പാലക്കാട്: നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന വോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങൾ. ബിജെപി കൗൺസിലർ നടേശൻ സി പി എം അംഗത്തിന് വോട്ട് മാറി ചെയ്തതോടെ തിരുത്താനായി ബാലറ്റ് പേപ്പർ തിരിച്ചെടുത്തതാണ് ബഹളത്തിന് കാരണമായത്. ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റം രൂക്ഷമായതോടെ നടേശന്റെ വോട്ട് അസാധുവായി പ്രഖ്യാപിച്ചതിന് ശേഷമാണ് വോട്ടെടുപ്പ് തുടർന്നത്.
പാലക്കാട് നഗരസഭയിൽ ചെയർപേഴ്സനെ തിരഞ്ഞെടുക്കാനായി ആദ്യം ഓപ്പൺ വോട്ടാണ് നടന്നത്. മൂന്നാമത് വോട്ട് ചെയ്യാനെത്തിയ ബി ജെ പി കൗൺസിലർ വി. നടേശൻ, ബാലറ്റിലെ ഒന്നാം നമ്പറുകാരിയായ സി പി എം അംഗം ഉഷ എംവിയ്ക്കാക്കാണ് വോട്ട് രേഖപ്പെടുത്തിയത്. ഇക്കാര്യം മറ്റു ബിജെപി കൗൺസിലർമാർ ചൂണ്ടിക്കാണിച്ചതോടെ നടേശൻ ബാലറ്റ് തിരിച്ചെടുത്തു. ഇതിനെ പ്രതിപക്ഷം എതിർത്തതോടെ വോട്ടെടുപ്പ് ബഹളത്തിൽ മുങ്ങി.
നടേശന് വീണ്ടും വോട്ട് ചെയ്യാൻ പകരം ബാലറ്റ് അനുവദിക്കണം എന്ന് ബിജെപി കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ അംഗങ്ങളും വാദമുന്നയിച്ചു. നടേശൻ ബാലറ്റ് പേപ്പർ തിരിച്ചെടുത്തതോടെ വോട്ട് അസാധുവായതായി വരണാധികാരി അറിയിച്ചു. തുടർന്ന് രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടത്തിയത്.
നടേശന്റെ വോട്ട് അസാധുവായതോടെ ബിജെപി ചെയർപേഴ്സൺ സ്ഥാനാർത്ഥി പ്രിയയ്ക്ക് 27 വോട്ടായി ചുരുങ്ങി. പ്രിയയെ ചെയർപേഴ്സനായി തിരഞ്ഞെടുത്തു. കോൺഗ്രസ് വിമതൻ എഫ് ബി ബഷീർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. UDF ന് 16 വോട്ടും സിപിഎമ്മിന് 7 വോട്ടും ലഭിച്ചു
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.