• HOME
 • »
 • NEWS
 • »
 • kerala
 • »
 • DR V SIVADASAN SEEKS HELP FOR CHILDREN FACING DIGITAL CLASS CRISIS

ആരും 'പരിധിക്ക് പുറത്ത്' ആകരുത്; ഡിജിറ്റൽ ക്ലാസ് പ്രതിസന്ധി നേരിടുന്ന കുട്ടികൾക്കായി സഹായം തേടി ഡോ. ശിവദാസൻ എംപി

ഡിജിറ്റൽ ഡിവൈഡ് എന്നത് ഒരു യാഥാർത്ഥ്യമാണെന്നും സാമൂഹികമായി പിന്നോക്കം നിൽകുന്ന വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളായിരിക്കും അതിന്റെ വലിയ ഇരകളെന്നും എംപി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Dr. V Sivadasan

Dr. V Sivadasan

 • Share this:
  കോവിഡ് കാലത്ത് ഡിജിറ്റൽ ക്ലാസുകൾ സാധാരണമായതോടെ പല വിദ്യാർത്ഥികളുടേയും പഠനവും ആശങ്കയിലായിട്ടുണ്ട്. ഡിജിറ്റൽ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കു വേണ്ടി പഠനസാമഗ്രികൾ എത്തിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഡോ. ശിവദാസൻ എംപി.

  ഡിജിറ്റൽ ഡിവൈഡ് എന്നത് ഒരു യാഥാർത്ഥ്യമാണെന്നും സാമൂഹികമായി പിന്നോക്കം നിൽകുന്ന വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളായിരിക്കും അതിന്റെ വലിയ ഇരകളെന്നും എംപി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

  സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ആദിവാസി സാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നായ കണ്ണൂർ ജില്ലയിലെ പേരാവൂർ, ഇരിട്ടി മേഖലകളിൽ പെടുന്ന പ്രദേശങ്ങൾ, ആദിവാസി വിഭാഗങ്ങളിൽ തന്നെ ഏറ്റവും പിന്നോക്കാവസ്ഥ നേരിടുന്ന പണിയ സമുദായത്തിലുള്ളവർ വ്യാപകമായി വസിക്കുന്ന ഇടങ്ങളാണ് ആറളം, മുഴക്കുന്ന്, പേരാവൂർ, കേളകം, കൊട്ടിയൂർ, പായം, അയ്യങ്കുന്ന് പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും. സാമൂഹികവും സാമ്പത്തികവുമായ സൂചികകളിൽ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശങ്ങളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തെ കുറിച്ചാണ് എംപി പറയുന്നത്.

  You may also like:പാൽ വാങ്ങി തിരിച്ചെത്തിയപ്പോൾ കാണുന്നത് കോൺക്രീറ്റ് കൂനയായി മാറിയ വീട്; മുഹമ്മദ് റാഫിക്ക് നഷ്ടമായത് കുടുംബത്തിലെ 9 പേരെ

  പ്രയാസമനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിനായി ആദ്യ ഘട്ടമെന്ന നിലയിൽ സ്മാർട്ട് ഫോണുകൾ/ടാബുകൾ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള ശ്രമത്തിൽ എല്ലാവരും കൈകോർക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുന്നു.

  ഈ ഉദ്യമത്തിന്റെ ഭാഗമാകാൻ സന്മനസ്സുള്ളവർക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് കൂടി എത്തിക്കണമെന്ന് അപേക്ഷിക്കുന്നു.
  കെ. സുധാകരൻ (പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്) - +919497484555
  ശ്രീലത (ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ) - +919946614902
  വി. ശിവദാസൻ എം പി ഓഫീസ് - 04972705090
  ഷംജിത്ത് കെ വി ( എം പി ഓഫീസ് സെക്രട്ടറി)- +919567041066
  Email- drvsivadasan.mpoffice@gmail.com
  NetWork എന്നാണ് ഈ ഉദ്യമത്തിന്റെ പേര്. സമൂഹത്തിലെ പൊട്ടാത്ത ചങ്ങലക്കണ്ണികൾ പോലെ നമുക്ക് പ്രവർത്തിക്കാം. ആരും പരിധിക്ക് പുറത്താകരുത്.

  ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

  NetWork
  ആരും പരിധിക്കപ്പുറത്തല്ല
  ഇതൊരഭ്യർഥനയാണ്,
  മഹാമാരിയുടെ കാലത്ത് ഒരു ജീവിതത്തിലും ഇരുൾ പടരാതിരിക്കാനുള്ള ഒന്ന്.
  സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ആദിവാസി സാന്ദ്രതയുള്ള സ്ഥലങ്ങളിലൊന്നാണ് കണ്ണൂർ ജില്ലയിലെ പേരാവൂർ, ഇരിട്ടി മേഖലകളിൽ പെടുന്ന പ്രദേശങ്ങൾ. ആദിവാസി വിഭാഗങ്ങളിൽ തന്നെ ഏറ്റവും പിന്നോക്കാവസ്ഥ നേരിടുന്ന പണിയ സമുദായത്തിലുള്ളവർ വ്യാപകമായി വസിക്കുന്ന ഇടങ്ങളാണ് ആറളം, മുഴക്കുന്ന്, പേരാവൂർ, കേളകം, കൊട്ടിയൂർ, പായം, അയ്യങ്കുന്ന് പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും. സാമൂഹികവും സാമ്പത്തികവുമായ സൂചികകളിൽ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശങ്ങളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ പഠന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.
  മഹാമാരിയെ തുടർന്ന് സ്കൂൾ വിദ്യാഭ്യാസം പാടേ അസാധ്യമായതോടെ താൽക്കാലികമായെങ്കിലും പഠനപ്രവർത്തനങ്ങൾക്കായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാൻ നമ്മൾ നിർബന്ധിതരായിരിക്കുകയാണ്.

  ഡിജിറ്റൽ ഡിവൈഡ് ഒരു യാഥാർത്ഥ്യമാണ്. സാമൂഹികമായി പിന്നോക്കം നിൽകുന്ന വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളായിരിക്കും അതിൻ്റെ വലിയ ഇരകൾ. ഇതെങ്ങനെയെല്ലാം മറികടക്കാം എന്നും മുഴുവൻ കുട്ടികൾക്കും പഠന പ്രക്രിയയിൽ പങ്കെടുക്കാൻ സാധിക്കും വിധം എന്തെല്ലാം സൗകര്യങ്ങൾ ഒരുക്കാമെന്നുമാണ് നമ്മുടെ നാട് ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
  വിദ്യാഭ്യാസത്തെ വ്യക്തിപരമായ ഉത്തരവാദിത്തമാക്കി ചുരുക്കുന്നു എന്നതാണ് ഡിജിറ്റൽ വിദ്യാഭ്യാസത്തിൻ്റെ അപകടങ്ങളിലൊന്ന്. സമൂഹത്തിനും ഭരണകൂടത്തിനും അതിൽ ചുമതലകളുണ്ടാകില്ല. പഠനമുറികൾ ഒരുക്കിയും ഉച്ചഭക്ഷണ കിറ്റുകൾ വിതരണം ചെയ്തും പാഠപുസ്തകങ്ങൾ സൗജന്യമായി നൽകിയുമൊക്കെ കേരള സർക്കാർ ഈ വിടവ് നികത്താനാണ് ശ്രമിക്കുന്നത്. അതായത് മഹാമാരിയുടെ കാലത്തും വിദ്യാഭ്യാസം സാമൂഹിക ഉത്തരവാദിത്തമാണെന്ന് അടിവരയിടാൻ.
  മേൽ സൂചിപ്പിച്ച പഞ്ചായത്തുകളും നഗരസഭയും ഉൾപ്പെടുന്ന പ്രദേശത്തെ പിന്നോക്ക മേഖലയായി പരിഗണിച്ച് അവിടത്തെ പ്രയാസമനുഭവിക്കുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമാകുന്നതിനായി ആദ്യ ഘട്ടമെന്ന നിലയിൽ സ്മാർട്ട് ഫോണുകൾ/ടാബുകൾ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സ്മാർട്ട് ഫോണോ ടാബോ ഇല്ലാത്തതിനാലോ കേടുവന്നതിനാലോ ഒക്കെ ക്ലാസുകൾ ആവർത്തിച്ച് കാണാൻ സൗകര്യമില്ലാത്ത കുട്ടികളുടെ പ്രയാസം കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ വിളിച്ചറിയിച്ചിരുന്നു. ഒപ്പം ടിവി പ്രവർത്തനക്ഷമമല്ലാത്തതിനാൽ ക്ലാസുകൾ കാണാൻ സാധിക്കാത്ത കുട്ടികളുമുണ്ട്. നേരത്തേ സൂചിപ്പിച്ച സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥ നേരിടുന്ന കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ഈ പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം താരതമ്യേന കൂടുതലാണ്. നമുക്കത് പരിഹരിക്കേണ്ടതുണ്ട്.
  ഒരു കുഞ്ഞും ഒറ്റപ്പെട്ടു പോകരുത്. പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതിനാൽ ഒരു കണ്ണും നിറയരുത്. ഒരു ബാല്യവും പഠന വഴിയിൽ നിന്നും തെറ്റിപ്പോകരുത്. ഇങ്ങനെയെല്ലാം സംഭവിക്കുമ്പോൾ തോറ്റു പോകുന്നത് ഒരു സമൂഹമെന്ന നിലയിൽ നമ്മൾ കൂടിയാണ്.
  ഈ ആദിവാസി - പിന്നോക്ക പ്രദേശങ്ങളിലെ മുഴുവൻ കുട്ടികൾക്കും ടാബ്/സ്മാർട്ട് ഫോൺ/ടെലിവിഷൻ എത്തിക്കാനുള്ള ശ്രമത്തിൽ കൈകോർക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ആൻഡ്രോയിഡ് അല്ലാത്ത സാധാരണ ഫോണുകളും നൽകാവുന്നതാണ്. ചില വീടുകളിലും ഒരു സ്മാർട്ട് ഫോൺ ഉണ്ടാകും. എന്നാൽ രക്ഷിതാക്കൾ പണിയിടങ്ങളിലേക്ക് പോകുമ്പോൾ അത് കൈവശം വെക്കുന്നതിനാൽ തന്നെ കുട്ടികൾക്ക് പഠനാവശ്യങ്ങൾക്ക് അവ ലഭ്യമാകാത്ത സാഹചര്യമുണ്ട്. രക്ഷിതാക്കൾക്ക് ഉപയോഗിക്കാൻ ഒരു ഫോൺ ലഭിക്കുന്ന പക്ഷം ഈ പ്രശ്നം പരിഹരിക്കാനാകും.
  ആർക്കെങ്കിലും അവർ ഏൽപ്പിക്കുന്ന ഫോണോ ടാബോ ടെലിവിഷനോ പ്രത്യേകമായി ഏതെങ്കിലും വിദ്യാർഥികൾക്കോ, പഞ്ചായത്തിലോ എത്തിക്കണമെങ്കിൽ അതിനുള്ള സൗകര്യവും ഏർപ്പെടുത്തുന്നതാണ്.
  ഈ ഉദ്യമത്തിൻ്റെ ഭാഗമാകാൻ സന്മനസ്സുള്ളവർക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് കൂടി എത്തിക്കണമെന്ന് അപേക്ഷിക്കുന്നു.
  കെ. സുധാകരൻ (പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്) - +919497484555
  ശ്രീലത (ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ) - +919946614902
  വി. ശിവദാസൻ എം പി ഓഫീസ് - 04972705090
  ഷംജിത്ത് കെ വി ( എം പി ഓഫീസ് സെക്രട്ടറി)- +919567041066
  Email- drvsivadasan.mpoffice@gmail.com
  NetWork എന്നാണ് ഈ ഉദ്യമത്തിൻ്റെ പേര്. സമൂഹത്തിലെ പൊട്ടാത്ത ചങ്ങലക്കണ്ണികൾ പോലെ നമുക്ക് പ്രവർത്തിക്കാം. ആരും പരിധിക്ക് പുറത്താകരുത്.
  വി. ശിവദാസൻ
  Published by:Naseeba TC
  First published:
  )}