HOME /NEWS /Kerala / ഡയസിൽ കയറി പ്രതിഷേധം; നാല് എംഎല്‍എമാര്‍ക്കെതിരേ നടപടിയുണ്ടായേക്കും

ഡയസിൽ കയറി പ്രതിഷേധം; നാല് എംഎല്‍എമാര്‍ക്കെതിരേ നടപടിയുണ്ടായേക്കും

oppostion protest

oppostion protest

ഡയസില്‍ കയറിയ നാല് എംഎല്‍എമാര്‍ക്കെതിരേ നടപടി വേണ്ടിവരുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

  • Share this:

    തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എയ്‌ക്കെതിരേയുള്ള പൊലീസ് നടപടിയിലുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭയില്‍ നടന്നത് നാടകീയരംഗങ്ങള്‍. പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം സ്പീക്കറുടെ ഡയസിലേക്കു വരെ നീണ്ടു. ഒരു മണിക്കൂറോളം നിര്‍ത്തിവച്ച സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ഇന്നത്തേക്കു പിരിയുകയായിരുന്നു. ഡയസില്‍ കയറിയ നാല് എംഎല്‍എമാര്‍ക്കെതിരേ നടപടി വേണ്ടിവരുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

    ഇന്നു സഭയില്‍ നടന്നത്

    ചോദ്യോത്തര വേളയുടെ തുടക്കം മുതല്‍ പ്രതിപക്ഷം നിയസഭയില്‍ പ്രതിഷേധമുയര്‍ത്തി. ഷാഫിയുടെ ചോര പുരണ്ട വസ്ത്രങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ചോദ്യോത്തര വേള റദ്ദ് ചെയ്ത് എംഎല്‍എയ്‌ക്കെതിരായ അക്രമം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അടിയന്തര പ്രമേയ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അപ്പോള്‍ വിഷയം ഉന്നയിക്കാമെന്നും സ്പീക്കറുടെ മറുപടി. പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും സ്പീക്കര്‍ വഴങ്ങിയില്ല. ഇതോടെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ഏതാനും സമയത്തെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ പ്രതിപക്ഷം പിന്‍വാങ്ങി.

    അടിയന്തര പ്രമേയ നോട്ടീസ്

    വി.ടി ബൽറാമാണ് അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടിയത്. തലയ്ക്കു പരിക്കേറ്റ ഷാഫി പറമ്പിലിനെ ആശുപത്രിയില്‍ കൊണ്ടു പോകാതെ പൊലീസ് ക്യാംപിലേക്ക് കൊണ്ടുപോയത് മനുഷ്യത്വരഹിതമെന്ന് നോട്ടീസില്‍ പ്രതിപക്ഷം ആരോപിച്ചു. ശക്തമായ പൊലീസ് നടപടി ഉണ്ടാകേണ്ട സാഹചര്യമില്ലായിരുന്നു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തുടങ്ങിയപ്പോഴാണ് വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. എംഎല്‍എയെ അറിയാത്ത പൊലീസുണ്ടോയെന്നും ബൽറാം ചോദിച്ചു. ഷാഫിയെ തെരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഷാഫിയുടെ തല തല്ലിപ്പൊളിക്കാന്‍ എസിപി സുനീഷ് ബാബുവാണ് നിര്‍ദേശം നല്‍കിയത്. പൊലീസ് അസോസിയേഷന്‍ നേതാവ് പൃഥ്വിരാജും ഒപ്പമുണ്ടായിരുന്നു. ഈ ഉദ്യോഗസ്ഥരുടെ പശ്ചാത്തലം പരിശോധിക്കണം. ഒരു പൊലീസുകാരന്‍ ഷാഫിയുടെ കൈ കടിച്ചുമുറിച്ചു. അപരിഷ്‌കൃത പൊലീസാണ് കേരളത്തിലുള്ളത്. ഇത് പൊലീസ് സേനയോ വാനര സേനയോയെന്ന സംശയവും വി.ടി ബലറാം ഉന്നയിച്ചു.

    നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍

    മുഖ്യമന്ത്രിക്കു വേണ്ടി മറുപടി പറഞ്ഞ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പൊലീസിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. കെഎസ് യുക്കാര്‍ പൊലീസിനെ ആക്രമിക്കുകയും വാഹനം തടയുകയും ചെയ്തു. മര്‍ദ്ദനമേറ്റയുടന്‍ എംഎല്‍എയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പൊലീസ് ആംബുലന്‍സില്‍ കയറ്റി. വാഹനം നിര്‍ത്തിച്ച് ഷാഫി റോഡിലിറങ്ങി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയാണ് ചെയ്തത്. എ.ആര്‍ ക്യാംപില്‍ എത്തിയ ശേഷവും പൊലീസ് പലതവണ ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിച്ചിട്ടും ഷാഫി തയാറായില്ല. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും ലാത്തിച്ചാര്‍ജിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചു.

    പിന്നീട് സംസാരിച്ച പ്രതിപക്ഷനേതാവും രൂക്ഷമായ വിമര്‍ശനമാണ് പൊലീസിനെതിരേ ഉന്നയിച്ചത്. ക്രൂരമായാണ് കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത്. കുട്ടികളുടെ ശരീരത്തില്‍ മുഴുവന്‍ ലാത്തിയുടെ വലിയ പാടുകളാണുള്ളത്. എന്തിനാണ് ഷാഫിയേയും അഭിജിത്തിനേയും വളഞ്ഞിട്ടടിച്ചതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. നരേന്ദ്രമോദി ജെഎന്‍യുവില്‍ ചെയ്തത് പിണറായി കേരളത്തില്‍ ചെയ്യുകയാണെന്നും രണ്ടുപേരും ഒരേ തൂവല്‍ പക്ഷികളാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

    അതിരുകടന്ന് പ്രതിഷേധം

    ചെന്നിത്തലയുടെ പ്രസംഗത്തിനൊടുവിലായിരുന്നു സംഭയിലെ നാടകീയ രംഗങ്ങള്‍. പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലറങ്ങി. അന്‍വര്‍സാദത്ത്, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി, ഐ.സി.ബാലകൃഷ്ണന്‍ എന്നിവര്‍ സ്പീക്കറുടെ ഡയസിനടുത്തെത്തി മുദ്രാവാക്യം വിളിച്ചു. വി.പി.സജീന്ദ്രന്‍ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം തുടര്‍ന്നു. പ്രതിപക്ഷ അംഗങ്ങളുടെ അപ്രതീക്ഷിത നടപടിയില്‍ ഞെട്ടിയ സ്പീക്കര്‍ ചേംബറിലേക്കു മടങ്ങി. സഭാതലത്തില്‍ പോര്‍വിളിച്ച് ഭരണപ്രതിപക്ഷങ്ങള്‍ നിരന്നു. പിന്നീട് ഇരുപക്ഷങ്ങളുമായും സ്പീക്കറുടെ സമവായ ചര്‍ച്ച. ഏകദേശം ഒരു മണിക്കൂറിനു ശേഷം വീണ്ടും സഭ ചേര്‍ന്നു. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത ശേഷം മതി അന്വേഷണമെന്ന നിലപാട് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. അതിനു കഴിയില്ലെന്ന് മന്ത്രി ഇ.പി. ജയരാജനും പറഞ്ഞു. ഇതോടെ വീണ്ടും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭയില്‍ ഉണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമെന്നും നാല് അംഗങ്ങളുടേത് സാമാന്യ മര്യാദയ്ക്കു നിരക്കാത്ത പ്രവൃത്തിയെന്നും സ്പീക്കര്‍ നിരീക്ഷിച്ചു. അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന്‍, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ ബഹളം കനത്തതോടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്കും പിരിഞ്ഞു.

    മാണിയുടെ ബജറ്റും കസേര മറിച്ചിടലും

    ഇന്നത്തേതിനു സമാനമായ രംഗങ്ങള്‍ നേരത്തേയും കേരള നിയമസഭയില്‍ നടന്നിരുന്നു. യുഡിഎഫ് ഭരണകാലം. 2015 മാര്‍ച്ച് 15. കെ.എം.മാണിയുടെ പതിമൂന്നാം ബജറ്റ്. ബാര്‍ കോഴ ആരോപണ വിധേയനായ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്നു പ്രഖ്യാപിച്ച് പ്രതിപക്ഷം. സഭയ്ക്കു പുറത്തും ഉപരോധം തീര്‍ത്ത് ഇടതുമുന്നണി പ്രവര്‍ത്തകര്‍. തലേദിവസം തന്നെ സഭയിലെത്തി മാണി ബജറ്റ് അവതരിപ്പിച്ചു. ലഡു വിതരണം ചെയ്ത് ഭരണപക്ഷം ആഘോഷിക്കുകയും ചെയ്തു. ഇതിനിടയിലായിരുന്നു നിയമസഭയ്ക്കു കളങ്കം ഉണ്ടാക്കിയ പ്രതിപക്ഷ പ്രതിഷേധം. ഇന്നത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മന്ത്രി ഇ.പി. ജയരാജനും ഉള്‍പ്പെടെയുള്ള ഇടതുപക്ഷ എംഎല്‍എമാര്‍ വാച്ച് ആൻഡ് വാര്‍ഡിനെ തള്ളിമാറ്റി സ്പീക്കറുടെ ഡയസിലെത്തി. അതിനുശേഷം എംഎല്‍എമാര്‍ സ്പീക്കറുടെ കസേര മറിച്ചിട്ടു. മൈക്കും കംപ്യൂട്ടറും നശിപ്പിച്ചു. അഞ്ച് എംഎല്‍എമാര്‍ക്കെതിരേ സസ്‌പെന്‍ഷനിലും ക്രമിനല്‍ കേസിലുമാണ് അന്നത്തെ പ്രതിഷേധം അവസാനിച്ചത്. ഇന്ന് കാര്യങ്ങള്‍ അത്രത്തോളം എത്തിയില്ലെങ്കിലും എംഎല്‍എമാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന സൂചന സ്പീക്കര്‍ നല്‍കിയിട്ടുണ്ട്.

    First published:

    Tags: Kerala assembly, Opposition protest, Police action against shafi parambil, Udf