിനെഫ്രിന്‍ മരുന്ന് നിറച്ച ഉപകരണം നമ്മുടെ നാട്ടില്‍ അത്ര ജനകീയമല്ല, അതുകൊണ്ട് തന്നെ സദാ പുലര്‍ത്തുന്ന സൂക്ഷ്മത തന്നെയാണ് ഇവിടെ ഏറ്റവും പ്രായോഗികം.

ആനഫൈലാക്‌സിസ് എന്ന അവസ്ഥയില്‍ എത്തിപ്പെടുന്ന രോഗിയെ മടിച്ചു നില്‍ക്കാതെ ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗം. ഉടന്‍ തന്നെ വേണ്ട ചികിത്സ നല്‍കിയാല്‍ അപകടനില തരണം ചെയ്യും. ഭീതിജനകമായ അവസ്ഥയാണ് എന്നത് അംഗീകരിക്കുന്നു. പക്ഷെ, യാതൊരു അടിസ്ഥാനവുമില്ലാത്ത അശാസ്ത്രീയതത്വങ്ങള്‍ അതിന്റെ പേരില്‍ അടിച്ചിറക്കുന്നത് കൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയേ ഉള്ളൂ.

കൂട്ടത്തില്‍ ഒന്ന് കൂടി കൂട്ടി ചേര്‍ക്കട്ടെ, എന്തിനാണ് നമ്മള്‍ ഏതു വിധത്തില്‍ മരിച്ച വ്യക്തിയായാലും അയാളുടെയും കുടുംബത്തിന്റെയും ഫോട്ടോ ഒരു തരത്തിലുള്ള അനുവാദവും നേടാതെ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത്? അപ്രതീക്ഷിതമായി കുടുംബാംഗത്തെ നഷ്ടപ്പെട്ടു പോയവരോട് അത് മനസ്സിലാക്കിയാണ് പെരുമാറേണ്ടത്. അല്ലാതെ, കാണുന്നവര്‍ മുഴുവന്‍ 'നിങ്ങളുടെ ഭാര്യ മരിക്കുന്നതിനു മുന്‍പ് ചെമ്മീന്റെ കൂടെ ലൈം കുടിച്ചോ?' പോലെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു മടുക്കേണ്ട ഗതിയിലേക്ക് മരണപ്പെട്ടവരുടെ പ്രിയപ്പെട്ടവരെ വലിച്ചെറിഞ്ഞു കൊടുക്കരുത്. മരണം അര്‍ഹിക്കുന്ന സ്വകാര്യതയും മരണപ്പെട്ടവരോടുള്ള സാമാന്യമര്യാദയും അവരുടെ ഓര്‍മ്മകളില്‍ നീറുന്നവരോടുള്ള ദയയും ഈ സോഷ്യല്‍ മീഡിയ കാലഘട്ടം മറന്നു പോകുന്നുവെന്ന് നിസ്സംശയം പറയാം.

ശാസ്ത്രവും മനുഷ്യത്വവും കാറ്റില്‍ പറന്നാലെന്താ, പോസ്റ്റ് വൈറലായാല്‍ മതിയല്ലോ എന്നാണല്ലോ ആധുനികതത്വം.
First published: May 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍