തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ച് അക്രമിയുടെ കുത്തേറ്റ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ. ആക്രമണം നടന്നയുടൻ ഡോ.വന്ദനയ്ക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ല. മണിക്കൂറുകൾ എടുത്താണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വന്ദനയ്ക്കെതിരെയുള്ള ആക്രമണം ചെറുക്കാൻ പോലീസിന് കഴിഞ്ഞില്ല. 60 വയസ് പ്രായമായ ഒരാളെ സെക്യൂരിറ്റിയായി നിയമിക്കുന്നത് എന്തിനാണെന്നും രേഖ ശർമ്മ ചോദിച്ചു.
വന്ദനയുടെ കാര്യത്തിൽ ഡോക്ടർമാരുടെ ഭാഗത്തു നിന്നും വീഴ്ചകൾ കാണുന്നുണ്ട്. വന്ദന കേസിലെ പ്രതിയെ ഹാജരാക്കുന്ന സമയത്ത് ഉള്ള പൊലീസ് ഉദ്യോഗസ്ഥർ ശാരീരിക ക്ഷമതയില്ലാത്തവരായിരുന്നു. വന്ദനയുടെ കുടുംബത്തിന് പൊലീസ് അന്വേഷണത്തിൽ ആശങ്കയുണ്ട്. വന്ദനയുടെ മാതാപിതാകൾക്ക് പരാതിയുണ്ടെന്നും രേഖ ശർമ്മ പറഞ്ഞു.
വന്ദനയുടെ മരണത്തിൽ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതായി വനിതാകമ്മീഷൻ അധ്യക്ഷ പറഞ്ഞു. വന്ദനയുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്നത് തെറ്റായ വാർത്തയാണ്. വന്ദന കേസ് അന്വേഷണം സംബന്ധിച്ച് ഡിജിപിയുമായി കൂടികാഴ്ച്ച നടത്തുമെന്നും രേഖ ശർമ്മ പറഞ്ഞു.
വന്ദനയെ രക്ഷിക്കാൻ ഒരുശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ലെന്ന് രേഖ ശർമ്മ കുറ്റപ്പെടുത്തി. പരുക്കേറ്റ അക്രമിയെ നാലു പേർക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ല. വന്ദന രക്ഷപ്പെടുത്തണമെന്ന് അഭ്യർഥിച്ചിട്ടും ആരും സഹായിച്ചില്ല. ആക്രമിക്കപ്പെട്ട ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും വന്ദനയ്ക്ക് നൽകിയില്ല. ഇത്രയധികം ദൂരം വന്ദനയ്ക്ക് ചികിത്സ നൽകാതെ കൊണ്ടുപോയത് ആരുടെ തീരുമാനമായിരുന്നുവെന്നും അവർ ചോദിച്ചു.
ഡോ.വന്ദനയുടെ കടുത്തുരുത്തിയിലെ വീട്ടിൽ രേഖ ശർമ സന്ദർശനം നടത്തിയിരുന്നു. വന്ദനയുടെ പിതാവ് കെ. ജി. മോഹൻദാസ്, അമ്മ വസന്തകുമാരി എന്നിവരുമായി അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctor murder